Top

ഉറക്കെവായിക്കുമ്പോള്‍ സിനിമയാകുന്ന, കരാറുകളില്ലാത്ത കവിത

MediaOne Logo

Damodaran

  • Updated:

    2016-09-09 10:58:01.0

Published:

9 Sep 2016 10:58 AM GMT

ഉറക്കെവായിക്കുമ്പോള്‍ സിനിമയാകുന്ന, കരാറുകളില്ലാത്ത കവിത
X

ഉറക്കെവായിക്കുമ്പോള്‍ സിനിമയാകുന്ന, കരാറുകളില്ലാത്ത കവിത

കവിത നിങ്ങള്‍ പ്രതീക്ഷിച്ചുവെച്ചയിടങ്ങളിലേക്ക് കൊണ്ടുപോകുന്നില്ല എന്നത് തന്നെ കാരണം. എല്ലായിടത്തുള്ള എല്ലാതരം വായനക്കാരേയും ചുരുട്ടിവാരിയെടുത്തുമ്മ വെക്കാനൊന്നും പദ്ധതിയിട്ടിട്ടില്ലാത്ത തരമാവാം ഇവ. ഞാന്‍ ഞാന്‍ എന്ന് പറഞ്ഞില്ലെങ്കിലും, അവനവനില്‍ വേരുപൊട്ടുന്ന പ്ടും പ്ടും ശബ്ദമാണോരോന്നിലും. ഗദ്യത്തില്‍ നിന്ന് മുറിച്ച് മുറിച്ച് രേഖപ്പെടുത്തിയ വരികളിലേക്ക് ഒഴുക്കിവിട്ടും തിരിച്ച് ഗദ്യത്തിലേക്ക് ചുറ്റിക്കെട്ടിയും ഭാഷയെ മെരുക്കുന്നത് സ്വാഭാവികരീതികളെ പൊളിക്കുക എന്ന സ്വാഭാവിക തോന്നലിന്‌റെ പുറത്താവാം. കവിതകളുടെ പൊതുഭാഷയില്‍ ഉദാത്തമായവ അല്ലാത്തവ എന്ന വേര്‍തിരിവ് ഇല്ലെന്ന് തന്നെയാണ് ലതീഷിന്‌റെ ഭാഷാപ്രയോഗത്തിന്‌റെ രാഷ്ട്രീയം.... ലതീഷിന്‌റെ ഓരോ വായനക്കാരനും കാണുന്നതും കേള്‍ക്കുന്നതും അനേകങ്ങളായ സൂക്ഷ്മാംശങ്ങളെയായിരിക്കുമെന്ന് തീര്‍ച്ച. വായന എന്ന അനുഭവത്തിലൂടെ മാത്രം കണ്ടെത്താവുന്ന ഒരു വലിയ ലോകം കവിതകളിലങ്ങനെ ഒളിച്ചിരിപ്പാണ്. വായിക്കുമ്പോഴവ വായനക്കാരന്‌റെ രഹസ്യവീഥിയിലേക്കിറങ്ങിവരികയും രംഗാവിഷ്‌ക്കാരത്തിന് തയ്യാറാവുകയും ചെയ്യുന്നു. ആ കവിതകള്‍ ഓരോരുത്തരുടെ ഉള്ളിലുമുണര്‍ത്തുന്ന കാലം അവരുടേത് മാത്രമായി പരിണമിക്കുന്നു. വായനയില്‍ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ ആരോപിച്ച് കളിച്ചും കരഞ്ഞും നമ്മള്‍ വിസ്മൃതിയിലാണ്ടുപോയ കാലത്തെ ഒപ്പം കൂട്ടുന്നു, വായന ജയിക്കുന്നു....

'ക്ഷ വലിക്കുന്ന കുതിരകളു'ടെ വാലിലെ താളം കാറ്റിലൂറി വന്നുപിടിച്ച നേരത്താണ് ഈ പുസ്തകം വാങ്ങുന്നത്. മഞ്ഞനിറമുള്ള പുറംചട്ടയില്‍ 'ക്ഷ' യോളമുള്ള സൈക്കിള്‍ ചക്രവും ചങ്ങലയും ചവിട്ടുതണ്ടും കവിതകളിലേക്ക് ചവിട്ടിപ്പോയ സൈക്കിള്‍ എടുക്കാന്‍ മറന്നുപോയതാവണം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തില്‍ നാല്‍പ്പത്തിയൊന്ന് കവിതകളുണ്ട്. കല്‍പ്പറ്റ നാരായണന്‌റെയും ശ്രീ. സനില്‍ വി യുടേയും രണ്ട് പഠനങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് പുസ്തകം. ആമുഖം എന്ന ഭാരമില്ലാതെ കവിതാവായനയിലേക്ക് കടക്കാമെന്നതാണ് സന്തോഷകരമായ ഒരു സംഗതി. വായനക്കിടയിലും ശേഷവും തോന്നിയ ഭ്രമാത്മകതകള്‍ പങ്കുവെക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. തീര്‍ച്ചപ്പെടുത്തലിന്‌റെ ഒരു സ്വരവും ഈ കുറിപ്പിനില്ലെന്ന് ആദ്യമേ പറയട്ടെ.

