Quantcast

ഗോവയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; എം.ജി.പിക്ക് ബി.ജെ.പിയുടെ തിരിച്ചടി

ബി.ജെ.പി സര്‍ക്കാരിന്‍റെ ചെയ്തികള്‍ ജനങ്ങള്‍ കാണുന്നുണ്ടെന്നും അവര്‍ അതിന് മറുപടി നല്‍കുമെന്നും സുദിന്‍ ധവാലിക്കര്‍ പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    27 March 2019 12:30 PM GMT

ഗോവയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; എം.ജി.പിക്ക് ബി.ജെ.പിയുടെ തിരിച്ചടി
X

മനോഹര്‍ പരീക്കറിന്റെ മരണത്തിന് പിന്നാലെ ഗോവ എന്‍.ഡി.എയെ പ്രതിസന്ധിയിലാക്കിയ സഖ്യകക്ഷി മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയെ തകര്‍ത്തെറിഞ്ഞ് ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കം. എം.ജി.പിയുടെ മൂന്ന് എം.എല്‍.എമാരില്‍ രണ്ട് പേരെ ബി.ജെ.പിയിലെത്തിച്ചതിന് പിന്നാലെ മൂന്നാമനായ സുദിന്‍ ധവാലിക്കറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. എം.ജി.പിയില്‍ നിന്ന് ബി.ജെ.പിയില്‍ എത്തിയ ദീപക് പവാസ്കര്‍ പുതിയ ഉപമുഖ്യമന്ത്രിയാകും.

ഗോവയില്‍ രാഷ്ട്രീയ നാടകം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരെ ബി.ജെ.പി സ്വന്തം പാളയത്തില്‍ എത്തിച്ചത്. പിന്നാലെ എം.ജി.പി എം.എല്‍.എയും ഗോവ ഉപമുഖ്യമന്ത്രിയുമായ സുദിന്‍ ധവാലിക്കറെ സ്ഥാനത്ത് നിന്ന് നീക്കി. ഗോവയിലെ എന്‍.ഡി.എ സഖ്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് ധവാലിക്കറെ നീക്കുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

ബി.ജെ.പി സര്‍ക്കാരിന്‍റെ ചെയ്തികള്‍ ജനങ്ങള്‍ കാണുന്നുണ്ടെന്നും അവര്‍ അതിന് മറുപടി നല്‍കുമെന്നും സുദിന്‍ ധവാലിക്കര്‍ പ്രതികരിച്ചു. മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷം മന്ത്രിസഭ രൂപീകരിച്ച പ്രമോദ് സാവന്ത് സര്‍ക്കാരില്‍ സമ്മര്‍ദ്ദം പ്രയോഗിച്ചായിരുന്നു സുധിന്‍ ധവാലിക്കര്‍ ഉപമുഖ്യമന്ത്രി സ്ഥാനം നേടിയെടുത്തത്. ഉപമുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്നായിരുന്നു മൂന്ന് എം.എല്‍.എമാരുള്ള എം.ജി.പിയുടെ ഭീഷണി. എന്നാല്‍ രണ്ടാഴ്ച തികയും മുമ്പ് രണ്ട് എം.എല്‍എമാരെ സ്വന്തം തട്ടകത്തിലെത്തിച്ച ബി.ജെ.പി ധവാലിക്കറിന്റെ വിലപേശലിനുള്ള മറുപടിയും നല്‍കി. പുതുതായി 2 എം.എല്‍.എമാര്‍ കൂടി എത്തിയതോടെ ഗോവ നിയമസഭയില്‍ ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റെയും അംഗസഖ്യ 14 വീതമായി.

TAGS :

Next Story