Quantcast

മരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്!:അരുണ ഷാൻബാഗ് മുതൽ ഹരീഷ് റാണ വരെ, ഇന്ത്യയിൽ വീണ്ടും ദയാവധം ചർച്ചയാകുമ്പോൾ

42 വർഷം കോമയില്‍ ജീവിച്ച നഴ്സായിരുന്ന അരുണയുടെ ജീവിതമാണ് ഇന്ത്യയിൽ ദയാവധം എന്ന വലിയ നിയമ ചർച്ചയ്ക്ക് തുടക്കമിട്ടത്

MediaOne Logo
മരണത്തിന് വേണ്ടിയുള്ള  കാത്തിരിപ്പ്!:അരുണ ഷാൻബാഗ് മുതൽ ഹരീഷ് റാണ വരെ, ഇന്ത്യയിൽ വീണ്ടും ദയാവധം ചർച്ചയാകുമ്പോൾ
X

മുപ്പത്തിരണ്ടുകാരനായ ഹരീഷ് റാണക്ക് ദയാവധം അനുവദിച്ചുകൊണ്ടുള്ള സുപ്രധാന വിധി കഴിഞ്ഞദിവസമാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. എന്നാല്‍ ഈ ദയാവധക്കേസ് ചർച്ചയാകുന്നതിന് മുൻപ് രാജ്യം മുഴുവൻ ഉറ്റുനോക്കിയിരുന്നത് അരുണ ഷാൻബാഗ് കേസിനെയായിരുന്നു. 1973-ൽ നേരിട്ട അതിക്രൂരമായ ലൈംഗികാക്രമണത്തെത്തുടർന്ന് നഴ്സായിരുന്ന അവർ 42 വര്‍ഷമാണ് കോമ അവസ്ഥയില്‍ ജീവിക്കേണ്ടി വന്നത്. അത്യപൂർവ സാഹചര്യങ്ങളിൽ ഇന്ത്യയിൽ നിഷ്ക്രിയ ദയാവധം നടപ്പാക്കാമെന്ന് സുപ്രിംകോടതിയുടെ ഉത്തരവുണ്ടായത് അരുണയുടെ കേസിനെതത്തുടര്‍ന്നാണ്.

സഹപ്രവര്‍ത്തകന്‍റെ ക്രൂരത, ഒരു രാത്രി മാറിമറിഞ്ഞ ജീവിതം

1973 നവംബർ മാസത്തിലെ ഒരു രാത്രി. മുംബൈയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവ നഴ്സ് ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങാൻ ഒരുങ്ങുകയായിരുന്നു. സാധാരണ ദിവസത്തെ പോലെ തോന്നിയ ആ രാത്രിയാണ് പിന്നീട് ഇന്ത്യയിലെ മെഡിക്കൽ നിയമചരിത്രം തന്നെ മാറ്റിയ ഒരു സംഭവത്തിന് തുടക്കമായത്. അവരുടെ പേരാണ് അരുണ ഷാൻബാഗ്.

സോഹൻ ലാൽ വാൽമീകി എന്ന സഹപ്രവർത്തകന്റെ ക്രൂര പീഡനത്തിനായിരുന്നു അരുണ ഇരയായത്. ആശുപത്രിയിലെ മുറിയിൽ വസ്ത്രം മാറാനെത്തിയപ്പോൾ അവിടെ നേരത്തെ ഒളിച്ചിരുന്ന സോഹൻ ലാൽ അരുണയെ കീഴ്‌പ്പെടുത്തി. നായത്തുടല്‍ കഴുത്തില്‍ മുറുക്കി അതിക്രൂരമായാണ് ആക്രമിച്ചത്. ക്രൂരമായ ബലാത്സംഗത്തിന് ശേഷം അയാൾ അരുണയെ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിറ്റേന്നാണ് കഴുത്തിൽ നായത്തുടല്‍ മുറുകി, രക്തം വാർന്ന് കിടക്കുന്ന അരുണയെ ആശുപത്രിയിലെ മറ്റ് ജീവനക്കാർ കണ്ടെത്തിയത്. ഉടൻ തന്നെ ചികിത്സ നല്‍കിയെങ്കിലും അരുണയുടെ ജീവൻ മാത്രം നിലനിർത്താനായി.

