Quantcast

38,000 രൂപ ടെലിഫോണ്‍ ബില്ലടച്ചില്ല; ബി.ജെ.പി എം.പിക്കെതിരെ പരാതിയുമായി ബി.എസ്.എന്‍.എല്‍

പീലിഭിത്ത് എം.പിയായിരിക്കെ 2009-2014 കാലഘട്ടത്തില്‍ മുടക്കംവരുത്തിയ 38,000 രൂപയുടെ ബില്‍ അടക്കണമെന്നാണ് 

MediaOne Logo

Web Desk

  • Published:

    10 April 2019 11:00 AM GMT

38,000 രൂപ ടെലിഫോണ്‍ ബില്ലടച്ചില്ല; ബി.ജെ.പി എം.പിക്കെതിരെ പരാതിയുമായി ബി.എസ്.എന്‍.എല്‍
X

ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. 38,000 രൂപയുടെ ടെലിഫോണ്‍ ബില്‍ വരുണ്‍ ഗാന്ധി അടച്ചിട്ടില്ലെന്ന് ആരോപിച്ചാണ് ബി.എസ്.എന്‍.എല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പീലിഭിത്ത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ബി.എസ്.എന്‍.എല്‍ കത്ത് നല്‍കി. പീലിഭിത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന വരുണിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

പീലിഭിത്ത് എം.പിയായിരിക്കെ 2009-2014 കാലഘട്ടത്തില്‍ മുടക്കംവരുത്തിയ 38,000 രൂപയുടെ ബില്‍ അടക്കണമെന്നാണ് മാര്‍ച്ച് 30 ന് നല്‍കിയ കത്തിലെ ആവശ്യം. നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാട്ടി അറിയിപ്പുകള്‍ നല്‍കിയെങ്കിലും വരുണ്‍ മുന്നറിയിപ്പുകള്‍ അവഗണിക്കുകയായിരുന്നുവെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ കത്തില്‍ പറയുന്നു. വരുണ്‍ ഗാന്ധിയുടെ ഓഫീസിന് അനുവദിച്ച ടെലിഫോണിന്റെ ബില്ലാണ് അടക്കാതിരുന്നത്. പീലിഭിത്ത് സീറ്റില്‍ നിന്നും മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച വരുണ്‍ ഗാന്ധിക്ക് ബി.എസ്.എന്‍.എലില്‍ നിന്ന് എന്‍.ഒ.സി നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മുഴുവന്‍ സ്ഥാനാര്‍ഥികളും നാമനിര്‍ദേശ പത്രികയോടൊപ്പം സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിക്കുന്ന എന്‍.ഒ.സി കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. ഇത് ലംഘിക്കപ്പെട്ടാല്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കാന്‍ അധികാരമുണ്ടെന്നും ബി.എസ്.എന്‍.എല്‍ പ്രതിനിധി പറഞ്ഞു.

TAGS :

Next Story