Quantcast

അഗാധമായി സ്‌നേഹിക്കപ്പെടുകയും അതിശക്തമായി തിരസ്‌കരിക്കപ്പെടുകയും ചെയ്ത ഇന്ദിര

പ്രിവി പഴ്‌സ് നിര്‍ത്തലാക്കിയും ബാങ്കുകള്‍ ദേശസാത്കരിച്ചും, നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്റെ നേരവകാശിയായി മാറി. കോണ്‍ഗ്രസിനെ പിളര്‍ത്തി വരുതിയിലാക്കി...

MediaOne Logo

Web Desk

  • Published:

    9 Feb 2019 11:57 AM GMT

അഗാധമായി സ്‌നേഹിക്കപ്പെടുകയും അതിശക്തമായി തിരസ്‌കരിക്കപ്പെടുകയും ചെയ്ത ഇന്ദിര
X

തെരഞ്ഞെടുപ്പ് രംഗങ്ങളില്‍ അഗാധമായി സ്‌നേഹിക്കപ്പെടുകയും അതിശക്തമായി തിരസ്‌കരിക്കപ്പെടുകയും ചെയ്ത ദേശീയ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ഇന്ദിരാഗാന്ധി. അധികാരത്തിന്റെ സ്വേച്ഛാ രൂപമായി ഇന്ത്യ അടക്കി വാണ ഇന്ദിര, അതിവേഗം അടിതെറ്റി ആഴങ്ങളിലേക്ക് വീണു. അപ്പോഴും നിലയ്ക്കാത്ത വീര്യത്തോടെ തെരഞ്ഞെടുപ്പ് പോര്‍ക്കളത്തില്‍ അവര്‍ പൊരുതിക്കയറി.

1964 വരെ നെഹ്‌റു ജയിലില്‍ നിന്ന് അയച്ച കത്തിലൂടെ ലോകത്തെ അറിഞ്ഞ മകളും, അച്ഛന്റെ നിഴലില്‍ വളര്‍ന്ന നേതാവുമായിരുന്നു ഇന്ദിരാഗാന്ധി. നെഹ്രുവിന്റെ മരണത്തോടെ രാജ്യസഭാംഗമായി. പിന്നീട് ലാല്‍ ബഹദൂര്‍ശാസ്ത്രി മന്ത്രിസഭയില്‍ വാര്‍ത്ത പ്രക്ഷേപണ മന്ത്രി. അവിടെ നിന്ന് 1966ല്‍ ആദ്യമായി പ്രധാനമന്ത്രി പദത്തില്‍ എത്തിയപ്പോള്‍, രാജ്യത്തിന്റെ കരുത്തുറ്റ നേതാവായി അതിവേഗം വളര്‍ന്നു ഇന്ദിര.

നെഹ്റുവും ഇന്ദിരയും

1967ലേതായിരുന്നു ഇന്ദിര നേതൃത്വം കൊടുത്ത ആദ്യ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ ഗ്രൂപ്പു പോര് കലുഷിതമായ കാലഘട്ടം. ഇന്ത്യയൊട്ടാകെ പറന്നുചെന്ന് പ്രചണ്ഡ പ്രചാരണമാണ് ഇന്ദിര നടത്തിയത്. ഭുവനേശ്വറിലെ പ്രചാരണ യോഗത്തില്‍ വെച്ചുണ്ടായ കല്ലേറില്‍ മൂക്കിന് പരിക്കേറ്റിട്ടും പിന്‍മാറാത്ത പോരാളിയെ അന്ന് രാജ്യം കണ്ടു. അന്ന് കുറഞ്ഞ ഭൂരിപക്ഷത്തിനാണെങ്കിലും ഇന്ദിര ജയിച്ച് പ്രധാനമന്ത്രിയായി.