കഴുത്തിൽ മുറുകിയ കുരുക്ക് തലച്ചോറിലെ രക്തയോട്ടം നിലക്കാൻ കാരണമായി. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും അരുണ ഷാൻബാഗ് സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നില്ല. സംസാരിക്കാനോ നടക്കാനോ അവര്‍ക്ക് കഴിഞ്ഞില്ല. ആരെയും തിരിച്ചറിയാനും സാധിച്ചില്ല. ആ കിടന്ന കിടപ്പില്‍ 42 വർഷമാണ് അവര്‍ ജീവിച്ചത്. അവളെ ജീവനോടെ കാത്തത് യന്ത്രങ്ങൾ മാത്രമല്ലായിരുന്നു, ആശുപത്രിയിലെ നഴ്‌സുമാരുടെ കരുതലുമായിരുന്നു. അവിടെ ജോലി ചെയ്തിരുന്ന നഴ്‌സുമാർ അവളെ ഒരു രോഗിയായി മാത്രം കണ്ടില്ല. അവൾ അവരുടെ കുടുംബാംഗം പോലെയായിരുന്നു.

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍, അടങ്ങാത്ത പക

കർണാടകയിലെ ഹൽദിപൂരിലാണ് അരുണ ഷാൻബാഗ് ജനിക്കുന്നത്. പഠനം പൂർത്തിയാക്കിയ ളേഷം മുംബൈയിലെ കിങ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റിലിൽ ജോലിക്ക് കയറുന്നത്. അതേ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോക്ടർ സന്ദീപ് സർദേശായിയുമായി അരുണ ഇഷ്ടത്തിലായി. തുടർന്ന് ഡോക്ടറുമായി അരുണയുടെ വിവാഹം ഉറപ്പിച്ചു. എന്നാൽ അതിനിടയിലാണ് സോഹൻലാൽ എന്നയാൾ അവരുടെ ജീവിതത്തിൽ കടന്നുവരുന്നത്.

സോഹൻലാലിനെക്കുറിച്ച് അരുണ ഹോസ്പിറ്റൽ അധികൃതരോട് പലപ്പോഴായി പരാതിപ്പെട്ടിരുന്നു. ഈ പകയാണ് ക്രൂരമായ ലൈംഗിക പീഡനത്തിലേക്ക് നയിച്ചത്. 25ാം വയസിലാണ് അരുണ ആക്രമിക്കപ്പെടുന്നത്. കോമാവസ്ഥയിൽ തുടരുമ്പോഴും അരുണയെ കൈവിടാൻ സന്ദീപ് തയ്യാറായില്ല. എന്നും അരുണയെ കാണുകയും പരിചരിക്കുകയും ചെയ്തു.എന്നാൽ വർഷങ്ങൾക്ക് ശേഷം അദ്ദേഹം മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പ്രതിയായ സോഹൻലാലിനെ പതിനാല് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്.1980ൽ അയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അരുണയുടെ മരണത്തിന് പിന്നാലെയാണ് സോഹൻലാലിനെ കണ്ടെത്തുന്നത്.

ഇന്ത്യയെ ചിന്തിപ്പിച്ച ചോദ്യം

അരുണയുടെ ജീവിതമാണ് ഇന്ത്യയിൽ “ദയാവധം” എന്ന വലിയ നിയമ ചർച്ചയ്ക്ക് തുടക്കമിട്ടത്. 2009-ൽ മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ പിങ്കി വിരാണി അരുണക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചു. പക്ഷേ സുപ്രിംകോടതി ആ ആവശ്യം നിഷേധിക്കുകയായിരുന്നു.

