Quantcast

കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരും?

ഛത്തീസ്ഖഡ് ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് പി.എല്‍ പുനിയായാണ് ഏറ്റവും ഒടുവില്‍ രാജി സന്നദ്ധത അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    30 Jun 2019 2:57 AM GMT

കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരും?
X

അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസില്‍ കൂട്ടരാജി തുടര്‍ന്നേക്കും. ഛത്തീസ്ഖഡ് ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് പി.എല്‍ പുനിയായാണ് ഏറ്റവും ഒടുവില്‍ രാജി സന്നദ്ധത അറിയിച്ചത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തക സമിതി വിളിക്കണം എന്ന ആവശ്യവും ശക്തമാണ്.

ഗോവ പി.സി.സി അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍, കിസാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനപടോലെ, എ.ഐ.സി.സി സെക്രട്ടറിയും രാജസ്ഥാന്‍ സഹ ചുമതലക്കാരനുമായിരുന്ന തരുണ്‍ കുമാര്‍ എന്നിവരാണ് ഇതുവരെ രാജിവെച്ചവരില്‍ പ്രമുഖര്‍. ഇവര്‍ക്ക് പിന്നാലെയാണ് ചത്തീസ്ഖഡ് ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് പി.എല്‍ പുനിയയും രാഹുല്‍ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.

അധ്യക്ഷസ്ഥാനത്ത് തുടരാനില്ലെന്ന നിലാപട് രാഹുല്‍ മാറ്റുന്നത് വരെ കൂട്ടരാജി തുടരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാഹുലിനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം എന്ന് എ.ഐ.സി.സി വക്താവ് പവന്‍ ഖേര പറഞ്ഞു. അതേസമയം രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടരാന് ഒരു ശതമാനം പോലും സാധ്യത ഇല്ലെന്ന് മുതിര്‍ന്ന നേതാവ് വീരപ്പമൊയ്‌ലിയെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ അധ്യക്ഷനെ കണ്ടെത്തണമെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേരേണ്ടതുണ്ട്. എന്നാല്‍ ഇതിന് മുന്‍കൈ എടുക്കേണ്ടത് എ.കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ്. എന്നാല്‍ രാഹുലിന്റെ നിലപാടോടെ പാര്‍ട്ടിയില്‍ രൂപപ്പെട്ട അനിശ്ചിതത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ട്. ഇക്കാര്യം നേതാക്കള്‍ രാഹുലിനെ തന്നെ അറിയിച്ചതായാണ് വിവരം.

TAGS :

Next Story