കവിത, ഓരോ നിമിഷവും ഭാഷ പുതുക്കപ്പെടുന്നുവെന്നതിന്‌റെ പ്രവേഗത്തെ സൂചിപ്പിക്കുന്ന മാധ്യമമാണ്. അത് സൈബറിടത്തിലും അല്ലാതെയും തിക്കി തിരക്കി വായനാമുറിയിലെത്തുന്നുണ്ട്.

ഞാവലിന്‌റെ വയലറ്റ് കറയെ പ്രണയമാക്കുന്ന തരളമായ ഭാവനയാണ് ഞാനവള്‍ മരം എന്ന കവിത.

ഞാവല്‍മരം ഞാന്‍
നീലരാത്രികള്‍ നീ
കടിച്ചുകറപ്പിച്ച
വയലറ്റ് ചുണ്ടുകള്‍
നമ്മുടെ വിത്തുകള്‍

(ഞാനവള്‍ മരം)

ക്ഷ വലിക്കുന്ന കുതിരകള്‍ / Book Trailer. Camera, Editing: Udhas R Koya, Sound: Althaf, Sreemith. Producer: Gargi Harithakam

Posted by Latheesh Mohan on Saturday, August 20, 2016


സ്‌നേഹിക്കുന്നവരെപ്പറ്റി വേറെയും പലയിടത്തും ലതീഷ് ലളിതമായി എഴുതുന്നു:

നമ്മള്‍, നമ്മള്‍ രണ്ടുപേര്‍
പറഞ്ഞിട്ടു വന്ന രാത്രിയില്‍
പുല്ലുചെത്തിയൊരുക്കി
ഇഷ്ടികയ്ക്കുമേല്‍ ഇഷ്ടികവെച്ച്
പൂന്തോട്ടവും നീന്തല്‍ക്കുളവും വരച്ച്
നമ്മള്‍ പറഞ്ഞുവരുത്തിയ രാത്രിയില്‍...

(നമ്മള്‍ പറഞ്ഞുവന്ന രാത്രിയില്‍)

ചിലപ്പോള്‍ അവളൊരു പാലം
ചിലപ്പോള്‍ അവളിലൂടെയൊരു പാലം എന്ന് രണ്ടു കണ്ണുകള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടിയിലും പ്രണയാവേശിതമായ വഴികള്‍ കണ്ടെത്തുന്നു.

പാട്ടല്ല അമ്മാളേ
പേരാണ് ചോദിച്ചത്
എന്നോര്‍മിപ്പിച്ചു
നീല ജീന്‍സും
വെള്ളഷര്‍ട്ടും ധരിച്ച്
വഴിയരികില്‍ തന്നെ നില്‍ക്കുന്നു
ഞാന്‍
എന്‌റെ കയ്യില്‍ വായിക്കാനറിയാത്തവരുടെ വയലിന്‍

എന്ന് 'ആരോ ഇവള്‍ ആരോ എന്ന പേരോ' എന്ന കവിതയില്‍ ഇഷ്ടം മൂത്ത് പേരറിയാത്തൊരു പെണ്‍കുട്ടിയെ വഴിയരികില്‍ കാത്തുനില്‍ക്കുന്നവന്‌റെ വെപ്രാളം നിറച്ചുവെക്കുന്നു.
പ്രണയത്തെപ്പറ്റി അതിന്‌റെ ചെറിയ ശബ്ദങ്ങളെപറ്റി, ഞാവല്‍പ്പഴം കടിപ്പിച്ച് സംസാരിക്കുന്നവയാണിത്. നിര്‍മലമായി, സ്‌നേഹത്തിന്‌റെ കമ്പനം കേള്‍പ്പിക്കുന്ന സ്വാതന്ത്ര്യത്തിന്‌റെ ഭാഷ ഉമ്മകളുടെ സംഗീതം.

