Quantcast

സി.പി.എം വ്യക്തിഹത്യ നടത്തിയെന്ന് എന്‍.കെ പ്രേമചന്ദ്രന്‍

ന്യൂനപക്ഷ മേഖലയിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രചരണം നടത്തി. പക പോക്കുന്ന രീതിയിലായിരുന്നു സി.പി.എമ്മിന്റെ പ്രചരണം 

MediaOne Logo

Web Desk

  • Published:

    24 April 2019 6:53 AM GMT

സി.പി.എം വ്യക്തിഹത്യ നടത്തിയെന്ന് എന്‍.കെ പ്രേമചന്ദ്രന്‍
X

സി.പി.എമ്മിനെ രൂക്ഷവിമര്‍ശനവുമായി കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍. ന്യൂനപക്ഷമേഖലകളില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയിലായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ പ്രചാരണം. വ്യക്തിഹത്യ നടത്താനുള്ള തീരുമാനം സിപിഎം സംസ്ഥാന നേതൃത്വത്തിന്റേതാണെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ ആരോപണം കുറ്റബോധം കാരണമാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്‍പെ ആരംഭിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ വോട്ടെടുപ്പിന് പിന്നാലെയും കൊല്ലത്ത് തുടരുകയാണ്. സി.പി.എം വ്യക്തിഹത്യ നടത്തുകയായിരുന്നുവെന്ന് ആരോപിച്ച പ്രേമചന്ദ്രന്‍ ഇതിന് നേതൃത്വം നല്‍കിയത് സി.പി.എം സംസ്ഥാന നേതൃത്വമാണെന്നും പറഞ്ഞു. ക്രിസ്ത്യന്‍-മുസ്‍ലിം ന്യൂനപക്ഷമേഖലകളില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയിലാണ് ധനമന്ത്രി തോമസ് ഐസക് പ്രചാരണം നടത്തിയതെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. പക പോക്കുന്ന തരത്തിലാണ് തനിക്കെതിരെ സി.പി.എം പ്രചാരണം നടത്തിയത്.

എം.പിയെന്ന നിലയിലെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയോ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി നേരിടുകയോ ചെയ്യാത്തത് സി.പി.എമ്മിന്റെ ഗതികേടാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞടുപ്പില്‍ ഏറ്റവും മോശം പ്രചാരണങ്ങള്‍ നടത്തിയത് പ്രേമചന്ദ്രനാണെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. മതസ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാരോപിച്ച് മന്ത്രിമാര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രേമചന്ദ്രന്‍.

TAGS :

Next Story