Quantcast

ബുര്‍ഖ കാണുമ്പോള്‍ ശ്വാസംമുട്ടുന്നുവെന്ന് തസ്‍ലീമ നസ്രീന്‍; കുടുംബചിത്രം പങ്കുവെച്ച് മറുപടിയുമായി എ.ആര്‍ റഹ്മാന്റെ മകള്‍

ബുർഖ ധരിച്ച ഖദീജയുടെ ഫോട്ടോ സഹിതമായിരുന്നു ട്വീറ്റ്. ഖദീജ ബുർഖ ധരിച്ചാണ് പൊതുസ്ഥലങ്ങളിൽ എത്താറ്. ഇതിനെയാണ് തസ്‍ലീമ വിമർശിച്ചത്. 

MediaOne Logo

Web Desk

  • Published:

    17 Feb 2020 11:23 AM GMT

ബുര്‍ഖ കാണുമ്പോള്‍ ശ്വാസംമുട്ടുന്നുവെന്ന് തസ്‍ലീമ നസ്രീന്‍; കുടുംബചിത്രം പങ്കുവെച്ച് മറുപടിയുമായി എ.ആര്‍ റഹ്മാന്റെ മകള്‍
X

എ.ആർ റഹ്മാന്റെ മകൾ ഖദീജക്കെതിരെ എഴുത്തുകാരി തസ്‍ലീമ നസ്രീൻ നടത്തിയ വിവാദ പരാമർശവും അതിന് ഖദീജ നല്‍കിയ മറുപടികളും നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ബുർഖ ധരിച്ച ഖദീജയെ കാണുമ്പോൾ ശ്വാസംമുട്ടൽ തോന്നുന്നുവെന്നാണ് തസ്‍ലീമ ട്വിറ്ററിൽ കുറിച്ചത്. 'എ.ആർ റഹ്മാന്റെ സംഗീതം ഒരുപാട് ഇഷ്ടമാണ്. എന്നാൽ, അദ്ദേഹത്തിന്റെ മകളെ കാണുമ്പോഴെല്ലാം എനിക്ക് ശ്വാസംമുട്ടൽ തോന്നുന്നു. നല്ല കുടുംബത്തിൽ നിന്നുള്ള വിദ്യാസമ്പന്നയായ പെൺകുട്ടിയെ പോലും ഇത്തരത്തിൽ വളരെയെളുപ്പം ബ്രയിൻവാഷ് ചെയ്യാമെന്നതിൽ ഏറെ നിരാശയുണ്ട്' - തസ്‍ലീമ ട്വിറ്ററിൽ എഴുതി. ബുർഖ ധരിച്ച ഖദീജയുടെ ഫോട്ടോ സഹിതമായിരുന്നു ട്വീറ്റ്.

ഖദീജ ബുർഖ ധരിച്ചാണ് പൊതുസ്ഥലങ്ങളിൽ എത്താറ്. ഇതിനെയാണ് തസ്‍ലീമ വിമർശിച്ചത്. എന്നാൽ, തസ്‍ലീമക്ക് ഉടന്‍ തന്നെ മറുപടിയുമായി ഖദീജ ഇൻസ്റ്റഗ്രാമിലെത്തി. തന്നെ കാണുമ്പോൾ തസ്‍ലീമക്ക് ശ്വാസംമുട്ടുന്നതിൽ ദുഖമുണ്ടെന്നും കുറച്ച് ശുദ്ധവായു ശ്വസിക്കൂവെന്നും ഖദീജ പറഞ്ഞു. താൻ എന്തിന് വേണ്ടി നിലകൊള്ളുന്നുവെന്നതിൽ തനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നില്ല. മറിച്ച്, അഭിമാനമാണുള്ളത്. യഥാര്‍ഥ ഫെമിനിസം ഗൂഗിളിലൊന്ന് തിരഞ്ഞ് നോക്കൂ. മറ്റുള്ള സ്ത്രീകളെ താറടിച്ച് കാട്ടുന്നതോ രക്ഷിതാക്കളെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കുന്നതോ അല്ല ഫെമിനിസം. എന്റെ ഫോട്ടോകൾ വിലയിരുത്താൻ നിങ്ങൾക്ക് അയച്ചതായി ഞാൻ ഓർക്കുന്നില്ലെന്നും ഖദീജ മറുപടി നൽകി.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പിതാവിനും സഹോദരിക്കുമൊപ്പമുള്ള കുടുംബചിത്രം പങ്കുവെച്ച് തസ്‍ലീമക്ക് ഖദീജ വീണ്ടും മറുപടി നല്‍കിയിരിക്കുന്നത്. 'ശ്വാസംമുട്ടലില്‍' നിന്ന് അകന്ന് കുടുംബത്തോടൊപ്പം സമാധാനപരമായ നിമിഷങ്ങള്‍ എന്നായിരുന്നു ഖദീജ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുടുംബത്തോടൊപ്പം ബാക്കുവില്‍ നടത്തിയ ഒഴിവുകാലത്തിന്റെ ചിത്രങ്ങളാണ് ഖദീജ പങ്കുവെച്ചത്. ഇതില്‍ ഖദീജ പതിവു പോലെ ബുര്‍ഖ ധരിച്ചും സഹോദരി റഹീമ ജീന്‍സും ജാക്കറ്റുമണിഞ്ഞാണുള്ളത്.

ഒരു വർഷത്തിന് ശേഷമാണ് വീണ്ടും ഈ വിഷയം ചർച്ചയാവുന്നത്. രാജ്യത്ത് ഇത്രയേറെ കാര്യങ്ങൾ സംഭവിച്ചിട്ടും ഒരു സ്ത്രീയുടെ വസ്ത്രധാരണമാണല്ലോ ചർച്ച ചെയ്യാനുള്ളത് എന്നും ഖദീജ നേരത്തെ ചോദിച്ചിരുന്നു. ഒരു വർഷം മുമ്പും ഖദീജയുടെ വസ്ത്രധാരണത്തിന് എതിരെ അസഹിഷ്ണുത ഉയർന്നിരുന്നു. തന്റെ കുടുംബത്തിലെ ഏത് സ്ത്രീക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് അന്ന് എ.ആർ റഹ്മാൻ വിവാദങ്ങൾക്ക് മറുപടി നൽകിയിരുന്നു. ബുർഖ ധരിക്കുന്നത് തന്റെ ഇഷ്ടമാണെന്ന് ഖദീജയും വ്യക്തമാക്കിയിരുന്നു.

TAGS :

Next Story