Quantcast

‘നിങ്ങള്‍ തീവ്രവാദികളാണ്, രോഗം പരത്തുന്നവരാണ്’: കര്‍ണാടകയില്‍ മുസ്‍ലിംങ്ങള്‍ക്ക് നേരെ വ്യാപക അക്രമണം

കോവിഡ് വ്യാപനത്തിന് കാരണമാകുന്നു എന്നാരോപിച്ച് മുസ്‍ലിംങ്ങള്‍ക്കെതിരെ കര്‍ണാടകയില്‍ വിവിധയിടങ്ങളിലായി അക്രമണം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

MediaOne Logo

Web Desk

  • Published:

    9 April 2020 9:47 AM GMT

‘നിങ്ങള്‍ തീവ്രവാദികളാണ്, രോഗം പരത്തുന്നവരാണ്’: കര്‍ണാടകയില്‍ മുസ്‍ലിംങ്ങള്‍ക്ക് നേരെ  വ്യാപക അക്രമണം
X

കോവിഡ് വ്യാപനത്തിന് കാരണമാകുന്നു എന്നാരോപിച്ച് മുസ്‍ലിംങ്ങള്‍ക്കെതിരെ കര്‍ണാടകയില്‍ വിവിധയിടങ്ങളിലായി അക്രമണം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധിക്കിടെ വലിയ തോതിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളാണ് പ്രമുഖരായ നേതാക്കളുടെ ഭാഗത്ത് നിന്നടക്കം കര്‍ണാടകയില്‍ ഉണ്ടാവുന്നത്. ഇത്തരം പരമാര്‍ശങ്ങള്‍ക്കെതിരെ ശകതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലപാടിനെ സ്വാഗതം ചെയ്ത് ഡി.കെ ശിവകുമാര്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

എന്നാല്‍ വിവധയിടങ്ങളിലായി ഇപ്പോഴും മുസ്ലീം സമുദായത്തിന് നേരെ വ്യാപക അക്രമങ്ങളാണ് നടക്കുന്നതെന്ന് ദ് ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘം ചേര്‍ന്നുള്ള അക്രമങ്ങളാണ് കര്‍ണാടകയില്‍ വിവിധയിടങ്ങളിലായി നടക്കുന്നത്. 'നിങ്ങള്‍ കോവിഡ് വാഹകരാണ്, നിങ്ങളാണ് ഇവിടെ രോഗം പരത്തുന്നത്’. രോഗവ്യപനം ആരോപിച്ച് ബാഗൽകോട്ട് ജില്ലയിലെ റബ്കവി ബനാഹട്ടി താലൂക്കിലെ ബിദരി ഗ്രാമത്തിൽ 15ഓളം പേർ ചേർന്ന് രണ്ട് മുസ്ലിംങ്ങളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ‘ദ് ക്വിന്‍റ്’ പങ്ക് വെക്കുന്നു. ഇരുമ്പ് ദണ്ഡുകളും മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. തങ്ങളെ ആക്രമിക്കരുതെന്ന് ഇരയായവര്‍ കൈകൂപ്പി അപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇവരാണ് രോഗം പരുത്തുന്നതെന്ന് ആക്രോശിക്കുന്ന അക്രമിസംഘം പിന്നെയും അവരെ ഉപദ്രവിക്കുന്നത് കാണാം. ബാഗല്‍കോട്ടില്‍ തന്നെയുള്ള കടകൊരപ്പ ഗ്രാമത്തില്‍ ഒരു സംഘം പള്ളിയില്‍ കയറി പ്രാര്‍ത്ഥനക്കെത്തിയവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണിക്കുന്നുണ്ട്.


ബളഗാവി ജില്ലയിലെ യമകമരടി, സദലഗെ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരമുള്ള ഐക്യദീപത്തിന് ലൈറ്റ് അണച്ചില്ല എന്ന് ആരോപിച്ച് ചിലര്‍ ബഹളമുണ്ടാക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് 22 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്.

സ്വരാജ് അഭിയാനിന്റെ പ്രവര്‍ത്തകരെയും ഒരു സംഘം വടികളും ക്രിക്കറ്റ് ബാറ്റും കൊണ്ട് ആക്രമിച്ചിരുന്നു. പോലീസ് അനുമതിയോടെ ബംഗളൂരുവില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയതായിരുന്നു സന്നദ്ധ പ്രവര്‍ത്തകര്‍. ഇതിനിടെയാണ് 'നിങ്ങള്‍ തീവ്രവാദികളാണ്, നിങ്ങള്‍ നിസാമുദ്ദീനില്‍ നിന്ന് വന്നവരാണ്, നിങ്ങളാണ് ഇവിടെ രോഗം പരത്തുന്നത്' എന്നാരോപിച്ച് അക്രമം അഴിച്ചു വിട്ടത്. ഭക്ഷണം വിതരണം ചെയ്യാന്‍ ദാസറഹള്ളിക്ക് പോകുമ്പോള്‍ 15 അംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി സ്വരാജ് ആഭിയാന്‍ ജനറല്‍ സെക്രട്ടറി സറീന്‍ താജ് വ്യക്തമാക്കി. 'നിങ്ങള്‍ മുസ്ലിംകള്‍ക്ക് മാത്രം ഭക്ഷണം നല്‍കിയാല്‍ മതി. നിങ്ങള്‍ ഭക്ഷണത്തില്‍ തുപ്പിയാണ് നല്‍കുന്നത്' എന്നായിരുന്നു സംഘത്തിന്‍റെ ആരോപണം.

അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് മുസ്ലിം സന്നദ്ധ പ്രവര്‍ത്തകള്‍ ഭക്ഷണം നല്‍കുന്നത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മംഗലാപുരത്തെ ചില മേഖലകളില്‍ കോവിഡ് ഭീഷണി കഴിയും വരെ മുസ്ലിം കച്ചവടക്കാരെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന നോട്ടീസുകള്‍ പതിച്ചിരുന്നു.

TAGS :

Next Story