Quantcast

വിദ്വേഷ പ്രസംഗങ്ങള്‍ തിരിച്ചടിയായി; കപില്‍ മിശ്രയെ പോലുള്ളവരെ പുറത്താക്കണം: ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍

പാർട്ടിയിലെ നേതാക്കളായ അനുരാഗ് താക്കൂർ, പർവേഷ് വർമ്മ, പ്രകാശ് ജാവദേക്കർ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ വിവാദ വിദ്വേഷ പ്രസ്താവനകളാണ് മനോജ് തിവാരി ചൂണ്ടിക്കാട്ടിയ ഘടകങ്ങളില്‍ പ്രധാനം.

MediaOne Logo

Web Desk

  • Published:

    23 Feb 2020 11:04 AM GMT

വിദ്വേഷ പ്രസംഗങ്ങള്‍ തിരിച്ചടിയായി; കപില്‍ മിശ്രയെ പോലുള്ളവരെ പുറത്താക്കണം: ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍
X

വിദ്വേഷ പ്രസംഗങ്ങൾ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയായോ എന്ന ചോദ്യത്തിന് തനിക്ക് അതില്‍ യാതൊരു സംശയവുമില്ലെന്നാണ് ഡല്‍ഹി ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരിയുടെ പ്രതികരണം. ഡല്‍ഹിയില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ ചോര്‍ത്തിയതിന് പിന്നിലെ നിരവധി ഘടകങ്ങള്‍ മനോജ് തിവാരി ഇന്ത്യൻ എക്സ്പ്രസിനോട് പങ്കുവെച്ചു. പാർട്ടിയിലെ പ്രധാന നേതാക്കളായ അനുരാഗ് താക്കൂർ, പർവേഷ് വർമ്മ, പ്രകാശ് ജാവദേക്കർ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ വിവാദ വിദ്വേഷ പ്രസ്താവനകളാണ് മനോജ് തിവാരി ചൂണ്ടിക്കാട്ടിയ ഘടകങ്ങളില്‍ പ്രധാനം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തീവ്രവാദിയുമായി താരതമ്യപ്പെടുത്തിയ പര്‍വേഷ് വര്‍മ്മയെ കുറിച്ചും ഇതിനെ പിന്തുണച്ച പ്രകാശ് ജാവദേക്കറുടെ അഭിപ്രായ പ്രകടനത്തെ കുറിച്ചും ചോദിച്ചപ്പോൾ, “ഏതു സാഹചര്യത്തിലായിരുന്നെങ്കിലും അത് വിദ്വേഷ ഭാഷണമായിരുന്നു. അതുമൂലം, ഞങ്ങളുടെ പാർട്ടിക്ക് വലിയ നഷ്ടം നേരിടേണ്ടിവന്നു. ആ പ്രസംഗത്തെ അന്നും ഇന്നും ഞങ്ങൾ അപലപിക്കുന്നു. ഏത് നേതാവായാലും വിദ്വേഷ പ്രസംഗം നടത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മനോജ് തിവാരി പറഞ്ഞു. സി‌.എ‌.എ അനുകൂല റാലിയിൽ രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്ത സഹപ്രവര്‍ത്തകന്‍ കപില്‍ മിശ്രയെ പോലുള്ളവരാണെങ്കില്‍ പോലും കടുത്ത നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അത്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവരെ എന്നന്നേക്കുമായി പുറത്താക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മനോജ് തിവാരി വ്യക്തമാക്കി. വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം എടുത്തുകളയുന്നതു പോലുള്ള സംവിധാനം കൊണ്ടുവരണം. അത്തരമൊരു സംവിധാനം ഏർപ്പെടുത്തിയാൽ, പാർട്ടി പ്രസിഡന്റ് എന്ന നിലയിലല്ല, ഒരു വ്യക്തിയെന്ന നിലയിൽ ഇതിനെ പിന്തുണയ്ക്കുമെന്നും മനോജ് തിവാരി പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിനെതിരെ ബി.ജെ.പിയ്ക്ക് ശക്തനായൊരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാനില്ലാതെ പോയതും തിരിച്ചടിയായെന്നും തിവാരി പറഞ്ഞു. 70 അംഗ നിയമസഭയിൽ 62 സീറ്റുകളുമായി അധികാരം നിലനിര്‍ത്തിയ ആം ആദ്മി പാർട്ടിയുടെ വിജയപ്രഭയ്ക്ക് മുന്നില്‍ ബി.ജെ.പി വന്‍നാണക്കേടാണ് നേരിട്ടത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ ഉന്നത നേതാക്കളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായിരുന്നു. 2015 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ച 32.19 ശതമാനം വോട്ട് വിഹിതവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇത് 39 ശതമാനമായി ഉയർത്താൻ കഴിഞ്ഞുവെങ്കിലും, രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ നേതാക്കള്‍ക്കായില്ല.

TAGS :

Next Story