അന്യായ അഴകായിരുന്നു
അടങ്ങാത്ത കൊതിയായിരുന്നു
അവിടെയും ഇവിടെയും
എപ്പോഴും തൊട്ടുനോക്കുമായിരുന്നു
അടിപൊളിയായിരുന്നു

എന്നൊക്കെ കാച്ചും

വിനോദകാവ്യം എന്ന് പേരിടും.

എന്ന് 'വിലാപകാവ്യ'ത്തില്‍ വായിക്കുന്നു. ഭാഷയെക്കുറിച്ച് വേവലാതി തീരെയില്ലാതെ അടിപൊളിയായി കാച്ചിയെടുത്തതിന് ഇന്നത്തെ നമ്മുടെ ബ്രേക്ക് അപ്പ് പാര്‍ട്ടികളുടെ രുചിയാണ്.കവിതയെചുറ്റിപ്പറ്റിയുള്ള സകലമാന തോന്നലുകളേയും റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടീ പുസ്തകത്തില്‍. അതിസാധാരണ വായനയിലൂടെ മാത്രമേ ലതീഷ് മോഹന്‌റെ കവിതകളെ മുഴുവനായും കണ്ടെടുക്കാനാവൂ എന്ന് തോന്നുന്നു.

കവിതയുടെ കുതന്ത്രങ്ങളില്‍ കാറ്റിനെ കളിപ്പിക്കുന്നുണ്ടിങ്ങനെ:

കാറ്റിനെത്തിരക്കി നടക്കുകയാണ്, അന്നുമുതല്‍
കാറ്റിവിടെയെത്തിയോ എന്നുചോദിച്ച്
കാറ്റെത്താനിടയുള്ള
ഇടങ്ങളില്‍ നിന്നിടങ്ങളിലേക്ക്
കാറ്റിനെത്തിരക്കി (കുതന്ത്രങ്ങളില്‍ കാറ്റ്/കാറ്റാടികള്‍)

പിടിതരാത്ത പലതരം ഭ്രമാത്മകതകളുടേയും അധികാരത്തിന്‌റെ ഇരട്ടക്കുഴല്‍ തോക്കുകളുടേയും അരാജകത്വത്തിന്‌റേയും കാറ്റിനെ പിടിക്കാന്‍ നടക്കുന്ന കുട്ടിയായി മനസ്.

സിനിമാദൃശ്യസങ്കേതങ്ങളാണിതിലെ പല കവിതയിലേയും ഭാഷയുടെ സംവേദനരീതി. ചിലത് അതിസൂക്ഷ്മമായി തൊട്ടടുത്ത് ദര്‍ശിച്ച്, ചിലത് പൊടുന്നനെ ദൂരെ ഒരു ദിക്കിലേക്ക് നീക്കി പണിത് ശബ്ദം താഴ്ത്തി പറഞ്ഞ് യാഥാര്‍ത്ഥ്യത്തെ അനുഭവിപ്പിക്കും മാതിരി. ഓരോ അംശങ്ങളേയും സ്‌റ്റോറിബോര്‍ഡില്‍ വരച്ചുപണിയുന്നുമില്ല. പക്ഷെ വായനയില്‍ ആ വാക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള സിനിമാറ്റിക്ക് ആയ ചിത്രങ്ങള്‍ നമ്മുടെ ഇഷ്ടപ്രകാരം സ്‌ക്രീനിലെന്നവണ്ണം തെളിയുന്നുവെന്നതാണ് അതിശയം. ചലനാത്മകമായ ഫ്രെയിമുകളാണവ. അതായത് ഒരു ചിത്രം അതേ പടി ഭാഷയിലേക്ക് പകര്‍ത്തുന്നേയില്ല. പക്ഷെ വാക്കുകള്‍ അച്ചില്‍ വാര്‍ത്തെടുത്ത ചിത്രങ്ങളുടെ വിത്തുകളായതിനാലാവണം, ഉടനുടന്‍ ചിത്രങ്ങള്‍ കയറിവന്ന് തിങ്ങിനിറയുന്നത്.

ഭയം കൊണ്ട് എല്ലാക്കാലത്തും ഭൂലോകം വെട്ടിപ്പിടിക്കാനാവില്ലെന്ന് ഒരു കുട്ടി കാണുന്നതും ഞെട്ടുന്നതും അരണവാല്‍ മോതിരത്തെക്കുറിച്ച് ചിന്തിക്കുന്നതും വായിച്ചുകൊണ്ടിരിക്കേ തന്നെ നമ്മള്‍ വഴിയിലൊരാനയെ കാണുന്നു. 'കാണ്‍മാനില്ലെ'ന്ന് കരുതുന്ന പലതിനേയും അയാള്‍ കവിതയില്‍ തിരഞ്ഞുപിടിച്ച് മുന്നില്‍ കൊണ്ടുനിര്‍ത്തി വീണ്ടും കാണ്‍മാനില്ലെന്ന് പറയിക്കുന്നു.

