Quantcast

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം, ഭാഗിക മാധ്യമസ്വാതന്ത്ര്യം: ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ താഴേക്ക്

MediaOne Logo

Sithara

  • Published:

    1 Jun 2018 1:34 AM GMT

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം, ഭാഗിക മാധ്യമസ്വാതന്ത്ര്യം: ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ താഴേക്ക്
X

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം, ഭാഗിക മാധ്യമസ്വാതന്ത്ര്യം: ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ താഴേക്ക്

മതേതര രാജ്യമായ ഇന്ത്യയില്‍ തീവ്ര ഹിന്ദുസംഘടനകള്‍ പിടിമുറുക്കിയതോടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക്. 32ആം സ്ഥാനത്തായിരുന്ന ഇന്ത്യ 10 റാങ്ക് താഴോട്ട് പോയി ഇപ്പോള്‍ 42ആം സ്ഥാനത്താണ്. ലണ്ടനിലെ ഇക്കണോമിക് ഇന്‍റലിജന്‍സ് യൂണിറ്റാണ് ആഗോള ജനാധിപത്യ സൂചിക തയ്യാറാക്കിയത്.

മതേതര രാജ്യമായ ഇന്ത്യയില്‍ തീവ്ര ഹിന്ദുസംഘടനകള്‍ പിടിമുറുക്കിയതോടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം ഭാഗികം മാത്രമാണ്. ഭരണകൂടങ്ങളും സേനയും മറ്റ് തീവ്ര സംഘടനകളുമെല്ലാം മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയാണ്. പല പത്രസ്ഥാപനങ്ങളും അടച്ചുപൂട്ടി. ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിക്കുന്നു. 2017ലും അതിന് മുന്‍പത്തെ വര്‍ഷങ്ങളിലെന്ന പോലെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സൂചികയില്‍ ഇന്ത്യയെ പിഴവുകളുള്ള ജനാധിപത്യ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നോര്‍വെയാണ് പട്ടികയില്‍ ഒന്നാമത്. ഐസ്‌ലന്‍ഡും സ്വീഡനുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. അമേരിക്ക 21ആം സ്ഥാനത്താണ്. ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ്, ഇസ്രായേല്‍, സിംഗപ്പൂര്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ക്കും പിഴവുകളുള്ള ജനാധിപത്യ വിഭാഗത്തിലാണ് സ്ഥാനം. ബംഗ്ലാദേശ് 92ആം സ്ഥാനത്തും പാകിസ്താന്‍ 110ആം സ്ഥാനത്തും ചൈന 139ആം സ്ഥാനത്തുമാണ്. ഉത്തര കൊറിയയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

ലണ്ടനിലെ മാധ്യമ ശൃംഖലയായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ വിഭാഗമാണ് ഇക്കണോമിക് ഇന്‍റലിജന്‍സ് യൂണിറ്റ്. 1946ലാണ് ഇഐയു രൂപീകരിച്ചത്. 167 രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തിയാണ് ജനാധിപത്യ സൂചിക തയ്യാറാക്കിയത്.

Next Story