Quantcast

ബദായൂണില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിനെതിരെ ആഞ്ഞടിക്കാനുറച്ച് കോണ്‍ഗ്രസ്

ആദ്യത്തെ 11 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ തന്നെ മുന്‍കേന്ദ്ര മന്ത്രി സലീം ഇഖ്ബാല്‍ ശെര്‍വാണിയെ, സമാജ്‌വാദി പാര്‍ട്ടിയുടെ ഈ കുടുംബ തട്ടകത്തില്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത്..

MediaOne Logo

Web Desk

  • Published:

    12 March 2019 2:23 PM GMT

ബദായൂണില്‍ എസ്.പി-ബി.എസ്.പി സഖ്യത്തിനെതിരെ ആഞ്ഞടിക്കാനുറച്ച് കോണ്‍ഗ്രസ്
X

കോണ്‍ഗ്രസും മതേതര മുന്നണിയും തമ്മിലെ പോര് ഉത്തര്‍പ്രദേശില്‍ ഒട്ടും സൗഹാര്‍ദപരമാവില്ലെന്ന സൂചന നല്‍കുന്ന മണ്ഡലമാണ് ബദായൂണ്‍. പ്രഖ്യാപിച്ച ആദ്യത്തെ 11 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ തന്നെ മുന്‍കേന്ദ്ര മന്ത്രി സലീം ഇഖ്ബാല്‍ ശെര്‍വാണിയെ, സമാജ്‌വാദി പാര്‍ട്ടിയുടെ ഈ കുടുംബ തട്ടകത്തില്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത് പോരാട്ടം കൊഴുപ്പിക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. 80 മണ്ഡലങ്ങളിലും ഇതാവര്‍ത്തിച്ചാല്‍ മായാവതി-അഖിലേഷ് സഖ്യത്തിന്കാര്യങ്ങള്‍ വിചാരിച്ചതു പോലെ എളുപ്പമാവില്ല.

കോണ്‍ഗ്രസും മഹാസഖ്യവും സമാനലക്ഷ്യത്തോടെ ബി.ജെ.പിക്കെതിരെ പൊരുതുകയാണെന്ന സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അവകാശവാദമാണ് ബദായൂണില്‍ തകര്‍ന്നടിയുന്നത്. അഖിലേഷ് യാദവിന്റെ പിതൃസഹോദരപുത്രനായ ധര്‍മേന്ദ്ര യാദവ് കയ്യടക്കിവെച്ച മണ്ഡലത്തില്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം സലീം ഇഖ്ബാല്‍ ശെര്‍വാണി മല്‍സരിക്കാനെത്തിയത് സമാജ്‌വാദിയുടെ മുസ്‌ലിം വോട്ടുകള്‍ പിളര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടു തന്നെയാണ്. ബി.ജെ.പിക്ക് ഇതുവരെയും മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനായിട്ടില്ലെങ്കിലും സ്വാമി ചിന്‍മയാനന്ദയുടെ പേര് പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നതായാണ് സൂചന. ഒരു കരുത്തനെ ബി.ജെ.പി രംഗത്തിറക്കിയാല്‍ മണ്ഡലത്തിലെ മല്‍സരം കൊഴുക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

മധ്യപ്രദേശിലും രാജസ്ഥാനിലും നടന്ന അസംബ്‌ളി തെരഞ്ഞെടുപ്പുകളിലും ഒടുവില്‍ യു.പിയിലും കോണ്‍ഗ്രസിനെതിരെ അഖിലേഷും മായാവതിയും നടത്തിയ കാലുവാരലിന് തുല്യനാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. സമാജ്‌വാദി-ബി.എസ്.പി വിമതര്‍ക്ക് യു.പിയിലുടനീളം കോണ്‍ഗ്രസ് ടിക്കറ്റുകള്‍ നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. വിലപേശുകയാണോ പാഠംപഠിപ്പിക്കുകയാണോ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നറിയാന്‍ ശേഷിച്ച മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക കൂടെ പുറത്തുവരുന്നത് നോക്കിയിരിക്കുകയാണ് മഹാസഖ്യം.

TAGS :

Next Story