സജീവ ദയാവധം (Active euthanasia) അനുവദിക്കാനാകില്ലെന്നും ചില സാഹചര്യങ്ങളില്‍ പാസിവ് യുത്തനേഷ്യ (Passive euthanasia) അനുവദിക്കാമെന്നുമായിരുന്നു കോടതി പറഞ്ഞത്. അതായത് രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്ന ലൈഫ് സപ്പോർട്ട് ചികിത്സകൾ പിൻവലിക്കാനുള്ള അനുമതി നല്‍കാമെന്നായിരുന്നു കോടതി പറഞ്ഞത്. എന്നാല്‍ ഏവരെയും ഞെട്ടിച്ചത് അരുണ ഷാൻബാഗിനെ വർഷങ്ങളായി പരിചരിച്ചിരുന്ന ആശുപത്രി അധികൃതരുടെയും നഴ്സുമാരുടെയും തീരുമാനമായിരുന്നു. അവള്‍ ഞങ്ങള്‍ക്ക് കുടുംബാംഗം പോലയാണെന്നും അവളെ മരിക്കാന്‍ വിടില്ലെന്നുമാണ് അവര്‍ കോടതിയില്‍ പറഞ്ഞത്. ഒടുവില്‍ 2015 മേയ് 18 ന് അരുണ ന്യൂമോണിയ ബാധിച്ചാണ് മരണത്തിന് കീഴടങ്ങിയത്. 42 വർഷം നീണ്ട ഒരു അസാധാരണ ജീവിതം അവിടെ അവസാനിച്ചെങ്കിലും അരുണ ഷാൻബാഗ് കേസിന് ശേഷമാണ് ഇന്ത്യയിൽ ദയാവധത്തെക്കുറിച്ചുള്ള ചർച്ച കൂടുതൽ ശക്തമായത്. ഇന്ത്യയിലും പ്രത്യേക കേസുകളിൽ സുപ്രിംകോടതിയുടെ അനുമതിപ്രകാരം നിഷ്ക്രിയ ദയാവധം നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നിഷ്ക്രിയ ദയാവധം കർശന ഉപാധികളോടെ സുപ്രിംകോടതി നിയമവിധേയമാക്കിയത് 2018 മാർച്ച് 9 നാണ്.

എന്താണ് ദയാവധം?

മാറാരോഗങ്ങൾ മൂലമുള്ള തീരാവേദനകളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും ഒരാളെ മോചിപ്പിക്കുന്നതിനായി ആ വ്യക്തിയുടെ ജീവിതം അവസാനിപ്പിക്കുന്നതിനെയാണ് ദയാവധം എന്ന് പറയുന്നത്. ദയാവധം എന്നത് ഡോക്ടർ നേരിട്ട് രോഗിയുടെ ജീവൻ അവസാനിപ്പിക്കുകയോ, ജീവൻ നിലനിർത്താൻ സഹായിക്കുന്ന ചികിത്സാ ഉപകരണങ്ങൾ പിൻവലിക്കുകയോ ചെയ്യുന്നു. രോഗിയുടെ സമ്മതത്തോട് കൂടിയാണ് ഇത് ചെയ്യുന്നത്. ദയാവധം സാധാരണയായി നാല് തരമാണുള്ളത്.

സ്വമേധയുള്ള ദയാവധം (Voluntary Euthanasia)

രോഗിയുടെ വ്യക്തമായ സമ്മതത്തോടെയാണ് ഇത് നടത്തുന്നത്.രോഗി നേരിട്ടോ അല്ലെങ്കിൽ മുൻകൂട്ടി തയ്യാറാക്കിയ നിയമപരമായ രേഖ (Living Will) വഴിയോ മരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കണം.

അസ്വമേധയാ ദയാവധം (Non-voluntary Euthanasia)

രോഗിക്ക് തന്റെ അഭിപ്രായം പറയാൻ കഴിയാത്ത അവസ്ഥകളിൽ (ഉദാ: കോമ) കുടുംബം അല്ലെങ്കിൽ ഡോക്ടർമാർ തീരുമാനമെടുക്കുന്ന രീതിയാണ്. രോഗിയുടെ അടുത്ത ബന്ധുക്കളോ, നിയമപരമായ പ്രതിനിധികളോ അല്ലെങ്കിൽ മെഡിക്കൽ ബോർഡോ ആണ് ഇത്തരം സാഹചര്യങ്ങളിൽ തീരുമാനമെടുക്കുന്നത്.

സജീവ ദയാവധം (Active Euthanasia)

ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മരുന്നും ഇഞ്ചക്ഷനും നേരിട്ട് ഉപയോഗിച്ചുള്ള മരണം.

നിഷ്ക്രിയ ദയാവധം (Passive Euthanasia)

ജീവൻ നിലനിർത്തുന്ന ചികിത്സകൾ (വെന്റിലേറ്റർ, ലൈഫ് സപ്പോർട്ട്),മരുന്ന്,ഭക്ഷണം എന്നിവ ക്രമേണ പിൻവലിക്കുന്നത്.

ഇന്ത്യയിലെ നിയമം അനുസരിച്ച് സജീവ ദയാവധവും അസിസ്റ്റഡ് സൂയിസൈഡും നിയമവിരുദ്ധമാണ്. എന്നാൽ, അത്യപൂർവ സാഹചര്യങ്ങളിൽ സുപ്രിം കോടതിയുടെ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി നിഷ്ക്രിയ ദയാവധം അനുവദനീയമാണ്.

