Quantcast

‘ഇനിയും ഞങ്ങളെ മര്‍ദിക്കരുത്, വെടിവെച്ച് കൊന്നോളൂ’; കശ്മീരിലെ സൈനിക അതിക്രമം പുറത്തുവിട്ട് ബി.ബി.സി 

MediaOne Logo

Web Desk 8

  • Published:

    30 Aug 2019 3:44 PM GMT

‘ഇനിയും ഞങ്ങളെ മര്‍ദിക്കരുത്, വെടിവെച്ച് കൊന്നോളൂ’; കശ്മീരിലെ സൈനിക അതിക്രമം പുറത്തുവിട്ട് ബി.ബി.സി 
X

കശ്മീരിന്റെ സവിശേഷാധികാരം റദ്ദാക്കിയതിന് ശേഷം സൈനിക നിയന്ത്രണങ്ങളില്‍ വലിയ അതിക്രമങ്ങളാണ് താഴ്‍വരയില്‍ നടക്കുന്നതെന്ന് ബി.ബി.സി ഇന്ത്യ റിപ്പോര്‍ട്ട്. സുരക്ഷാ സേന പ്രദേശവാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായും വടികളും കേബിളുകളും ഉപയോഗിച്ച് തങ്ങളെ മര്‍ദ്ദിച്ചെന്നും ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചെന്നും പ്രദേശവാസികള്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കശ്മീരില്‍ നിന്നുള്ള വീഡിയോയും ഫോട്ടോയും അടങ്ങിയ റിപ്പോര്‍ട്ടാണ് ബി.ബി.സി പുറത്തുവിട്ടത്. അതെ സമയം ആരോപണങ്ങളില്‍ പ്രതികരണവുമായി സുരക്ഷാ സേനയും രംഗത്തുവന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ആഗസ്റ്റ് അഞ്ച് മുതല്‍ തുടര്‍ച്ചയായി മുന്നാഴ്ച്ചകളായി കശ്മീരില്‍ നിരോധനാജ്ഞയും നിയന്ത്രണങ്ങളുമാണ്. 38000 ട്രൂപ്പ് സുരക്ഷാ സൈനികരാണ് താഴ്‍വരയില്‍ അധികമായി ക്യാമ്പ് ചെയ്യുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബുബ മുഫ്തി, ഒമര്‍ അബ്ദുള്ള, സി.പി.എം നേതാവ് യുസുഫ് തരിഗാമി എന്നിവരടങ്ങുന്ന രാഷ്ട്രീയ നേതാക്കള്‍ കശ്മീരില്‍ വീട്ടുതടങ്കലിലാണ്.

ബി.ബി.സി ലേഖകന്‍ സമീര്‍ ഹാഷ്മിയുടെ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍

‘കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യാ വിരുദ്ധ ഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയ തെക്കന്‍ ജില്ലകളിലെ അരഡസനോളം ഗ്രാമങ്ങളെങ്കിലും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ ഗ്രാമങ്ങളില്‍ നിന്നുള്ള പല ആളുകളില്‍ നിന്നും രാത്രി റെയ്ഡിനെയും മര്‍ദ്ദനത്തേയും കുറിച്ച് സമാനമായ വിവരങ്ങളാണ് ഞാന്‍ കേട്ടത്. ഒരു രോഗിയുടെ രോഗം സംബന്ധിച്ചും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ഡോക്ടര്‍മാരോ ആരോഗ്യ ഉദ്യോഗസ്ഥരോ തയ്യാറല്ല. പക്ഷേ സുരക്ഷാ സേനകാരണമുണ്ടായതെന്ന് ആരോപിച്ച് ഗ്രാമീണര്‍ ചില പരിക്കുകള്‍ എനിക്കു കാട്ടിത്തന്നു.

ഒരു ഗ്രാമത്തില്‍, പ്രത്യേക പദവി എടുത്തുമാറ്റിയ തീരുമാനം ഇന്ത്യ പ്രഖ്യാപിച്ച് ചുരുങ്ങിയ മണിക്കൂറിനുള്ളില്‍ തന്നെ സൈന്യം വീടുകള്‍ തോറും കയറി പരിശോധന നടത്തിയെന്നാണ് തദ്ദേശവാസികള്‍ പറഞ്ഞത്. ഉറങ്ങിക്കിടക്കുകയായിരുന്ന തങ്ങളെ എഴുന്നേല്‍പ്പിച്ച് പുറത്ത് ഗ്രാമത്തില്‍ നിന്നുള്ള ഒരു ഡസനോളം പേര്‍ കൂടിനിന്ന സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് രണ്ട് സഹോദരങ്ങള്‍ ആരോപിക്കുന്നു. ഞങ്ങള്‍ കണ്ട എല്ലാവരേയും പോലെ, അവരും തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഭയക്കുകയാണ്.

അതിലൊരാള്‍ പറഞ്ഞു, ‘അവര്‍ ഞങ്ങളെ മര്‍ദ്ദിക്കുന്നു. ഞങ്ങളവരോട് ചോദിച്ചുകൊണ്ടിരുന്നു: ‘എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തതെന്ന്? ഞങ്ങള്‍ കള്ളം പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഗ്രാമത്തിലുള്ള മറ്റുള്ളവരോട് ചോദിക്കാം, ഞങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോയെന്ന്? ‘ പക്ഷേ അവര്‍ക്കൊന്നും കേള്‍ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല, അവര്‍ ഒന്നും പറഞ്ഞുമില്ല. അവര്‍ വെറുതെ ഞങ്ങളെ മര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നത് തുടര്‍ന്നു.’