പാവ പ്രധാനമന്ത്രിയാകുമെന്ന് കൂടെയുള്ളവര്‍ വരെ കരുതിയ ഇന്ദിര പക്ഷേ തുടങ്ങുകയായിരുന്നു. പ്രിവി പഴ്‌സ് നിര്‍ത്തലാക്കിയും ബാങ്കുകള്‍ ദേശസാത്കരിച്ചും, നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്റെ നേരവകാശിയായി മാറി. കോണ്‍ഗ്രസിനെ പിളര്‍ത്തി വരുതിയിലാക്കി. 1971ലെ അഞ്ചാം പൊതു തെരഞ്ഞെടുപ്പ്, ഇന്ദിരയെ അനുകൂലിക്കുന്നവരും ഇന്ദിരയെ എതിര്‍ക്കുന്നവരും തമ്മിലുള്ള പോരാട്ടം. ഇന്ദിരാ ഹഠാവോ എന്നതായിരുന്നു എതിരാളികളുടെ മുദ്രാവാക്യം. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യവുമായി ഇന്ദിരയും കളത്തിലിറങ്ങി. ഇന്ദിരാ ഹഠാവോ എന്ന പ്രതിപക്ഷ മുദ്രാവാക്യം, ഗ്രാമീണ ഇന്ത്യയുടെ ഇരമ്പലില്‍ നിലംപരിശായി. വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും ഇന്ദിര പ്രധാനമന്ത്രി പദത്തിലേക്ക്.

സഞ്ജയും ഇന്ദിരയും

കിഴക്കന്‍ പാകിസ്താന്റെ വിമോചനത്തിനായുള്ള യുദ്ധത്തിലെ ഐതിഹാസിക വിജയത്തോടെ ഇന്ത്യന്‍ ദുര്‍ഗയെന്ന് പ്രതിപക്ഷം വരെ വാഴ്ത്തി. പക്ഷെ രാജ് നാരായണ്‍ നല്‍കിയ തിരഞ്ഞെടുപ്പ് കേസില്‍ തോറ്റ്, എം.പി സ്ഥാനത്ത് നിന്ന് ഇന്ദിര അയോഗ്യയായി. തുടര്‍ന്ന് 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രക്തം കുടിക്കുന്ന കാളിയെന്ന് ജനം അമര്‍ഷത്തോടെ വിളിച്ചു. 1977 ല്‍ റായ്ബറേലിയില്‍ അടക്കം അടിപതറി, ഇന്ദിര നിലംപറ്റി.

അധികാരത്തിലേറിയ ജനതാ സര്‍ക്കാര്‍ ഇന്ദിരയെ തിരികെ വേട്ടയാടി. പക്ഷെ ഇന്ദിരയിലെ നിലയ്ക്കാത്ത പോരാട്ട വീര്യം കോണ്‍ഗ്രസിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു. ചിക്കമംഗലൂര്‍ ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും ലോക്‌സഭയിലെത്തി. ദളിത് കൂട്ടക്കൊല നടന്ന ബീഹാറിലെ ബെല്‍ച്ചിയിലേക്ക് ട്രക്കിലും ആനപ്പുറത്തും കയറി അവരെത്തി, രാഷ്ട്രീയ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇര പരിവേഷവും പ്രതിപക്ഷ ശൈഥില്യവും മൂലം, 1980ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിര അമ്പരപ്പിക്കുന്ന വിജയം നേടി. ഇന്ദിര മുന്നില്‍ നിന്ന് നയിച്ച അവസാന തെരഞ്ഞെടുപ്പായിരുന്നു അത്. കോണ്‍ഗ്രസ് തന്നെ പഞ്ചാബില്‍ വളര്‍ത്തി വിട്ട ഭീന്ദ്രന്‍വാല, ആയുധമണിഞ്ഞപ്പോള്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടത്തി സുവര്‍ണക്ഷേത്രം മോചിപ്പിച്ചു.

ബ്ലൂ സ്റ്റാര്‍ ഓപറേഷന്റെ പേരില്‍ 84ല്‍ അംഗരക്ഷകരാല്‍ വെടിയേറ്റ് വീണതോടെ ഇന്ദിരയും ചരിത്രത്തിലേക്ക്. സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റണോ എന്ന് മുമ്പ് ചോദിച്ചപ്പോള്‍ ഇന്ദിര നല്‍കിയ മറുപടി, നമുക്ക് പിന്നെന്ത് മതേതരത്വം എന്നായിരുന്നു. ആ മറുപടിയിലുണ്ട് അവരുടെ നിലപാടും ധീരതയും. പക്ഷെ അവരുടെ ആത്മവിനാശത്തിന് കാരണമായത് അധികാര ഭ്രമത്തെയാണ് എന്നത് മറ്റൊരു ദുഃഖസത്യം.

TAGS :

Next Story