രണ്ട് പോലീസുകാര്‍ പാടം മുറിച്ചുകടക്കുമ്പോഴത്തെ പാട്ടിനെക്കുറിച്ച് പറയുന്നത്, അതിന്‌റെ ഒച്ച കൂട്ടാനും കുറക്കാനുമാവില്ലെന്നാണ്. ആരെങ്കിലും കേട്ടുവന്നാലയാള്‍ക്ക് ഭയമാണ്, ആരുമെത്തില്ലെന്ന ഒരേതരം തോന്നലുള്ള മധ്യവര്‍ഗത്തിന്‌റെ കൂട്ടത്തില്‍ പാടാന്‍ മാത്രം കഴിയുന്നൊരാളുടെ നിസഹായതയില്ലെങ്കില്‍ തവളയെപ്പോലെ ഭൂമി മാത്രം കേള്‍ക്കാനാണ് പാടുന്നതെന്നുമയാള്‍ക്ക് നിശ്ചയമുണ്ട്. എന്തിനെ ഭയക്കുന്നുവെന്ന് പോലും നിശ്ചയമില്ലാതെ ഒച്ച.

വിശപ്പിനെക്കുറിച്ച് അജയന്‍ എന്ന പല്ലിയും കവിയായ മുറിയുടമസ്ഥനും ഒരു പൂമ്പാറ്റയുടെ ജഡവുമായി നടത്തുന്ന സങ്കടവിചാരങ്ങളാണ് 'ആന്‌റിഗണി' പറയുന്നത്.

പുതിയ മരുന്നുകള്‍ പേറുന്ന ചെടികള്‍
അവയിലോര്‍ത്തിരിക്കുന്ന പക്ഷികള്‍

എന്ന്, കാലം പോയതിനെക്കുറിച്ചും കാറ്റനക്കത്തിലെ മാറ്റത്തെക്കുറിച്ചും 'എന്തോ വീശുന്നു കാറ്റില്‍' വായിക്കാം.

ഇത്രേയേറെ ചിറകുകളുണ്ടായിട്ടും
പറന്നുപോകാത്ത പക്ഷികളെയാണ്
നമ്മള്‍ ചിലന്തികളെന്ന് വിളിക്കുന്നതെന്ന്
വിശപ്പ് കണ്ടമാനം കൂടിയ
രാത്രികളില്‍ അശരീരി. (ചിലന്തികള്‍ വില്‍പ്പനക്ക്)

അതാണ് ചിലന്തികളെ വാങ്ങാനായി കവിയുടെ വാദം. പറക്കുക എന്ന അതിസാഹസികതയെ മനുഷ്യനിലേക്ക് ബന്ധിപ്പിക്കുന്ന ചിലന്തികള്‍ മുറിയില്‍ രാത്രിയില്‍ അശരീരികളില്‍ മുഴങ്ങുന്നതാണിത്.

മുറിക്കുള്ളില്‍ തിരിഞ്ഞുമറിഞ്ഞുകിടക്കുന്ന കുന്ന് തന്നെ ധാരാളമാണ്, എത്രയാഴത്തില്‍ ഉറക്കം കെടുത്തുന്ന അസ്വസ്ഥതയാണുള്ളതെന്ന് തിരിച്ചറിയാന്‍. അവിടെ ചിത്രങ്ങളെ പാലമിട്ട് വേറേതോ കുന്നിലേക്ക് പറഞ്ഞുവിട്ട ഗമയിലാണ് വാക്കുകള്‍.

സാധാരണഗതിയില്‍ കവിതകള്‍ക്ക് ഉറക്കെയുള്ള വായന ആവശ്യമായേ വരാറില്ല. പലപ്പോഴും അത് അലോസരമാണെന്ന് വരെ തോന്നിയിട്ടുണ്ട്. പക്ഷെ അത്ഭുതകരമായ ഒന്ന് എന്താണെന്നാല്‍, ഉറക്കെ വായിപ്പിക്കുന്നവയാണിതിലെ ഓരോ കവിതകളും.. വായിക്കുമ്പോഴത്തെ ശബ്ദവിന്യാസത്തില്‍ പുറപ്പെടുന്ന അര്‍ത്ഥങ്ങള്‍ വായനക്കാരെ വിസ്മയിപ്പിക്കും. മിക്ക കവിതകളിലും അന്തര്‍ലീനമായൊരു താളമുണ്ട്. ഈ കവിതകളെ കുറേക്കൂടി മനസിലേക്കടുപ്പിക്കാന്‍ നമ്മള്‍ ഇഷ്ടാനുസരണം ചുമത്തിക്കൊടുക്കുന്ന താളത്തിലൂടെയുള്ള ശബ്ദകലക്ക് സാധിക്കുമെന്നാണ് അനുഭവം.