ദയാവധം ലോകരാജ്യങ്ങളില്‍

2002-ൽ നെതർലൻഡ്സാണ് ദയാവധം നിയമപരമായി അനുവദിച്ച ആദ്യ രാജ്യം. അതിനുശേഷം ബെൽജിയം, ലക്സംബർഗ് എന്നിവയും സമാനമായ നിയമങ്ങൾ കൊണ്ടുവന്നു. എന്നാല്‍ നെതർലൻഡ്സിൽ ദയാവധം അനുവദിക്കാൻ കർശനമായ വ്യവസ്ഥകളുമുണ്ട്.

രോഗിക്ക് അസഹ്യവും സുഖപ്പെടാനാകാത്തതുമായ രോഗം ഉണ്ടായിരിക്കണം, രോഗിയുടെ വ്യക്തമായ അഭ്യർത്ഥന ഉണ്ടായിരിക്കണം, ഒന്നിലധികം ഡോക്ടർമാരുടെ പരിശോധന വേണം, എല്ലാ നടപടികളും നിയമപരമായി രേഖപ്പെടുത്തണം തുടങ്ങിയ കര്‍ശനമായ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ദയാവധം അനുവദിക്കൂ. ഈ മാതൃക പിന്നീട് മറ്റു രാജ്യങ്ങളും സ്വീകരിച്ചു.

നെതർലാൻഡ്‌സ് - 2002 മുതൽ നിയമപരം

ബെൽജിയം - 2002 മുതൽ നിയമപരമായത്.

ലക്സംബർഗ് - 2009 മുതൽ നിയമപരം.

കാനഡ - 2016 മുതൽ നിയമപരം.

സ്പെയിൻ - 2021 മുതൽ നിയമപരം.

ന്യൂസിലാൻഡ് - 2020 ലെ റഫറണ്ടത്തിന് ശേഷം നിയമവിധേയമായി.

ആസ്‌ട്രേലിയ - വിക്ടോറിയ, വെസ്റ്റേൺ ആസ്‌ട്രേലിയ, ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്‌ലാൻഡ്, സൗത്ത് ആസ്‌ട്രേലിയ, ടാസ്മാനിയ തുടങ്ങിയ ആറ് സംസ്ഥാനങ്ങളില്‍ നിയമപരം

സ്വിറ്റ്സർലൻഡ് - സഹായത്തോടെയുള്ള ആത്മഹത്യ നിയമപരമാണ്. സജീവ ദയാവധം അനുവദനീയമല്ല.

യുണൈറ്റഡ് സ്റ്റേറ്റ്സ് - ഒറിഗോൺ, വാഷിംഗ്ടൺ, വെർമോണ്ട്, കാലിഫോർണിയ, ഹവായ്, ന്യൂജേഴ്‌സി, മെയ്ൻ, വാഷിംഗ്ടൺ ഡിസി എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സഹായത്തോടെയുള്ള ആത്മഹത്യ നിയമപരമാണ്.

പോർച്ചുഗൽ - നിയമം പാസായി

ഉറുഗ്വേ - നിയമം പാസായി

ഇന്ത്യയില്‍ വീണ്ടും ദയാ വധം ചര്‍ച്ചയാകുമ്പോൾ

13വർഷമായി കോമയിൽ കഴിയുകയാണ് ഹരീഷ് റാണ എന്ന യുവാവ് . പഞ്ചാബ് സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന ഹരീഷ് 2013ൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണതിനെത്തുടർന്നാണ് കിടപ്പിലായത്. വീഴ്ചയിൽ റാണയുടെ തലച്ചോറിന് പരിക്കേറ്റിരുന്നു. ട്യൂബിലൂടെയാണ് ഹരീഷിന് ഭക്ഷണം നൽകുന്നത്. ശരീരത്തിലാകെ മുറിവുകളുള്ള ഹരീഷിന്റെ ജീവൻ നിലനിർത്തുന്നത് ഓക്‌സിജൻ ട്യൂബുമുണ്ട്. മരുന്നുകൾക്കും മറ്റുമായി മാസം 30,000 രൂപയോളം ഹരീഷിന് വേണ്ടി ചെലവായിരുന്നു. 13 വർഷമായി മകന്റെ ദുരിത ജീവിതം കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.

