Quantcast

"അക്രമാസക്തമായ ഹിന്ദുത്വ തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നു" മീന ഹാരിസ്

റിഹാന, ഗ്രെറ്റ തന്‍ബര്‍ഗ്, മീന ഹാരിസ് എന്നിവരുടെ ഫോട്ടോകൾ കത്തിക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെയും മീനാ രംഗത്ത് വന്നു

MediaOne Logo

  • Published:

    6 Feb 2021 10:08 AM GMT

അക്രമാസക്തമായ ഹിന്ദുത്വ തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നു മീന ഹാരിസ്
X

ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധു മീന ഹാരിസ്. അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് മീന ഹാരിസ് ട്വിറ്ററില്‍ കുറിച്ചത്.

അമേരിക്കയിലെ തീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ കുറിച്ചും അവ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ചുമുള്ള ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് ഹിന്ദു തീവ്രവാദത്തിനെതിരെ മീന ട്വീറ്റ് ചെയ്തത്. ‘അക്രമാസക്തമായ ക്രിസ്ത്യന്‍ തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായി’ എന്നാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്.

‘കഴിഞ്ഞ ആഴ്ചയിലെ കാര്യങ്ങള്‍ മാത്രമെടുത്താല്‍ തന്നെ ‘അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ സമയമായി’ എന്ന് ഈ തലക്കെട്ട് മാറ്റിവായിക്കാം. എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു,’ മീന ഹാരിസ് ട്വീറ്റ്.

റിഹാന, ഗ്രെറ്റ തന്‍ബര്‍ഗ്, മീന ഹാരിസ് എന്നിവരുടെ ഫോട്ടോകൾ കത്തിക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെയും മീനാ രംഗത്ത് വന്നു.

തീവ്രവാദികളുടെ ആൾകൂട്ടം നിങ്ങളുടെ ഫോട്ടോ കത്തിക്കുന്നത് കാണുന്നത് വളരെ വിചിത്രമായ അനുഭവമാണ്. നമ്മൾ ഇന്ത്യയിൽ ആയിരുന്നു താമസിച്ചിരുന്നതെങ്കിൽ അവർ എന്തായിരുന്നിരിക്കും ചെയ്യുക എന്ന സങ്കൽപ്പിച്ചുനോക്കൂ എന്നാണ് മീന ഹാരിസ് ഇതിന് ട്വിറ്ററിലൂടെ മറുപടി നൽകിയത്.

'ഞാൻ പറയാം – 23 വയസുള്ള, തൊഴിൽ അവകാശ പ്രവർത്തകയായ നൗദീപ് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. 20 ദിവസത്തിലധികമായി അവളെ ജാമ്യമില്ലാതെ തടഞ്ഞുവച്ചിരിക്കുകയാണ്.' മീന ഹാരിസ് ട്വീറ്റ് ചെയ്തു.

കർഷകരെ പിന്തുണച്ച സ്ത്രീകളുടെ ഫോട്ടോ കത്തിച്ച ധീരന്മാരായ പുരുഷന്മാർ എന്നായിരിക്കും നിങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ വരിക. അത് സ്വാഭാവികമാണ് എന്നാണോ വിചാരിക്കേണ്ടത്? അവർ ചോദിച്ചു.

കർഷക പ്രക്ഷോഭത്തിന് ആഗോള ശ്രദ്ധ നേടികൊടുത്തു കൊണ്ട് പോപ്പ് താരം റിഹാന കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തന്‍ബര്‍ഗ് എന്നിവർ പിന്തുണയുമായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് മീന ഹാരിസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശികൾ അഭിപ്രായം പ്രകടിപ്പിക്കേണ്ട എന്ന് വാദിച്ച് കൊണ്ട് കേന്ദ്ര മന്ത്രിമാരും ബോളിവുഡ് താരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ പ്രതികരിച്ചിരുന്നു.

TAGS :

Next Story