Quantcast

'രാജ്യത്തിന് അറിയണം'; അര്‍ണബിന്‍റെ ചാറ്റിനെ കുറിച്ച് മോദിയും ഷായും മറുപടി പറയണമെന്ന് മഹുവ മൊയ്ത്ര

അര്‍ണബ് ബാര്‍ക്ക് മുന്‍ സി.ഇ.ഒയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തിന് പിന്നാലെ മോദി സർക്കാറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര

MediaOne Logo

  • Published:

    17 Jan 2021 9:13 AM GMT

രാജ്യത്തിന് അറിയണം; അര്‍ണബിന്‍റെ ചാറ്റിനെ കുറിച്ച് മോദിയും ഷായും മറുപടി പറയണമെന്ന് മഹുവ മൊയ്ത്ര
X

റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോസ്വാമി ബാര്‍ക്ക് മുന്‍ സി.ഇ.ഒയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തിന് പിന്നാലെ മോദി സർക്കാറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറുപടി നല്‍കണമെന്നാണ് മഹുവ ആവശ്യപ്പെട്ടത്.

രാജ്യത്തിന് അറിയണം.. ബലാകോട്ട് ആക്രമണത്തെയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെയും കുറിച്ച് സര്‍ക്കാര്‍ നേരത്തെ തന്നെ അര്‍ണബിന് വിവരം കൈമാറിയിരുന്നുവെന്നാണ് വാട്സ് ആപ്പ് ചാറ്റില്‍ നിന്ന് വ്യക്തമാകുന്നത്. എന്താണ് സംഭവിക്കുന്നത്? മോദിയും ഷായും മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്ന് കരുതുന്നത് ഞാന്‍ മാത്രമാണോ?
മഹുവ മൊയ്ത്ര

പുല്‍വാമ ആക്രമണവും ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയും അര്‍ണബ് ഗോസ്വാമി നേരത്തെ അറിഞ്ഞുവെന്നാണ് പുറത്തുവന്ന വാട്സ് ആപ്പ് ചാറ്റില്‍ നിന്ന് വ്യക്തമാകുന്നത്. ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളാണ് പുറത്തുവന്നത്. 2019 ഫെബ്രുവരി പതിനാലിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ ഈ വര്‍ഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റെല്ലാവരേക്കാളും 20 മിനിറ്റ് മുന്‍പിലാണ് തങ്ങളെന്നാണ് അര്‍ണബ് പറയുന്നത്. ‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അര്‍ണബ് പറയുന്നുണ്ട്. ഈ ചാറ്റില്‍ മോദിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഫെബ്രുവരി 23നുള്ള ചാറ്റില്‍ 'മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും' എന്ന് അര്‍ണബ് പറയുന്നുണ്ട്. അര്‍ണബിന് ബാര്‍ക്ക് സി.ഇ.ഒ ആശംസ അറിയിച്ചു.

റിപബ്ലിക് ടിവിക്കും മറ്റ് രണ്ട് ചാനലുകള്‍ക്കുമായി റേറ്റിങ് തട്ടിപ്പ് നടത്തിയ കേസില്‍ പാര്‍ഥോദാസ് ഗുപ്ത നിലവില്‍ ജയിലിലാണ്. ആരോഗ്യനില മോശമായതോടെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പാര്‍ഥോദാസ് ഗുപ്ത.

TAGS :

Next Story