ശിരോവസ്ത്ര വിവാദത്തിലെ പ്രിൻസിപ്പലിന് റോട്ടറി ക്ലബ്ബ് പുരസ്‌കാരം സമ്മാനിക്കുന്നത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്
ഈ വർഷത്തെ ഏറ്റവും മികച്ച പ്രിന്‍സിപ്പലിനുള്ള റോട്ടറി ഇന്റര്‍നാഷണല്‍ എക്സലന്‍സ് പുരസ്കാരമാണ് സിസ്റ്റർ ഹെലീനക്ക് നല്‍കുന്നത്

Photo-special arrangement
തിരുവനന്തപുരം: ശിരോവസ്ത്ര വിലക്കിനെ തുടർന്ന് വിവാദത്തിലായ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബിക്കുള്ള റോട്ടറി ക്ലബ്ബ് പുരസ്‌കാരം നൽകുന്നത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്.
തിരുവനന്തപുരം ബീച്ച് മുൻ മണ്ഡലം പ്രസിഡന്റ് ജെ.മോസസ് ജോസഫ് ഡിക്രൂസാണ് പുരസ്കാരം സമ്മാനിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച പ്രിന്‍സിപ്പലിനുള്ള റോട്ടറി ഇന്റര്‍നാഷണല്‍ എക്സലന്‍സ് പുരസ്കാരമാണ് സിസ്റ്റർ ഹെലീനക്ക് നല്‍കുന്നത്.
അതേസമയം പുരസ്‌കാരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. സമൂഹത്തിന് മാതൃകയാക്കേണ്ട പ്രവൃത്തിയാണോ പ്രിൻസിപ്പലിൽ നിന്നുണ്ടായതെന്നും എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ടുപോകേണ്ട സ്‌കൂളിലെ പ്രിൻസിപ്പൽ, ശിരോവസ്ത്രത്തിന്റെ പേരിൽ ഒരു വിദ്യാർഥിയെ ശാസിക്കുന്നതും അതുമൂലം ആ വിദ്യാര്‍ഥിനിക്ക് പഠനം അവസാനിപ്പിക്കേണ്ടി വരുന്നതൊക്കെ ഉചിതമാണോ എന്നും ഇതിനൊക്കെയാണോ അവാർഡ് കൊടുക്കേണ്ടത് എന്നുമൊക്കെയാണ് വിമര്‍ശനം.
വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്തതിനെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. സ്‌കൂളിന്റെ ഭാഗം വിശദീകരിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇവർ നടത്തിയ നാടകീയ പ്രതികരണങ്ങൾ ഏറെ ചർച്ചയായിരുന്നു. വ്യാകരണ പിഴവുകളും വ്യക്തതയില്ലാത്ത പ്രയോഗങ്ങളുമായിരുന്നു സിസ്റ്ററിൽ നിന്നുണ്ടായിരുന്നത്. ഇതും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം പ്രിൻസിപ്പലിന് പുരസ്കാരം നല്‍കുന്നതായുള്ള വാര്‍ത്തകളില്‍ സംശയം പ്രകടിപ്പിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റെനി ഐലിന്‍ രംഗത്ത് എത്തി. വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം വിമാനത്താവളം വഴി അനധികൃതമായി മദ്യം കടത്തിയതിന് എയർപോർട്ടിൽ വച്ച് പിടികൂടിയ ആളാണ് ഈ ' പ്രിൻസിപ്പൽ ഓഫ് ദി ഇയർ ' അവാർഡ് കൊടുക്കുന്ന മഹാനെന്നും ഇങ്ങനെ ഒരു അവാർഡ് കൊടുക്കുന്നതിനെക്കുറിച്ച് മുന്‍ഭാരവാഹികള്‍ക്കൊന്നും അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം എഴുതുന്നത്.
'കഴിഞ്ഞവർഷം ഈ അവാർഡ് കിട്ടിയ പ്രിൻസിപ്പൽ ആരായിരുന്നു എന്ന് ചോദിക്കാമോ? ഉറപ്പായും ഇല്ല എന്ന് ഉത്തരമായിരിക്കും കിട്ടുന്നത് കാരണം ഇങ്ങനെ ഒരു അവാർഡ് റോട്ടറി ക്ലബ്ബ് ഇതുവരെയും ഏർപ്പെടുത്തിയിട്ടില്ല. മുൻപ് ഒരിക്കൽ വളരെ പിന്നോക്കം നിൽക്കുന്ന ഒരു സർക്കാർ സ്കൂളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സഹായം എത്തിക്കുന്ന കാര്യം റോട്ടറി ക്ലബ്ബിന്റെ ഭാരവാഹിയുമായി സംസാരിച്ചു. അന്നാണ് അവരുടെ സാമൂഹ്യ പ്രവർത്തനത്തിന്റെ രീതി എന്താണെന്ന് എനിക്ക് മനസ്സിലായത്. ഉദാഹരണത്തിന് 2026ൽ ചെയ്യേണ്ട കാര്യങ്ങൾ 2025ൽ തന്നെ കമ്മിറ്റിയിൽ അവതരിപ്പിച്ച് അപ്പ്രൂവൽ നേടണം അതാണ് രീതി'- റെനി ഐലിന്‍ ഫേസ്ബുക്കില്‍ എഴുതുന്നു.
Adjust Story Font
16

