Top

കൊറോണ കാലത്ത് വൈറസിനെക്കാള്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന വ്യാജ വാര്‍ത്തകള്‍ | Fact Check

ഈ കൊറോണ കാലത്ത് വൈറസിനെക്കാള്‍ വേഗം രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന കുറച്ച് വ്യാജ വാര്‍ത്തകള്‍ ഒന്ന് പരിശോധിക്കാം

MediaOne Logo

Web Desk

  • Updated:

    2020-04-05 11:54:58.0

Published:

5 April 2020 11:54 AM GMT

കൊറോണ കാലത്ത് വൈറസിനെക്കാള്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന വ്യാജ വാര്‍ത്തകള്‍ | Fact Check
X

നാമെല്ലാം അതീവ ജാഗ്രത പാലിക്കേണ്ട ഈ കോവിഡ് കാലത്ത് വൈറസിനേക്കാള്‍ വേഗം പടര്‍ന്നുപിടിക്കുകയാണ് വ്യാജ വാര്‍ത്തകളും. അതില്‍ കൂടുതലും വര്‍ഗീയത പരത്തുന്ന വ്യാജ വാര്‍ത്തകളാണ്. ഒരു പ്രത്യേക മതവിഭാഗത്തെ കേന്ദ്രീകരിച്ചുകൊണ്ട് കൂട്ടമായ ആക്രമണം നടത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം ആഹ്വാനം ചെയ്തിട്ടുള്ളതായിരുന്നു. എന്നിരുന്നാലും വ്യാജ വാര്‍ത്തകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. ഈ കൊറോണ കാലത്ത് വൈറസിനേക്കാള്‍ വേഗം രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന കുറച്ച് വ്യാജ വാര്‍ത്തകള്‍ ഒന്ന് പരിശോധിക്കാം.

1. കൊറോണ വൈറസ് പരത്താനായി ഇന്ത്യയിലെ ഒരു റെസ്റ്റോറെന്‍റില്‍ ഒരാള്‍ ഭക്ഷണത്തില്‍ തുപ്പുന്നു.

കോവിഡ് 19 പരത്താനായി മുസ്‍ലിമായ ഒരാള്‍ ഭക്ഷണത്തില്‍ തുപ്പുകയും അത് വിതരണം ചെയ്യുകയും ചെയ്യുന്നു, ഇതുപോലുള്ള കടകളില്‍ നിന്നും കഴിക്കാതിരിക്കുക, തൊപ്പി വച്ചവരെ പ്രത്യേകം ശ്രദ്ധിക്കുക എന്നതായിരുന്നു 45 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ഷെയര്‍ ചെയ്ത് പലരും പറഞ്ഞത്. തെലങ്കാന ബിജെപി വക്താവായ രൂപ് ധാരക് ഉള്‍പ്പടെയുള്ളവര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത് ഒരു വ്യാജ വാര്‍ത്തയായിരുന്നു.

45 സെക്കന്‍റ് ധൈര്‍ഖ്യമുള്ള ഈ വീഡിയോ ഫ്രെയിം ബൈ ഫ്രെയിം സ്ക്രീന്‍ഷോട്ട് എടുത്ത് ഗുഗിള്‍ റിവേഴ്സ് ഇമേജ് സര്‍ച്ചിലൂടെ പരിശോധിച്ചപ്പോള്‍ ഈ വീഡിയോ 2019 ഏപ്രില്‍ 27ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്തി. ഇന്ത്യക്ക് പുറത്തും ഈ വീഡിയോ പ്രചരിക്കുന്നുണ്ടെന്നും കണ്ടെത്താനിടയായി.

2. ഹിന്ദു വൈദികനെ മുസ്‍ലിം നാമധാരിയായ പൊലീസ് മര്‍ദ്ദിക്കുന്നു

ഒരു ഹിന്ദു പുരോഹിതനെ പൊലീസ് മര്‍ദ്ദിക്കുന്നതിന്‍റെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മധ്യപ്രദേശിലെ റേവാ ജില്ലയിലെ എസ്.പിയായ ആബിദ് ഖാനാണ് ഹിന്ദു പുരോഹിതനെ മര്‍ദ്ദിക്കുന്നതെന്ന് പറഞ്ഞാണ് വിശ്വ ഹിന്ദു പരിഷദ് ദേശീയ വക്താവ് വിജയ് ശങ്കര്‍ തിവാരി ട്വീറ്റ് ചെയ്തത്. നിരവധി എബിവിപി പ്രവര്‍ത്തകര്‍ തുടങ്ങി വലിയ തോതില്‍ ഇത് ഷെയര്‍ ചെയ്യപ്പെട്ടു

