Quantcast

ലോകസഭ തെരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കുന്ന അഞ്ച് സംസ്ഥാന സര്‍ക്കാരുകള്‍

മധ്യപ്രദേശ്, മണിപ്പൂര്‍, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളാണ് ആടിയുലഞ്ഞു നില്‍ക്കുന്നത്.

MediaOne Logo

Web Desk

  • Published:

    22 May 2019 1:36 PM GMT

ലോകസഭ തെരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കുന്ന അഞ്ച് സംസ്ഥാന സര്‍ക്കാരുകള്‍
X

മെയ് 23ന് ലോകസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളാണ് വരുന്നതെങ്കിലും അഞ്ച് സംസ്ഥാന സര്‍ക്കാരുകളുടെ കൂടി ഭാവി ഈ തെരഞ്ഞെടുപ്പ് തീരുമാനിക്കും. നിയമസഭകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളും മുന്നണികളിലെ ഐക്യകുറവുമാണ് സര്‍ക്കാരുകള്‍ക്ക് വെല്ലുവിളിയാകുന്നത്. മധ്യപ്രദേശ്, മണിപ്പൂര്‍, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളാണ് ആടിയുലഞ്ഞു നില്‍ക്കുന്നത്.

മധ്യപ്രദേശ് - എക്‌സിറ്റ് പോളുകള്‍ പുറത്തു വന്നതിന് പിന്നാലെ ബി.ജെ.പി നടത്തിയ പ്രധാന രാഷ്ട്രീയ നീക്കങ്ങളിലൊന്ന് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെതിരെയായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന് മതിയായ ഭൂരിപക്ഷമില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും കാണിച്ച് ബി.ജെ.പി സംസ്ഥാന ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സമീപിച്ചു. വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന പ്രതികരണത്തിലൂടെയാണ് കമല്‍നാഥ് ബി.ജെ.പി ശ്രമത്തെ പ്രതിരോധിച്ചത്.

കമല്‍നാഥ്

ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും കോണ്‍ഗ്രസിന്(114) മധ്യപ്രദേശില്‍ കേവലഭൂരിപക്ഷത്തില്‍ നിന്നും രണ്ട് സീറ്റുകളുടെ കുറവുണ്ട്. നാല് സ്വതന്ത്രരും രണ്ട് ബി.ജെ.പി ഒരു എസ്.പി എം.എല്‍.എമാരുടെ പിന്തുണയും ലഭിച്ചതോടെയാണ് കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചത്. ബി.ജെ.പിക്ക് 109 എം.എല്‍.എമാരാണ് നിലവില്‍ മധ്യപ്രദേശ് നിയമസഭയിലുള്ളത്. രണ്ട് എം.എല്‍.എമാരുള്ള ബി.എസ്.പിയും മായാവതിയും കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നുവെന്ന ഭീഷണിയും നിലവിലുണ്ട്.

തമിഴ്‌നാട് - ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടന്ന തമിഴ്‌നാട്ടിലെ 22 നിയമസഭകളുടേയും ഫലപ്രഖ്യാപനം മെയ് 23ന് വരും. ഈ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം എടപ്പാടി പളനിസ്വാമി സര്‍ക്കാരിന്റെ ഭാവികൂടിയാകും തീരുമാനിക്കുക. ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ വിട്ട 18 എം.എല്‍.എമാരുടെ സീറ്റുകളിലേക്ക് കൂടി ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ഒ പനീര്‍സെല്‍വം, എടപ്പാടി പളനിസ്വാമി

നിലവില്‍ സ്പീക്കര്‍ അടക്കം 113 അംഗങ്ങളുടെ പിന്തുണയാണ് 234 അംഗ നിയമസഭയില്‍ എ.ഐ.എ.ഡി.എം.കെക്കുള്ളത്. ഡി.എം.കെക്ക് 97 അംഗങ്ങളുണ്ട്. 21 സീറ്റുകള്‍ കൂടി ലഭിച്ചാല്‍ ഡി.എം.കെ അധികാരം പിടിക്കും. അസംഭവ്യമെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ അത്തരമൊരു അട്ടിമറിസാധ്യതയെ പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ല.

ഗോവ - നാല് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഗോവയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ നാലിലും വിജയിക്കാനായാല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും കോണ്‍ഗ്രസ്, ബി.ജെ.പി സഖ്യങ്ങള്‍ക്ക് 20 വീതം സീറ്റുകളാവുകയും ചെയ്യും. നിലവില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടി(3)യുടേയും സ്വതന്ത്രരുടേയും(3) പിന്തുണയിലാണ് ബി.ജെ.പി ഗേവ ഭരിക്കുന്നത്. കോണ്‍ഗ്രസിന് ഒന്നുവീതം എന്‍.സി.പി എം.ജി.പി എം.എല്‍.എമാരുടെ പിന്തുണ നിലവിലുണ്ട്.

മണിപ്പൂര്‍ - ബി.ജെ.പിയുമായുള്ള സഖ്യകാര്യത്തില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമായിരിക്കും അന്തിമതീരുമാനമെടുക്കുകയെന്ന് നാഗ പീപ്പിള്‍ ഫ്രണ്ട് മെയ് 18ന് വ്യക്തമാക്കിയിരുന്നു. മണിപ്പൂരിലെ ബി.ജെ.പി സഖ്യ സര്‍ക്കാരിന് നാല് എന്‍.പി.എഫ് എം.എല്‍.എമാരുടെ പിന്തുണയുമുണ്ട്. നിലവില്‍ 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ ബി.ജെ.പി സഖ്യത്തിന് 37 അംഗങ്ങളുടെ പിന്തുണയും പ്രതിപക്ഷത്തിന് 23 അംഗങ്ങളുടെ പിന്തുണയുമാണുള്ളത്. 2017ല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 28 എം.എല്‍.എമാരുമായി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നത്. എന്നാല്‍ പിന്നീട് എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടുപോവുകയായിരുന്നു.

കര്‍ണ്ണാടക - നിലവില്‍ കര്‍ണ്ണാടകയിലെ കുമാരസ്വാമി മന്ത്രിസഭക്ക് കാര്യമായ വെല്ലുവിളികളില്ല. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് 106 അംഗങ്ങളുടെ പിന്തുണയുണ്ട്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 103 അംഗങ്ങളുടെ പിന്തുണയും. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായാല്‍ അത് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തെ തന്നെ ബാധിക്കാന്‍ സാധ്യതയേറെ.

റോഷന്‍ ബെയ്ഗ്

കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ പരസ്പരം വീറോടെ ഏറ്റുമുട്ടിയവരാണ് കോണ്‍ഗ്രസും ജെ.ഡി.എസും. നേതൃതലത്തിലെ സഖ്യം താഴെത്തട്ടില്‍ ഫലപ്രദമായോ എന്നതിന്റെ കൂടി വിശകലനമാകും ലോകസഭാ തെരഞ്ഞെടുപ്പ് ഫലം. കര്‍ണ്ണാടക നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി(104) സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം കാത്തിരിക്കുകയാണ്. എക്‌സിറ്റ് പോള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എയായ റോഷന്‍ ബെയ്ഗ് പരസ്യമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചിരുന്ന റോഷന്‍ ബെയ്ഗിനെ പോലുള്ള അസംതൃപ്തര്‍ നിരവധിയാണെന്നതും കുമാരസ്വാമി സര്‍ക്കാരിനെ മുള്‍മുനയിലാക്കുന്നുണ്ട്.

TAGS :

Next Story