Quantcast

വേട്ടയാടി ഗോള്‍ ദാരിദ്ര്യം; ലിവര്‍പൂളിന് ഇതെന്തു പറ്റി?

ഇന്നലെ പ്രീമിയര്‍ ലീഗില്‍ സതാംപ്ടണ് എതിരെയാണ് ഒടുവില്‍ റെഡ്‌സ് തോറ്റത്

MediaOne Logo

  • Published:

    5 Jan 2021 7:31 AM GMT

വേട്ടയാടി ഗോള്‍ ദാരിദ്ര്യം; ലിവര്‍പൂളിന് ഇതെന്തു പറ്റി?
X

ലണ്ടന്‍: നാലു സമനില, ഒരു തോല്‍വി, രണ്ടു ജയം. കഴിഞ്ഞ ഏഴു മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിന്റെ മൈതാനത്തെ റെക്കോര്‍ഡ് ഇങ്ങനെയാണ്. വിജയത്തിന്റെ ഉന്നതിയില്‍ നിന്നാണ് യുര്‍ഗന്‍ ക്ലോപ്പും സംഘവും താളം കണ്ടെത്താന്‍ ആകാതെ ഉഴറുന്നത്. ഇന്നലെ പ്രീമിയര്‍ ലീഗില്‍ സതാംപ്ടണ് എതിരെയാണ് ഒടുവില്‍ റെഡ്‌സ് തോറ്റത്.

ഫുള്‍ഹാം, ബ്രൈറ്റണ്‍, വെസ്റ്റ്‌ബ്രോം, ന്യൂകാസില്‍, ആസ്റ്റണ്‍ വില്ല, എവര്‍ട്ടണ്‍ എന്നിവര്‍ക്കു മുമ്പിലെല്ലാം ലിവറിന് സമനില വഴങ്ങേണ്ടി വന്നു. ഇതിനിടെ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഏഴു ഗോളിന് തോല്‍പ്പിച്ചത് ആശ്വാസകരമായി. ന്യൂകാസിലിനും വെസ്റ്റ് ബ്രോമിനും എതിരെ വഴങ്ങിയ സമനിലയ്ക്ക് ശേഷമാണ് ടീം സതാംപ്ടണെതിരെ തോറ്റത്.

ഏതു പ്രതിരോധത്തെയും കീറിമുറിക്കുന്ന സംഘമായിരുന്നു ഒരിക്കല്‍ ക്ലോപ്പിന്റെ സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ മുഹമ്മദ് സലാഹും സാദിയോ മാനെയും റോബര്‍ട്ടോ ഫിര്‍മിനോയും കുറച്ചു മത്സരങ്ങളിലായി താളം കണ്ടെത്തിയിട്ടില്ല.

മൂന്നു മത്സരത്തിനിടെ ഒരു ഗോള്‍ മാത്രമാണ് ലോകോത്തര സ്‌ട്രൈക്കമാര്‍ക്ക് നേടാനായത്. സതാംപ്ടണെതിരെയുള്ള കളിയില്‍ ടാര്‍ഗറ്റിലേക്ക് 16 തവണയാണ് റെഡ്‌സ് ഷോട്ടുതിര്‍ത്തത്. എന്നാല്‍ ടാര്‍ഗറ്റിലെത്തിയത് ഒരെണ്ണം മാത്രമാണ്. ആ ഷോട്ട് സതാംപ്ടണ്‍ കീപ്പര്‍ ഫ്രാസര്‍ ഫോര്‍സ്റ്റര്‍ക്ക് മുമ്പില്‍ അവസാനിക്കുകയും ചെയ്തു.

ലീഗില്‍ 17 കളികളില്‍ നിന്ന് 33 പോയിന്റുമായി ഒന്നാമതാണ് ലിവര്‍പൂള്‍. ഒമ്പത് ജയവും ആറു സമനിലയും രണ്ടു തോല്‍വിയും. 16 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ വ്യത്യാസത്തില്‍ പട്ടികയില്‍ രണ്ടാമതാണ്. 17 കളികളില്‍ നിന്ന് 32 പോയിന്റുമായി ലസ്റ്റര്‍ സിറ്റിയാണ് മൂന്നാമത്.

TAGS :

Next Story