പക്ഷെ, ട്വിറ്ററിലെ കീവേഡ് സെര്‍ച്ചിലൂടെ മധ്യപ്രദേശ് സര്‍ക്കാരിന്‍റെ ശ്രദ്ധയിലേക്ക് ഇത് എത്തി. അന്വേഷണത്തില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കാണുന്ന പെലീസുകാരന്‍ എസ്.പി ആബിദ് ഖാനല്ലെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ രാജ്കുമാര്‍ മിശ്രയാണെന്നും റേവ ഐ.ജി സ്ഥിരീകരിച്ചു. ലോക്ക് ഡൌണ്‍ ലംഘിച്ച് അമ്പലത്തില്‍ ഒത്തുകൂടിയവര്‍ക്കെതിരെ രാജ്കുമാര്‍ മിശ്ര നടപടിയെടുക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. ഐ.ജി തന്നെ ഈ വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചു.

3. ഇറ്റലിയില്‍ നിന്നും ഇറാനില്‍ നിന്നും വന്ന വിദേശികള്‍ പാട്നയിലെ മുസ്‍ലിം പള്ളിയില്‍ ഒളിച്ചു താമസിക്കുന്നു

ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ കോവിഡ് 19 വലിയ നാശം വിതച്ച രാജ്യങ്ങളാണ്. എന്നാല്‍ ഇറ്റലിയില്‍ നിന്നും ഇറാനില്‍ നിന്നും 50 വിദേശികള്‍ പാട്നയിലെ ഖുര്‍ജി പ്രദേശത്തെ മുസ്‍ലിം പള്ളി നിലനില്‍ക്കുന്ന കെട്ടിടത്തില്‍ നിന്നും ഇറങ്ങി വരുന്നു എന്ന തലക്കെട്ടോടെ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ന്യൂസ് 24 ഇന്ത്യ ഇതിനെക്കുറിച്ച് മാര്‍ച്ച് മൂന്നിന് ട്വീറ്റ് ചെയ്തിരുന്നു.

ഈ 50 പേരില്‍ 12 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തിരുന്നു. ഇവര്‍ 12 പേരും ഒളിച്ചു താമസിക്കുകയാണെന്നും ഇവര്‍ ടര്‍ക്കിസ്ഥാനില്‍ നിന്നുള്ളവരാണെന്നും വാര്‍ത്തകള്‍ വന്നു. 25-30 ഇറാന്‍- ഇറ്റലി പൌരന്മാര്‍ പാട്നയിലെ കുര്‍ജി ഏരിയയില്‍ കാറില്‍ വന്നിറങ്ങിയെന്നും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും എഎന്‍ഐ ബിഹാര്‍ ബ്യൂറോ ചീഫ് മുകേഷ് സിങ് മുഖ്യമന്ത്രി നിതീഷ് കുമാറിനോടുള്ള ചോദ്യമായി ട്വീറ്റ് ചെയ്തു. വലതുപക്ഷ മാധ്യമമായ ഒപി ഇന്ത്യ ഇവര്‍ ചൈനയില്‍ നിന്നു വന്ന ഉഗ്യൂര്‍ മുസ്‍ലിംകളാണെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ പോകുന്നു കുര്‍ജിയിലെ മുസ്‍ലിം പള്ളിയിലെ വിദേശികളുടെ ഒളിക്കഥകള്‍. പക്ഷെ, സത്യം എന്താണ്?

പ്രധാനമായും ഉയര്‍ന്ന രണ്ട് കാര്യങ്ങള്‍, ഇവര്‍ പള്ളിയില്‍ ഒളിച്ചുതാമസിച്ചുവെന്നതും ഇവര്‍ ഇറ്റലി ഇറാന്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണെന്നുള്ളതുമാണ്. എന്നാല്‍, മാര്‍ച്ച് 23ന് ദിഖാ സമാചാര്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. പള്ളിയിലുള്ളവര്‍ കോവിഡ് ബാധിതരായ മുസ്‍ലിംകളാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട, അവരെല്ലാം കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ചെയ്തവരാണ് എന്നാണ് പോസ്റ്റ്.

