Quantcast

മധ്യപ്രദേശില്‍ ഹണി ട്രാപ്പിന് നേതൃത്വം നല്‍കിയ ശ്വേത ബി.ജെ.പിയുടെ പ്രചാരകയെന്ന് കോണ്‍ഗ്രസ്; തെളിവ് പുറത്തുവിട്ടു 

ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്വേത പങ്കെടുത്ത ചിത്രം മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അരുണോദയ് ചൌബെ പുറത്തുവിട്ടു.

MediaOne Logo

Web Desk 4

  • Published:

    26 Sep 2019 5:26 AM GMT

മധ്യപ്രദേശില്‍ ഹണി ട്രാപ്പിന് നേതൃത്വം നല്‍കിയ ശ്വേത ബി.ജെ.പിയുടെ പ്രചാരകയെന്ന് കോണ്‍ഗ്രസ്; തെളിവ് പുറത്തുവിട്ടു 
X

മധ്യപ്രദേശിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വലയിലായ ഹണി ട്രാപ്പിന് നേതൃത്വം നല്‍കിയ ശ്വേത വിജയ് ജെയിന്‍ ബി.ജെ.പിയുടെ പ്രചാരകയെന്ന് കോണ്‍ഗ്രസ്. ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്വേത പങ്കെടുത്ത ചിത്രം മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അരുണോദയ് ചൌബെ പുറത്തുവിട്ടു. 2013ലെയും 2018ലെയും മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ താര പ്രചാരകയായിരുന്നു ശ്വേതയെന്നും അരുണോദയ് ചൌബെ പറഞ്ഞു.

ശ്വേത യുവമോര്‍ച്ച നേതാവായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. പിന്നാലെയാണ് ബി.ജെ.പി പ്രചാരണ വേദിയിലിരിക്കുന്ന ശ്വേതയുടെ ചിത്രം കോണ്‍ഗ്രസ് പുറത്തുവിട്ടത്.

ശ്വേതയും സംഘവും ലൈംഗിക ബന്ധത്തിന്‍റെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ ചിത്രീകരിച്ച് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. നഗ്ന ദൃശ്യങ്ങളും സെക്സ് ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും ഉള്‍പ്പെടെ നാലായിരത്തോളം തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും ഉദ്യോഗസ്ഥരുടെയുമെല്ലാം ദൃശ്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശ്വേത ജെയിനെ കൂടാതെ ആർതി ദയാൽ, മോണിക്ക യാദവ്, ശ്വേതാ സ്വപ്നിയാൽ ജെയ്ൻ, ബർഖ സോണി, ഓം പ്രകാശ് കോറി എന്നിവരാണ് ഇതുവരെ പിടിയിലായത്.

ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ എൻജിനീയർ ഹർഭജന്റെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. താനും മോണിക്കയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ഹര്‍ഭജന്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ വരുംദിവസങ്ങളില്‍ കോളിളക്കമുണ്ടാക്കാന്‍ സാധ്യതയുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്.

TAGS :

Next Story