Quantcast

പ്രിയങ്കയുടെ വരാണസിയിലെ സ്ഥാനാര്‍ഥിത്വത്തില്‍ സസ്പെന്‍സ് തുടരുന്നു

ഏഴാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വരാണസിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ 6 ദിവസം മാത്രമാണ് ശേഷിക്കുന്നത്

MediaOne Logo

Web Desk

  • Published:

    24 April 2019 3:06 AM GMT

പ്രിയങ്കയുടെ വരാണസിയിലെ സ്ഥാനാര്‍ഥിത്വത്തില്‍ സസ്പെന്‍സ് തുടരുന്നു
X

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വരാണസിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച സസ്പെന്‍സ് തുടരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടല്‍ മത്സരിക്കാന്‍ തയ്യാറാണെന്നാണ് പ്രിയങ്ക ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള പ്രതികരണം. ഏഴാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ 6 ദിവസം മാത്രമാണ് ശേഷിക്കുന്നത്.

എന്‍.ഡി.എക്ക് എതിരെ നിര്‍ണായക പോരാട്ടം കാഴ്ച വയ്ക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വന്നാല്‍ ചിത്രം പൂര്‍ണമായി മാറും. എന്നാല്‍ വാരണാസിയില്‍ പത്രികാ സമര്‍പ്പണത്തിന് 6 ദിവസം മാത്രം ശേഷിക്കുമ്പോഴും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രഖ്യാപനത്തിന് തയ്യാറായിട്ടില്ല. മത്സരിക്കുന്നുണ്ട് എങ്കില്‍ പ്രഖ്യാപനം നീളുന്നത് ഗുണകരമാകില്ലെന്ന അഭിപ്രായം നേതാക്കളില്‍ ഒരു വിഭാഗത്തിനുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നാണ് ഒരോ പ്രചാരണ വേദിയിലും പ്രിയങ്ക ഗാന്ധി ആവര്‍ത്തിക്കുന്നത്.

പ്രിയങ്ക അല്ലാതെ മണ്ഡലത്തില്‍ ആരെ പ്രഖ്യാപിച്ചാലും ശക്തമായ പോരാട്ടത്തിന് പോലും കോണ്‍ഗ്രസിന് പ്രാപ്തിയില്ലെന്ന പ്രചാരണമാകും ബി.ജെ.പി ഉയര്‍ത്തുക. രാഹുല്‍ രണ്ടാം മണ്ഡലമായ വയനാട്ടില്‍ നില്‍ക്കുകയും പ്രിയങ്കയെ അമേഠി ഉപതെരഞ്ഞെടുപ്പില്‍ ഇറക്കാനുമാണ് കോണ്‍ഗ്രസ് ആലോചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എസ്പി - ബി.എസ്.പി സഖ്യം എസ്.പി നേതാവായ ശാലിനി യാദവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പ്രചരണം ശക്തമാക്കിക്കഴിഞ്ഞു. 2014ല്‍ എ.എ.പി സ്ഥാനാര്‍ത്ഥി അരവിന്ദ് കേജ്‍രിവാളിന് പിന്നിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായുടെ സ്ഥാനം.

TAGS :

Next Story