കുത്തുകളില്ലാത്ത ഒരോട്ടമാണ് വാക്കുകള്‍ക്ക്. ചിലത് വായിച്ച് അതിനുമതിനുമതിനും പിന്നിലേക്ക് വായിച്ചെടുക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടും. കവിത നിങ്ങള്‍ പ്രതീക്ഷിച്ചുവെച്ചയിടങ്ങളിലേക്ക് കൊണ്ടുപോകുന്നില്ല എന്നത് തന്നെ കാരണം. എല്ലായിടത്തുള്ള എല്ലാതരം വായനക്കാരേയും ചുരുട്ടിവാരിയെടുത്തുമ്മ വെക്കാനൊന്നും പദ്ധതിയിട്ടിട്ടില്ലാത്ത തരമാവാം ഇവ. ഞാന്‍ ഞാന്‍ എന്ന് പറഞ്ഞില്ലെങ്കിലും, അവനവനില്‍ വേരുപൊട്ടുന്ന പ്ടും പ്ടും ശബ്ദമാണോരോന്നിലും. ഗദ്യത്തില്‍ നിന്ന് മുറിച്ച് മുറിച്ച് രേഖപ്പെടുത്തിയ വരികളിലേക്ക് ഒഴുക്കിവിട്ടും തിരിച്ച് ഗദ്യത്തിലേക്ക് ചുറ്റിക്കെട്ടിയും ഭാഷയെ മെരുക്കുന്നത് സ്വാഭാവികരീതികളെ പൊളിക്കുക എന്ന സ്വാഭാവിക തോന്നലിന്‌റെ പുറത്താവാം. കവിതകളുടെ പൊതുഭാഷയില്‍ ഉദാത്തമായവ അല്ലാത്തവ എന്ന വേര്‍തിരിവ് ഇല്ലെന്ന് തന്നെയാണ് ലതീഷിന്‌റെ ഭാഷാപ്രയോഗത്തിന്‌റെ രാഷ്ട്രീയം.

വായനയെ വശീകരിച്ചുകൂടെ നിര്‍ത്തുമ്പോഴാണ് ഓരോ രചനയും വിജയിക്കുന്നത്. അത്തരത്തില്‍ നോക്കിയാല്‍ ഈ കവിതകളത്രയും നമ്മളെ വായനാമുറിയില്‍ നിന്ന് പുറത്തേക്കിറക്കി ഊരു ചുറ്റിക്കുന്നു. ഇവ നല്‍കുന്ന വായനാനുഭവം ഭാഷയില്‍ പറഞ്ഞ് അനുഭവിപ്പിക്കാവുന്നതിലും അപ്പുറത്താണ്. വായനയിലൂടെ മാത്രം ഓരോരുത്തരേയും തേടിവരുന്ന വിവിധങ്ങളായ കവിതകളാണ് ഓരോ അടരിലുമുള്ളതെന്നുറപ്പാണ്.

ലതീഷിന്‌റെ ഓരോ വായനക്കാരനും കാണുന്നതും കേള്‍ക്കുന്നതും അനേകങ്ങളായ സൂക്ഷ്മാംശങ്ങളെയായിരിക്കുമെന്ന് തീര്‍ച്ച. വായന എന്ന അനുഭവത്തിലൂടെ മാത്രം കണ്ടെത്താവുന്ന ഒരു വലിയ ലോകം കവിതകളിലങ്ങനെ ഒളിച്ചിരിപ്പാണ്. വായിക്കുമ്പോഴവ വായനക്കാരന്‌റെ രഹസ്യവീഥിയിലേക്കിറങ്ങിവരികയും രംഗാവിഷ്‌ക്കാരത്തിന് തയ്യാറാവുകയും ചെയ്യുന്നു. ആ കവിതകള്‍ ഓരോരുത്തരുടെ ഉള്ളിലുമുണര്‍ത്തുന്ന കാലം അവരുടേത് മാത്രമായി പരിണമിക്കുന്നു. വായനയില്‍ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ ആരോപിച്ച് കളിച്ചും കരഞ്ഞും നമ്മള്‍ വിസ്മൃതിയിലാണ്ടുപോയ കാലത്തെ ഒപ്പം കൂട്ടുന്നു, വായന ജയിക്കുന്നു.

TAGS :

Next Story