ജമാത്തില്‍ പങ്കെടുക്കാനായി ക്രൈജിസ്ഥാനില്‍ നിന്നും ജനുവരി ആദ്യവാരം വന്നരാണ് ഇവരെന്നും ഇവര്‍ക്ക് കൊവിഡ് ബാധയില്ലെന്നും അന്വേഷണത്തില്‍ പറയുന്നു. അവരുടെ കോവിഡ് പരിശോധന ഫലവും പുറത്ത് വന്നു.

ഇവര്‍ ക്രൈജിസ്ഥാനില്‍ നിന്നും ജനുവരി ആദ്യ വാരം വന്നവരാണെന്നും ഇവര്‍ക്ക് കോവിഡ് പരക്കുന്നതുമായി ബന്ധമില്ലെന്നും തെളിഞ്ഞു. ഇവരുടെ പാസ്പോര്‍ട്ടിന്‍റെ കോപ്പി ദിഖ സമാചാര്‍ പുറത്തുവിട്ടു. ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് ഡിസംബര്‍ 30നാണ്. അതിന് ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും മുമ്പാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. കോവിഡുമായാണ് ഇവര്‍ രാജ്യത്തെത്തിയിരിക്കുന്നതെങ്കില്‍ മതിയായ ചികിത്സയില്ലായ്മ മൂലം ഇപ്പോള്‍ അവര്‍ മരണപ്പെട്ടിട്ടുണ്ടാകും.

4. കോവിഡ് പരത്താനായി മുസ്‍ലിമായ ഒരു പഴക്കച്ചവടക്കാരന്‍ പഴങ്ങളില്‍ തുപ്പി വെക്കുന്നു

പഴങ്ങളില്‍ തുപ്പല്‍ തേക്കുകയും അതിലൂടെ കോവിഡ് രോഗം പടര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു എന്ന കുറ്റത്തിന് ഷേരു എന്ന മധ്യപ്രദേശിലെ പഴക്കച്ചവടക്കാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരു മുസ്‍ലിം കൊറോണ പരത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു ഷേരുവിനെതിരായ പ്രചരണം. ഷേരുവിനെതിരെ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു.

ഈ വീഡിയോയില്‍ കാണുന്ന പോലെ കോവിഡ് പരത്താന്‍ താന്‍ ഒന്നും ചെയ്തിട്ടില്ല എന്നതായിരുന്നു ഷേരുവിന്‍റെ വാദം. എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്നത് പഴയ വീഡിയോ ആണെന്നും അദ്ദേഹത്തിന് പണം എണ്ണുമ്പോള്‍ ഇങ്ങനെ ചെയ്യുന്ന ശീലമുണ്ടെന്നും ആ മാതൃകയില്‍ പഴങ്ങള്‍ എണ്ണിയതാണെന്നും അത് പണ്ടായിരുന്നെന്നും ഷേരുവിന്‍റെ മകള്‍ ഫിസ പറഞ്ഞു. ശേഷം പൊലീസ് അന്വേഷണത്തില്‍ അത് പഴയ വീഡിയോയാണ് എന്ന് തെളിയുകയായിരുന്നു.

5. പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ കോവിഡ് പരത്താനായി മനപ്പൂര്‍വം തുമ്മുന്നു

ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ പള്ളിയില്‍ വച്ച് പ്രാര്‍ത്ഥനക്കിടെ മനപ്പൂര്‍വം ചിലര്‍ കോവിഡ് പരത്താനായി തുമ്മുന്നു എന്ന പേരില്‍ ഒരു വീഡിയോ വളരെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തബ്‌ലീഗ്‌ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്നും രോഗം പകര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.

ഒരുപാട് ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയില്‍ ഈ പറയുന്നത് പോലെ തുമ്മുകയല്ല. സിക്ര് എന്ന മതാചാരം അവര്‍ പിന്തുടരുകയാണ്. ശ്വാസം നന്നായി അകത്തേക്കും പുറത്തേക്കും എടുക്കുന്ന രീതിയിലുള്ള ഒരു മതപരമായ ചടങ്ങിനെയാണ് തുമ്മുകയെന്ന് തെറ്റായ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.

TAGS :

Next Story