Quantcast

എല്ലാ മുസ്‍ലിംകളെയും പാകിസ്താനിലേക്ക് അയക്കണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി

അയൽരാജ്യങ്ങളിൽ മതപരമായ പീഡനങ്ങൾ നേരിട്ടവരെ സഹായിക്കാൻ നിയമം ആവശ്യമാണെന്ന് സർക്കാർ പറയുമ്പോള്‍ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിയത് കടുത്ത വിവേചനമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.  

MediaOne Logo

Web Desk

  • Published:

    21 Feb 2020 4:21 AM GMT

എല്ലാ മുസ്‍ലിംകളെയും പാകിസ്താനിലേക്ക് അയക്കണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി
X

1947 ൽ എല്ലാ മുസ്‌ലിംകളെയും പാകിസ്താനിലേക്ക് അയക്കണമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിലെ അംഗം ഗിരിരാജ് സിങ്. "രാജ്യത്തിനായി സ്വയം സമർപ്പിക്കേണ്ട സമയമാണിത്. 1947 ന് മുമ്പ് (മുഹമ്മദ് അലി) ജിന്ന ഒരു ഇസ്‍ലാമിക രാഷ്ട്രവുമായി മുന്നോട്ടുവന്നു. നമ്മുടെ പൂർവ്വികരുടെ വലിയ വീഴ്ചയായിരുന്നു ഇത്. നമ്മളാണ് ഇപ്പോള്‍ അതിന് വില നൽകേണ്ടി വരുന്നത്. അന്ന് മുസ്‍ലിം സഹോദരന്മാരെ പാകിസ്താനിലേക്ക് അയയ്ക്കുകയും ഹിന്ദുക്കളെ ഇവിടേക്ക് എത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഭാരതീയ വംശജര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കിൽ അവർ പിന്നെ എവിടെ പോകും?'' ബിഹാറിലെ പൂർണിയയിൽ സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്.

2015 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്‍ലിം അഭയാർഥികൾക്ക് മാത്രം പൗരത്വം വാഗ്ദാനം ചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് മൃഗസംരക്ഷണ, ക്ഷീര, ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം. അയൽരാജ്യങ്ങളിൽ മതപരമായ പീഡനങ്ങൾ നേരിട്ടവരെ സഹായിക്കാൻ നിയമം ആവശ്യമാണെന്ന് സർക്കാർ പറയുമ്പോള്‍ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിയത് കടുത്ത വിവേചനമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മുസ്‍ലിംകളോടുള്ള അനിഷ്ടം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള ബി.ജെ.പി നേതാവാണ് ഗിരാജ് സിംഗ്.

ഉത്തര്‍പ്രദേശിലെ ദിയോബാന്ദിലുള്ള ഇസ്‍ലാമിക മതകേന്ദ്രം ഭീകരവാദികളുടെ ഉദ്ഭവ കേന്ദ്രമാണ് എന്ന ഗിരിരാജ് സിങിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി മേധാവി ജെ.പി നഡ്ഡ, ഗിരിരാജിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ബി.ജെ.പി നേതാവിന്റെ ശാസനകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് നാലു ദിവസത്തിന്റെ മാത്രം ഇടവേളയില്‍ വീണ്ടും മുസ്‍ലിം വിരുദ്ധ പ്രസ്താവനയുമായി ഗിരിരാജ് സിങ് രംഗത്തുവന്നിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനുശേഷം, ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ 65 ഓളം വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ 61 എണ്ണവും ബി.ജെ.പി നേതാക്കളില്‍ നിന്നുള്ളതാണെന്ന് എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

TAGS :

Next Story