Quantcast

കുടിവെള്ളക്ഷാമം, കേരളത്തിന്റെ സഹായം സ്വാഗതം ചെയ്ത് തമിഴ്‌നാട് 

ദിവസം 20 ലക്ഷം ലിറ്റര്‍ ജലം ആവശ്യപ്പെട്ട് കേരളത്തിന് കത്ത് നല്‍കും.

MediaOne Logo

Web Desk

  • Published:

    21 Jun 2019 9:55 AM GMT

കുടിവെള്ളക്ഷാമം, കേരളത്തിന്റെ സഹായം സ്വാഗതം ചെയ്ത് തമിഴ്‌നാട് 
X

ചെന്നൈയിലെയും തമിഴ്‌നാടിന്റെ വിവിധ മേഖലകളിലെയും ജലക്ഷാമം പരിഹരിയ്ക്കാന്‍ തീവ്രനടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുമതി നല്‍കണം. പ്രതിദിനം 20 ലക്ഷം ലിറ്റര്‍ ജലം ലഭ്യമാക്കിയാല്‍ സഹായമാകുമെന്നും ഇതുകാണിച്ച് കേരള മുഖ്യമന്ത്രിയ്ക്ക് കത്തയക്കുമെന്നും എടപ്പാടി പളനിസാമി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തുന്ന നടപടികളുമായി തമിഴ്‌നാട് മുമ്പോട്ടുപോകുകയാണ്. ഇവിടെ ജലനിരപ്പ് ഉയര്‍ത്താനായാല്‍ സേലം, രാമനാഥപുരം തുടങ്ങിയ നിരവധി മേഖലകളിലെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിയ്ക്കും. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ കേരളം ഇതിനെ എതിര്‍ക്കുകയാണ്. 20 ലക്ഷം ലിറ്റര്‍ ജലം നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇത് ഒട്ടും തികയാത്ത അവസ്ഥ വരും. പ്രതിദിനം ഇത്രയും ജലം ലഭ്യമാക്കിയാല്‍ സഹായമാകും.

മഴയില്‍ 37 ശതമാനം കുറവാണ് ഈ വര്‍ഷം ഉണ്ടായത്. ഇതാണ് പ്രതിസന്ധിയ്ക്ക് കാരണം. നാല് ജലസംഭരണികളും വറ്റി. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് മൂന്ന് ടി.എം.സി ജലം സംഭരണികളില്‍ ഉണ്ടായിരുന്നു. പ്രതിസന്ധി പരിഹരിയ്ക്കാന്‍ ജോലാര്‍പ്പേട്ടയില്‍ ശേഖരിച്ചിട്ടുള്ള ജലം, തീവണ്ടി മാര്‍ഗം ചെന്നൈയിലെത്തിച്ച് വിതരണം ചെയ്യും, പത്ത് എം.എല്‍.ഡി ജലമാണ് പ്രതിദിനം വിതരണം ചെയ്യുക. ഇതിനായി 65 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

പ്രശ്‌നം രൂക്ഷമായ മേഖലകളിലേയ്ക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ക്ക് ജലവിതരണത്തിനും മറ്റുമായി 267 കോടി രൂപ നേരത്തെ തന്നെ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

TAGS :

Next Story