നിഷ്‌ക്രിയ ദയാവധവുമായി ബന്ധപ്പെട്ട് രോഗിയോ ഉറ്റവരോ സുപ്രിംകോടതിയിലെത്തുന്ന ആദ്യ കേസാണ്. നേരത്ത നിഷ്‌ക്രിയ ദയാവധം അനുവദിക്കണമെന്ന സുപ്രിംകോടതിയുടെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. പിന്നീട് ഇതിനെതിരായ അപ്പീലും 2014ൽ സുപ്രിം കോടതി തള്ളുകയും ചെയ്തു. എന്നാൽ സാഹചര്യങ്ങളിൽ മാറ്റമുണ്ടായാൽ വീണ്ടും സമീപിക്കാമെന്ന് അന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു. തുടർന്നാണ് വീണ്ടും റാണയുടെ കുടുംബം സുപ്രിംകോടതിയെ സമീപിച്ചത്. തുടർന്നാണ് ഇന്ത്യയിൽ ആദ്യമായി നിഷ്‌ക്രിയ ദയാവധം അനുവദിച്ച് കഴിഞ്ഞദിവസം സുപ്രിംകോടതി വിധിച്ചത്. ഹരീഷിന് ട്യൂബിലൂടെ നൽകുന്ന മരുന്നും ചികിത്സയും നിർത്താമെന്ന് കോടതി അറിയിച്ചു. ഹരീഷിനെ വീട്ടിൽ നിന്ന് എയിംസിന്റെ പാലിയേറ്റീവ് കെയർ വകുപ്പിലേക്ക് മാറ്റിയ ശേഷമായിരിക്കും ഇതിനുള്ള നടപടികൾ തുടങ്ങുക.

ദയാവധം- അവസാനിക്കാത്ത ചര്‍ച്ചകള്‍

മരണത്തെക്കുറിച്ചുള്ള മനുഷ്യരുടെ ചർച്ച ഒരിക്കലും അവസാനിക്കില്ല. വേദന നിറഞ്ഞ ജീവിതത്തെ നീട്ടണമോ, അല്ലെങ്കിൽ മാന്യമായ മരണം അനുവദിക്കണമോ? എന്നതാണ് ദയാവധത്തെക്കുറിച്ച് ഉയരുന്ന രണ്ട് പ്രധാന ചോദ്യങ്ങള്‍. ഗുരുതര രോഗങ്ങളാല്‍ അത്യന്തം വേദന അനുഭവിക്കേണ്ടി വരുന്നവര്‍ക്ക് മരണം ഒരു മോചനമാകാമെന്ന് ചിലർ വിശ്വസിക്കുന്നു. ഒരു വ്യക്തിക്ക് തന്റെ ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് മറ്റു ചിലർ വാദിക്കുന്നു. ദീർഘകാല രോഗാവസ്ഥകൾ കുടുംബത്തെ സാമ്പത്തികമായും മാനസികമായും ബാധിക്കുമെന്നും ദയാവധത്തെ പിന്തുണക്കുന്നവര്‍ വാദിക്കുന്നു.

അതേസമയം, ഈ നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വയോധികരെയും ഗുരുതര രോഗികളെയും സമൂഹം പരോക്ഷമായി ദയാവധത്തിലേക്ക് തള്ളിവിടാനുള്ള സാധ്യത ഉണ്ടെന്ന ആശങ്കയാണ് കൂടുതല്‍ പേരും പങ്കുവെക്കുന്നത്. ഡോക്ടർമാരുടെ പ്രധാന ഉത്തരവാദിത്തം ജീവൻ രക്ഷിക്കലാണ്. അതിനാൽ ജീവൻ അവസാനിപ്പിക്കുന്നത് അവരുടെ നൈതികതയ്ക്കെതിരെ പോകാമെന്ന് ചിലർ പറയുന്നു. രോഗിയുടെ യഥാർത്ഥ സമ്മതം ഉറപ്പാക്കൽ,കുടുംബവും രോഗിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ,മതപരവും സാമൂഹികവുമായ പ്രതികരണങ്ങൾ ഇവയെല്ലാം പരിഗണിക്കേണ്ടി വരുമെന്നതും ഇതിലെ പ്രധാന വെല്ലുവിളികളാണ്. ഇതിനെല്ലാം പുറമെ അസഹ്യമായ വേദനയിൽ കഴിയുന്ന ഒരാൾക്ക് മരണം തെരഞ്ഞെടുക്കാൻ അവകാശമുണ്ടോ? എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ മറുപടിയില്ല എന്നതാണ് യാഥാര്‍ഥ്യം.

TAGS :

Next Story