Quantcast

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസ് മുന്നേറ്റം 

എല്ലാ സിറ്റി മുനിസിപ്പാലിറ്റികളിലും ടൗണ്‍ മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയപ്പോള്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ബി.ജെ.പി പിടിച്ചു നിന്നത്. 

MediaOne Logo

Web Desk

  • Published:

    31 May 2019 3:38 PM GMT

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസ് മുന്നേറ്റം 
X

കർണാടകയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റം. 1361 വാർഡുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 509ഉം കോണ്‍ഗ്രസ് നേടി. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം നടത്തിയ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താനായതിന്റെ ആശ്വാസത്തിലാണ് പാര്‍ട്ടി. ഒറ്റയ്ക്ക് മത്സരിച്ച ജെ.ഡി.എസ് 174 സീറ്റുകളില്‍ വിജയിച്ചു. 366 സീറ്റുകളാണ് ബി.ജെ.പി നേടിയത്.

ബി.എസ്.പി മൂന്നും സി.പി.എം രണ്ടും സീറ്റുകളില്‍ വിജയിച്ചു. 160 ഇടത്ത് സ്വതന്ത്രര്‍ ജയിച്ചപ്പോള്‍, മറ്റു പാര്‍ട്ടികള്‍ക്ക് ഏഴ് സീറ്റുകള്‍ ലഭിച്ചു. സഖ്യസര്‍ക്കാരില്‍ പങ്കാളികളായ കോണ്‍ഗ്രസും ജെ.ഡി.എസും ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയുടെ മുന്നേറ്റം കണ്ടത് ടൗണ്‍പഞ്ചായത്തുകളിലാണ്. എന്നാല്‍ സിറ്റി മുൻസിപ്പൽ കൗൺസിൽ, ടൗൺ മുൻസിപ്പൽ കൗൺസിൽ എന്നിവയിൽ കോൺഗ്രസിനാണ് മേൽക്കൈ.

30 ടൗൺ മുനിസിപ്പാലിറ്റികളിൽ 12 ഇടത്ത് കോൺഗ്രസ് വിജയിച്ചു. രണ്ട് സിറ്റി മുനിസിപ്പാലിറ്റികളും കോൺഗ്രസ് പിടിച്ചെടുത്തു. 63 അർബൻ ലോക്കൽ ബോഡികളിലെ 1361 വാർഡുകളിലേക്കാണ് മെയ് 29ന് വോട്ടെടുപ്പ് നടന്നത്.

പാർട്ടിക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്ന് കർണാടകയിലെ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരിച്ചു. എന്നാൽ സംസ്ഥാനത്ത് സഖ്യം വിജയിച്ചുവെന്നും സഖ്യം കൂടുതൽ കാലം നീളില്ലെന്ന് കളിയാക്കിയവർക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ജനങ്ങൾക്ക് സഖ്യ സർക്കാറിലുള്ള വിശ്വാസമാണ് വിധിയെഴുത്തിലൂടെ വ്യക്തമായതെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

TAGS :

Next Story