Quantcast

നമസ്‌തേ ട്രംപ്; അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന് നഷ്ടം ഒമ്പതു കോടി രൂപ

2020 ഫെബ്രുവരി 24-25 തിയ്യതികളിലായിരുന്നു നമസ്‌തേ ട്രംപ്

MediaOne Logo

  • Published:

    23 Jan 2021 3:26 AM GMT

നമസ്‌തേ ട്രംപ്; അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന് നഷ്ടം ഒമ്പതു കോടി രൂപ
X

അഹമ്മദാബാദ്: യുഎസ് പ്രസിഡണ്ടായിരിക്കെ ഇന്ത്യ സന്ദര്‍ശിച്ച ഡൊണാള്‍ഡ് ട്രംപിന്റെ അഹമ്മദാബാദ് സന്ദര്‍ശനം ഏറെ ചര്‍ച്ചയായിരുന്നു. ആകെ മൂന്നു മണിക്കൂര്‍ മാത്രമാണ് നമസ്‌തേ ട്രംപ് എന്നു പേരിട്ട പരിപാടിയില്‍ ട്രംപ് ചെലവഴിച്ചത് എങ്കിലും അതിനായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ ഖജനാവില്‍ നിന്ന് ചെലവഴിച്ചത്‌ 9.1 കോടി രൂപയാണ്.

റോഡുകള്‍ നന്നാക്കാനായി 7.86 കോടി രൂപയാണ് ചെലവിട്ടത്. പരിപാടിക്കായി ആളെ എത്തിക്കാന്‍ ബസിന് ചെലവായത് 72 ലക്ഷം രൂപയാണ്. വെള്ളം വിതരണം ചെയ്യുന്നതിന് 26.2 ലക്ഷം രൂപ. മൊട്ടേര സ്റ്റേഡിയത്തിലെ ശുചീകരണത്തിനായി 6.49 ലക്ഷം രൂപ ചെലവായി. ട്രംപിന്റെ യാത്രാ റൂട്ടിലുണ്ടായിരുന്ന രണ്ടു പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും പെയിന്റിങ്ങിനും 11 ലക്ഷം രൂപ ചെലവഴിച്ചു.

സാമൂഹിക പ്രവര്‍ത്തകന്‍ രാജ് സിസോദിയയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇതിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സിസോദിയയ്ക്ക് അധികൃതര്‍ മറുപടി നല്‍കിയത്.

നമസ്‌തേ ട്രംപിനായി 12.5 കോടി രൂപയാണ് ചെലവായത് എന്ന് 2020 ഫെബ്രുവരി 29ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ എട്ടു കോടി സംസ്ഥാന സര്‍ക്കാറും 4.5 കോടി മുനിസിപ്പല്‍ കോര്‍പറേഷനുമാണ് ചെലവഴിച്ചിരുന്നത് എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

നേരത്തെ, ട്രംപിന്റെ യാത്രാ മാര്‍ഗത്തിലുള്ള ചേരികള്‍ മറയ്ക്കാനുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ചേരി മറക്കാനായി നാനൂറു മീറ്റര്‍ നീളത്തിലാണ് സര്‍ക്കാര്‍ മതില്‍ നിര്‍മിച്ചിരുന്നത്.

TAGS :

Next Story