Quantcast

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയേക്കും

മാഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ഡല്‍ഹി, ബംഗാള്‍ സംസ്ഥാനങ്ങളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    12 May 2020 1:22 AM GMT

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയേക്കും
X

രാജ്യത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ നേരിടുന്ന വിഷയത്തില്‍ രാജ്യത്തിന്റെ നയം പുനപരിശോധിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മെയ് 15നകം ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

മെയ് 17ന് അവസാനിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇനിയും നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നല്‍കിയെങ്കിലും കൂടുതല്‍ മേഖലകളില്‍ ഇളവുകള്‍ ഉണ്ടായേക്കും. അതേസമയം കോവിഡ് ഗ്രാമങ്ങളിലേക്ക് പടരാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു. റെഡ്‌സോണുകളില്‍ ഒഴികെ ലോക്ക്ഡൗണ്‍ ഇനിയും നീട്ടരുതെന്ന അഭിപ്രായമാണ് ഗുജറാത്ത് ഉള്‍പ്പടെയുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ചത്. മഹാരാഷ്ട്ര, ബംഗാള്‍, തെലങ്കാന, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടു. റെഡ് സോണുകള്‍ക്ക് പുറത്ത് എല്ലാ സാമ്പത്തിക നീക്കങ്ങളും പഴയ മട്ടില്‍ പുനസ്ഥാപിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നിലപാടെടുത്തു. അതിര്‍ത്തികളും ഗതാഗതവും കേന്ദ്രസര്‍ക്കാര്‍ തുറന്നു കൊടുത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ മട്ടിലുള്ള ലോക്ക്ഡൗണ്‍ അര്‍ഥശൂന്യമാണെന്ന് ബംഗാള്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ കോവിഡിനെ ചൊല്ലി രാഷ്ട്രീയം കഴിക്കുകയാണെന്നും ബംഗാളിനോട് പക്ഷപാതം കാണിക്കുന്നുണ്ടെന്നും രൂക്ഷമായ വിമര്‍ശവും മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉയര്‍ത്തി.

കേരളം, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ പരമാവധി സാമ്പത്തിക നീക്കങ്ങള്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി. കോവിഡ് രോഗബാധ വിലയിരുത്തി സോണുകള്‍ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ബംഗാള്‍ മുതലായ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. റെയില്‍, വ്യോമ ഗതാഗതം മെയ് 31 വരെ പുനരാരംