Quantcast

പൊലീസിനെ സല്യൂട്ട് ചെയ്യുന്ന ‘എം.പി’; വൈറല്‍ ചിത്രത്തിന് പിന്നിലെ കൗതുകം

ഇദ്ദേഹത്തിന്റെ ഒരു ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

MediaOne Logo

Web Desk

  • Published:

    26 May 2019 8:19 AM GMT

പൊലീസിനെ സല്യൂട്ട് ചെയ്യുന്ന ‘എം.പി’; വൈറല്‍ ചിത്രത്തിന് പിന്നിലെ കൗതുകം
X

ഓരോ തെരഞ്ഞെടുപ്പ് കാലത്തും ഒട്ടേറെ കൗതുകങ്ങള്‍ക്ക് രാജ്യം സാക്ഷിയാകാറുണ്ട്. അതുപോലൊന്ന് ഇത്തവണ ആന്ധ്രാപ്രദേശിലുമുണ്ടായി. പ്രോട്ടോക്കോള്‍ പ്രകാരം ഒരു പാര്‍ലമെന്റ് അംഗത്തിന് പൊലീസ് ഓഫീസര്‍മാര്‍ സല്യൂട്ട് നല്‍കുന്നത് പതിവാണ്. എന്നാല്‍ പൊലീസ് ഓഫീസര്‍മാരുടെ ആ ആദരത്തിന് തിരിച്ച് സല്യൂട്ട് നല്‍കുന്നവര്‍ കുറവായിരിക്കും.

പക്ഷേ ആന്ധ്രാപ്രദേശിലെ ആനന്ദാപൂര്‍ ജില്ലയിലെ ഹിന്ദുപുരില്‍ നിന്നും എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ഗൊരാന്ദ്‍ല മാധവ് പൊലീസ് ഓഫീസര്‍മാര്‍ക്ക് തിരിച്ചും സല്യൂട്ട് നല്‍കുന്നവരില്‍ ഒരാളാണ്. കാരണമാണ് രസകരം. മുന്‍ സര്‍ക്കിള്‍ ഇന്‍സ്‍പെക്ടറായ മാധവ്, വൈ.എസ്.ആര്‍.സി.പി ടിക്കറ്റില്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ജനകീയ നേതാവാണ്. അതും ടി.ഡി.പിയുടെ സിറ്റിങ് എം.പി കൃസ്തപ്പ നിമ്മലയെ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഒരു ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എം.പിയായെന്ന് കരുതി വന്ന വഴി മറക്കുന്നയാളല്ല മാധവെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രം.

വോട്ടെണ്ണല്‍ ദിവസം വിജയം ഉറപ്പിച്ച മാധവ്, കൌണ്ടിങ് സ്റ്റേഷന് പുറത്ത് തന്റെ മുന്‍ മേധാവികളില്‍ ഒരാളായ ഡി.വൈ.എസ്.പി മഹ്ബൂബ് ബാഷയ്ക്ക് സല്യൂട്ട് നല്‍കുന്നതാണ് ചിത്രം. ഇവിടെയും ചെറിയൊരു ട്വിസ്റ്റുണ്ട്. ഡി.വൈ.എസ്.പിയെ കണ്ട മാത്രയില്‍ ആദ്യം സല്യൂട്ട് നല്‍കിയത് മാധവായിരുന്നു. ഇതിന് ശേഷമാണ് ഡി.വൈ.എസ്.പി സല്യൂട്ട് നല്‍കിയത്. തെരഞ്ഞെടുപ്പ് മത്സരിക്കാനായി ഇക്കഴിഞ്ഞ ഡിസംബറിലാണ് മാധവ് സര്‍വീസില്‍ നിന്നും സ്വയം വിരമിക്കല്‍ നടത്തിയത്.

ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് മാധവ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആദ്യം പൊലീസ് സേന മാധവിന്റെ രാജി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. തുടര്‍ന്ന് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഇടപെട്ടാണ് മാധവിന് തുണയായെത്തിയത്.

TAGS :

Next Story