Quantcast

പൗരത്വ നിയമം മുസ്‍ലിംകളെ രാജ്യമില്ലാത്തവരാക്കി മാറ്റും: അമേരിക്കന്‍ മത സ്വാതന്ത്ര്യ കമ്മീഷന്‍

സര്‍ക്കാര്‍ മുസ്‍ലിംകളെ ലക്ഷ്യമിടുന്ന കാര്യം ചില ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളില്‍ നിന്നും വ്യക്തമാണെന്നും കമ്മീഷന്‍ കണ്ടെത്തി.

MediaOne Logo

Web Desk

  • Published:

    21 Feb 2020 10:58 AM GMT

പൗരത്വ നിയമം മുസ്‍ലിംകളെ രാജ്യമില്ലാത്തവരാക്കി മാറ്റും: അമേരിക്കന്‍ മത സ്വാതന്ത്ര്യ കമ്മീഷന്‍
X

ഇന്ത്യയിലെ പൗരത്വ നിയമം മുസ്‍ലിംകളെ ഗുരുതരമായി ബാധിക്കുമെന്ന് അമേരിക്കന്‍ മത സ്വാതന്ത്ര്യ കമ്മീഷന്‍റെ റിപ്പോര്‍ട്ട്. ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന് മൂന്നു ദിനം മാത്രം ശേഷിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. സര്‍ക്കാര്‍ മുസ്‍ലിംകളെ ലക്ഷ്യമിടുന്ന കാര്യം ചില ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളില്‍ നിന്നും വ്യക്തമാണെന്നും കമ്മീഷന്‍ കണ്ടെത്തി.

മുസ്‌ലിംകള്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്താകുമെന്ന് മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നതെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് അമേരിക്കന്‍ മത സ്വാതന്ത്ര്യ കമ്മീഷന്റെ കണ്ടെത്തലുകള്‍. മുസ്‌ലിംകളല്ലാത്തവര്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് വേണ്ടി ബോധപൂര്‍വ്വം കൊണ്ടുവന്നതാണ് നിയമമെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. മുസ്‌ലിംകളെ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കാനും രാജ്യമില്ലാത്തവരായി മാറാനും നാട് കടത്തപ്പെടാനും സുദീര്‍ഘമായ കാലയളവില്‍ തടങ്കല്‍ പാളയങ്ങളില്‍ അടച്ചിടാനുമൊക്കെ സി.എ.എ നിയമം വഴിയൊരുക്കും.

മതസ്വാതന്ത്ര്യ രംഗത്ത് ഇന്ത്യ നടത്തിയ നിര്‍ണായകമായ തിരിച്ചുപോകലാണ് നിയമം. ഇതിന് അടിവരയിടുന്ന രീതിയില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെ ബി.ജെ.പി നേതാക്കള്‍ പലപ്പോഴായി നടത്തിയ പ്രസ്താവനകള്‍ റിപ്പോര്‍ട്ടില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. ഗവണ്‍മെന്റ് ചില നുഴഞ്ഞു കയറ്റക്കാരെ തെരഞ്ഞുപിടിച്ച് പുറത്താക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയും ഇതിലുണ്ട്.

രാജ്യത്ത് സി.എ.എക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളും അവയെ പൊലീസ് അടിച്ചമര്‍ത്തുന്നതുമൊക്കെ അമേരിക്കന്‍ കമ്മീഷന്‍ എടുത്തു പറഞ്ഞിട്ടുണ്ട്. 24ന് തിങ്കളാഴ്ച ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ് ഇക്കാര്യത്തില്‍ പരസ്യമായി നിലപാട് സ്വീകരിക്കാന്‍ ഇടയില്ലെങ്കിലും അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇന്ത്യക്കനുകൂലമായ പല നീക്കങ്ങള്‍ക്കും മതസ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ട് ഭാവിയില്‍ തടസ്സമായേക്കും.

TAGS :

Next Story