Quantcast

അന്യമായിക്കൊണ്ടിരിക്കുന്ന ഉറവുകള്‍

MediaOne Logo

Ubaid

  • Published:

    6 Jun 2017 10:28 AM GMT

അന്യമായിക്കൊണ്ടിരിക്കുന്ന ഉറവുകള്‍
X

അന്യമായിക്കൊണ്ടിരിക്കുന്ന ഉറവുകള്‍

നഗരത്തില്‍ ജോലി ചെയ്യുന്ന ഒരു മദ്ധ്യ വയസ്‌കയായ സ്ത്രീയുടെ ദൈനം ദിന ജീവിതത്തിലൂടെ കടന്നു പോകുന്ന സിനിമ ഒരേ സമയം സമൂഹത്തിലെ രണ്ടു തട്ടുകളിലെ മനുഷ്യര്‍ക്കിടയില്‍ നില നില്‍ക്കുന്ന വലിയ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കണ്ടു തീര്‍ന്നാലും കാഴ്ചക്കാരന്റെ ഉള്ളില്‍ അനുവാദങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ സ്ഥാനമുറപ്പിക്കുന്ന ചില സിനിമകളുണ്ട്. വലിപ്പച്ചെറുപ്പങ്ങള്‍ക്ക് ഇടമില്ലാതെ കഥാപാത്രങ്ങളും നിശബ്ദതയും ഒരേ പോലെ ഉള്ളില്‍ കിടന്ന് മുളവിളി കൂട്ടിക്കൊണ്ടേയിരിക്കും, സംവദിച്ചു കൊണ്ടേയിരിക്കും. ജലത്തെക്കുറിച്ച്, അത് പ്രകൃതിയുടെ ജീവനില്‍ എങ്ങനെ ലയിച്ചു കിടക്കുന്നു എന്നതിനെ കുറിച്ച്, മനുഷ്യന്റെ അനാവശ്യ ഇടപെടല്‍ കൊണ്ട് ജലക്ഷാമം എവിടെ എത്തി നില്‍ക്കുന്നു എന്നതിനെ കുറിച്ച് സംസാരിക്കുന്ന ' ഉറവ് ' എന്ന ഹൃസ്വ ചിത്രം അത്തരമൊരു ദൃശ്യാനുഭവമാണ് കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്. ഉറവിന്റെ തുടക്കത്തില്‍ തന്നെ സ്‌ക്രീനില്‍ തെളിഞ്ഞു വരുന്നത് സാറാ ജോസഫിന്റെ ആതി എന്ന നോവലിലെ വരികളാണ്.

' എന്നാല്‍ വെള്ളം എല്ലാ കഥകളെയും ഉള്‍ക്കൊള്ളുന്നു. എല്ലാ കഥകളുടെയും അകത്തും പുറത്തും വെള്ളമുണ്ട്. വെള്ളമില്ലാത്ത ഇടത്ത്, വെള്ളത്തിന്റെ പ്രതീക്ഷയാണ് കഥ! '

അതു തന്നെയാണ് സിനിമയിലുടനീളം ദൃശ്യവത്കരിക്കുന്നതും. ആതി ഒരു മുന്നറിയിപ്പായിരുന്നു. എന്നാല്‍ ഉറവ് ഒരു നേര്‍ക്കാഴ്ചയാണ്. തിരസ്‌കരിച്ചു കളയാന്‍ സാധിക്കാത്ത യാഥാര്‍ത്ഥ്യമാണ്. നാഗരിക ലോകത്ത് യാതൊരു ദയാ വായ്പും കൂടാതെ ജലം ദുര്‍വിനിയോഗം ചെയ്യപ്പെടുകയും ഗ്രാമീണ മേഖലകളില്‍ ജലത്തിന്റെ രൂക്ഷമായ ദൗര്‍ലഭ്യം അനുഭവപ്പെടുകയും ചെയ്യു രണ്ടു വ്യത്യസ്ത തലങ്ങളുടെ അതി ഭയാനകമായ യാഥാര്‍ത്യം ലളിതമായും അതേ സമയം കാര്യ ഗൗരവത്തോടു കൂടിയും തുറന്നു കാണിക്കുന്നു ഉറവ്.

നഗരത്തില്‍ ജോലി ചെയ്യുന്ന ഒരു മദ്ധ്യ വയസ്‌കയായ സ്ത്രീയുടെ ദൈനം ദിന ജീവിതത്തിലൂടെ കടന്നു പോകുന്ന സിനിമ ഒരേ സമയം സമൂഹത്തിലെ രണ്ടു
തട്ടുകളിലെ മനുഷ്യര്‍ക്കിടയില്‍ നില നില്‍ക്കുന്ന വലിയ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ നാം അവഗണിക്കുന്ന, അല്ലെങ്കില്‍ മറന്ന് കളയുന്ന ' വെള്ളം ' എന്ന, പ്രകൃതിയുടെ ഏറ്റവും വലിയ അനുഗ്രഹത്തെ സംബന്ധിച്ച അസ്വസ്ഥത ഉളവാക്കുന്ന സത്യാവസ്ഥയെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നിടുന്നത്. ' ജലം ' ഇവിടെ ഒരു പ്രതീകമായിക്കൂടി വായിക്കാവുന്നതാണ്. എല്ലാ തരം മാനുഷിക മൂല്യങ്ങളുടെയും പ്രതീകം. പണത്തിന്റെയും ജീവിത സൗകര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം മനുഷ്യരുടെ ജീവിതത്തെയും ആവശ്യങ്ങളെയും അളക്കപ്പെടുമ്പോള്‍ അവിടെ വെള്ളം ഒരു കച്ചവട വസ്തു മാത്രമായി ചുരുങ്ങുകയും മഴ ഒരു സ്വപ്‌നമായി മാറുകയും ചെയ്യുന്നു. സിനിമയിലുടനീളം കാഴ്ചക്കാരന്റെയുള്ളില്‍ തോന്നുന്ന ഒരു വേദനയുണ്ട്. അത് തന്നെയാണ് സിനിമയുടെ വിജയവും. ഗൗരവമേറിയ ഒരു കലാസൃഷ്ടി എന്ന നിലക്ക് എല്ലാ ഘടകങ്ങളും മുഴച്ചു നില്‍ക്കലുകള്‍ ഇല്ലാതെ കൂട്ടിയിണക്കാന്‍ സംവിധായകനും പിന്നണി പ്രവര്‍ത്തകര്‍ക്കും സാധിച്ചിട്ടുണ്ട്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സംവിധായം ചെയ്തിരിക്കുന്നത് പി സന്ദീപ് ആണ്. എം നൗഷാദ്, ഷഫീക്ക് കൊടിഞ്ഞി, മുഹമ്മദ് അബ്ദുള്‍ റഷീദ്, അനീസ് നാടോടി, ഹരി കൃഷ്ണ, ബിജിഷ എം വി, മുബാറക്ക് വാഴക്കാട്, ഷബ്‌ന സുമയ്യ തുടങ്ങിയവരാണ് ചിത്രത്തന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍.

കോഴിക്കോട് ദേവഗിരി കോളേജില്‍ വെച്ചു നടന്ന ഐവാഹ് 2017 ഹ്രസ്വ ചലച്ചിത്രമേളയില്‍ മികച്ച ഹ്രസ്വ ചിത്രമായി തിരഞ്ഞെടുക്കപ്പെന്ന ഉറവിന് ബ്‌ളോസം ആള്‍ കേരള ഹ്രസ്വ ചിത്ര മേളയില്‍ മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

TAGS :

Next Story