Quantcast

ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് ‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം

അതേസമയം കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ വിലക്കില്ല. പ്രതിപക്ഷ നേതാവും കെ.പി സി.സി പ്രസിഡന്റും ഹൈക്കമാന്റുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    30 May 2019 11:07 AM GMT

ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് ‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം
X

കോണ്‍ഗ്രസ് വക്താക്കള്‍ ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് എ.ഐ.സി.സി നിര്‍ദേശം. പാര്‍ട്ടി പരാജയം, രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനം എന്നിവയില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കുന്നതിനാണ് ഈ നീക്കം. എന്നാല്‍ കേരള നേതാക്കള്‍ക്ക് വിലക്കില്ല. രാഹുലിനെ പിന്തിരിപ്പിക്കാന്‍ കോൺഗ്രസ് രാജ്യവ്യാപകമായി പ്രകടനങ്ങള്‍ തുടരും. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ യോഗം ചേര്‍ന്നേക്കും.

തെരഞ്ഞെടുപ്പിലേറ്റ പരാജയവും തൊട്ട് പിന്നാലെയുള്ള അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജി പ്രഖ്യാപനവും വലിയ ക്ഷീണമാണ് പാര്‍ട്ടിക്കുണ്ടാക്കിയത്. രാഹുല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ പ്രതിസന്ധിയില്‍ നിന്നും കരകയറാനായിട്ടില്ല. ഇതിനിടെ നേതാക്കളുടെയും വക്താക്കളുടെയും ഭിന്നാഭിപ്രായങ്ങളും വിവാദ പ്രസ്താവനകളും പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്. അനാവശ്യ പ്രതികരണങ്ങള്‍ നടത്തരുതെന്ന് പ്രവര്‍ത്തക സമിതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ വക്താക്കള്‍ പങ്കെടുക്കേണ്ടെന്ന എ.ഐ.സി.സി തീരുമാനം. പ്രാദേശിക വക്താക്കളുടെ കാര്യത്തില്‍ പി.സി.സികള്‍ക്ക് തീരുമാനമെടുക്കാം.

രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാന്‍ രാഹുൽ രാജി പിൻവലിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാജ്യവ്യാപകമായി പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നത്. പി.സി.സി, ഡി.സി.സി ഓഫിസുകൾ കേന്ദ്രീകരിച്ചാണ് പരിപാടി. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ നാളെ പ്രതിപക്ഷ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേരാനിടയുണ്ട്.

അതേസമയം ശനിയാഴ്ച ഡല്‍ഹിയില്‍ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേര്‍ന്ന് ലോക്സഭ കക്ഷി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെ തീരുമാനിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരും പാർട്ടി ജനറൽ സെക്രട്ടറിമാരും പങ്കെടുക്കും. സന്നദ്ധത അറിയിച്ചാൽ രാഹുലാകും കക്ഷി നേതാവ്. ഇല്ലെങ്കിൽ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ എന്നിവരിൽ ആരെയെങ്കിലും തെരഞ്ഞെടുക്കും.

TAGS :

Next Story