‘അവര്‍ എന്റെ ശരീരത്തിലെ എല്ലാഭാഗത്തും അടിച്ചു, അവര്‍ ഞങ്ങളെ ചവിട്ടി, വടികൊണ്ട് അടിച്ചു, വൈദ്യുതാഘാതമേല്‍പ്പിച്ചു, കേബിളുകള്‍ കൊണ്ട് അടിച്ചു. കാലിന്റെ പിറകില്‍ അടിച്ചു. അടി കൊണ്ട് ക്ഷീണിച്ച് വീണപ്പോള്‍ അവര്‍ എഴുന്നേല്‍പ്പിക്കാന്‍ വൈദ്യുതി പ്രഹരിച്ചു. അവര്‍ വടികൊണ്ട് അടിച്ചപ്പോള്‍ ഞങ്ങള്‍ കരഞ്ഞു, അവര്‍ വായില്‍ ചളിവാരിയിട്ടു’.

‘ ഞങ്ങള്‍ നിരപരാധികളാണെന്ന് അവരോട് പറഞ്ഞു. എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നതെന്ന് ഞങ്ങള്‍ ചോദിച്ചു? പക്ഷേ അവര്‍ ഞങ്ങള്‍ പറയുന്നത് കേട്ടില്ല. ഞാനവരോട് പറഞ്ഞു, ഞങ്ങളെ അടിക്കരുത്, വെടിവെച്ചോളൂ എന്ന്. എന്നെയങ്ങ് എടുത്തോയെന്ന് ദൈവത്തോട് പറയുകയായിരുന്നു ഞാന്‍. അത്രയ്ക്കും അസഹനീയമായിരുന്നു അവരുടെ പീഡനം.’

കല്ലേറുകാരുടെ പേര് പറയാന്‍ സുരക്ഷാ സേന തങ്ങളെ നിര്‍ബന്ധിച്ചെന്നാണ് യുവാവായ മറ്റൊരാള്‍ പറഞ്ഞത്. കശ്മീര്‍ താഴ്‌വരയിലെ ജനങ്ങളുടെ പ്രതിഷേധത്തിന്റെ മുഖമായി കഴിഞ്ഞ ദശാബ്ദങ്ങളില്‍ കൗമാരക്കാരും, യുവാക്കളും മാറിയിരുന്നു. ഇത് ഉദ്ദേശിച്ചായിരുന്നു ചോദ്യം.

തനിക്ക് ആരെയും അറിയില്ലെന്ന് അയാള്‍ പട്ടാളക്കാരോട് പറഞ്ഞു. അതോടെ അവര്‍ അവന്റെ വസ്ത്രവും ഷൂസും, ഗ്ലാസുകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ‘ ഞാനെന്റെ വസ്ത്രങ്ങള്‍ നീക്കിയപ്പോള്‍ അവര്‍ എന്നെ വടിയും മറ്റും ഉപയോഗിച്ച് രണ്ട് മണിക്കൂറോളം ഒരു ദയയുമില്ലാതെ അടിച്ചു. ഞാന്‍ ബോധരഹിതനായപ്പോഴെല്ലാം അവര്‍ എന്നെ എഴുന്നേല്‍പ്പിക്കാന്‍ വൈദ്യുതി കൊണ്ട് ഷോക്ക് തന്നുകൊണ്ടേയിരുന്നു. അവര്‍ വീണ്ടും എന്നോട് ഇത് ചെയ്യുകയാണെങ്കില്‍ ഞാന്‍ എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. ഞാന്‍ തോക്കെടുക്കും. എല്ലാദിവസവും ഇത് സഹിക്കാനാവില്ല.’ അദ്ദേഹം പറയുന്നു.

ഗ്രാമത്തിലെ ആരെങ്കിലും സുരക്ഷാ സേനയ്‌ക്കെതിരെ എന്തെങ്കിലും പ്രതിഷേധം നടത്തിയാല്‍ അവര്‍ക്കും ഈ ഗതിയായിരിക്കുമെന്ന് പട്ടാളക്കാര്‍ മുന്നറിയിപ്പു നല്‍കിയതായും യുവാവ് പറയുന്നു. ഗ്രാമീണരില്‍ ഭയം ജനിപ്പിക്കാനായാണ് സുരക്ഷാ സൈന്യം ഇത് ചെയ്തതെന്നാണ് ഞങ്ങള്‍ സംസാരിച്ച എല്ലാ ഗ്രാമീണരും പറഞ്ഞത്.

‘ആരോപണത്തില്‍ പറയുമ്പോലെ ഒരു പൗരനേയും കൈകാര്യം ചെയ്തിട്ടില്ല’ എന്നാണ് ബി.ബി.സിക്കു നല്‍കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ സൈന്യം പറഞ്ഞത്. ‘ഇത്തരത്തിലുള്ള ഒരു ആരോപണങ്ങളും ഇത് വരെ ഞങ്ങളുടെ മുമ്പിലെത്തിയിട്ടില്ല. ശത്രുതാപരമായ ഘടകങ്ങള്‍ കാരണമാകാം ഈ ആരോപണങ്ങള്‍ വന്നത്’ എന്നാണ് സൈനിക വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞത്. ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി ചില മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട് പക്ഷെ ഒരു തരത്തിലുമുള്ള പരിക്കോ അപകടമോ സൈന്യത്തിന്റെ ഭാഗത്ത് നിന്നുള്ള പ്രവര്‍ത്തനം കാരണം ഉണ്ടായിട്ടില്ല.’; അമന്‍ ആനന്ദ് കൂട്ടിചേര്‍ത്തു.

TAGS :

Next Story