Quantcast

‘നോട്ട് നിരോധനത്തിന് ശേഷം കള്ളനോട്ട് പിടിച്ചെടുത്തത് ഇരട്ടിയായി’; ഗുജറാത്ത് മുന്നിലെന്ന് ദേശീയ ക്രെെം ബ്യൂറോ റിപ്പോര്‍ട്ട് 

MediaOne Logo

Web Desk

  • Published:

    22 Oct 2019 2:22 PM GMT

‘നോട്ട് നിരോധനത്തിന് ശേഷം കള്ളനോട്ട് പിടിച്ചെടുത്തത് ഇരട്ടിയായി’; ഗുജറാത്ത് മുന്നിലെന്ന് ദേശീയ ക്രെെം ബ്യൂറോ റിപ്പോര്‍ട്ട് 
X

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് കള്ളനോട്ടിന്റെ തോത് വര്‍ധിച്ചതായി ദേശീയ ദേശീയ ക്രെെം ബ്യൂറോ റിപ്പോര്‍ട്ട്. 2016ല്‍ പിടിച്ചെടുത്ത കള്ളനോട്ടുകളുടെ ഇരട്ടിയാണ് 2017ല്‍ തങ്ങള്‍ പിടിച്ചെടുത്തതെന്ന് എന്‍.സി.ആര്‍.ബി (നാഷണല്‍ ക്രൈം റെക്കാേര്‍ഡ്സ് ബ്യൂറോ)യുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017ല്‍ 28.1 കോടി കള്ളനോട്ടാണ് പിടിച്ചെടുത്തതെങ്കില്‍ തൊട്ട് മുമ്പത്തെ വര്‍ഷമായ 2016ല്‍ 15.9 കോടി രൂപയാണ് പിടിച്ചെടുത്തത്. നോട്ട് പിടിച്ചെടുക്കലില്‍ പ്രധാനമന്ത്രി മോദി മുമ്പ് മുഖ്യമന്ത്രിയായിരുന്ന ഗുജറാത്ത് സംസ്ഥാനമാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 9 കോടി കള്ളനോട്ടുകളാണ് ഗുജറാത്തില്‍ നിന്നും 2017ല്‍ അന്വേഷണ സംഘം പിടിച്ചെടുത്തത്. തൊട്ടടുത്ത് തന്നെ ഡല്‍ഹിയും ഉത്തര്‍ പ്രദേശും പശ്ചിമ ബംഗാളും സ്ഥാനം പിടിച്ചു. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമായി 11.4 കോടിയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.

നോട്ട് നിരോധനത്തിന് ശേഷം 2016 നവംബറില്‍ പുറത്തിറക്കിയ പുതിയ 2000 രൂപ നോട്ട് തൊട്ടടുത്ത വര്‍ഷമായ 2017ല്‍ 14.97 കോടിയോളം പിടിച്ചെടുത്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 3,55,994 നോട്ടുകള്‍ ആണ് ആകെ മുഴുവനായി പിടിച്ചെടുത്തത്. ഇത് 2016ല്‍ നിന്നും 26 ശതമാനത്തോളം വര്‍ധിച്ചതായും കാണാം. ഇതില്‍ 65,731 രൂപയോളം പഴയ 1000 രൂപ നോട്ടുകളായിരുന്നു. 1,02,815 ഓളം പഴയ 500 രൂപയുടെ നോട്ടുകളും 8,879 ഓളം പുതിയ 500 രൂപ നോട്ടുകളുമായിരുന്നു പിടിച്ചെടുത്തത്. 92,778 ഓളം 100 രൂപ നോട്ടുകളും പിടിച്ചെടുത്തു.

നേരത്തെ 2016 നവംബര്‍ 8ന് നോട്ട് നിരോധന പ്രഖ്യാപന സമയത്ത് പുതിയ നീക്കം കള്ളപ്പണത്തെ ചെറുക്കാനാണ് എന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ അവകാശവാദം. നോട്ട് നിരോധനം കള്ളപ്പണത്തിന് പുറമെ അഴിമതിയും തീവ്രവാദ ഫണ്ടിംഗും കുറക്കുമെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകളാണ് 2016 നവംബര്‍ 8ന് മോദി നിരോധിച്ചത്. നോട്ട് നിരോധനത്തിന് ശേഷം 480 ശതമാനത്തിന് മുകളില്‍ സംശയാസ്പദമായ നോട്ട് തിരിമറികള്‍ നടന്നതായും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story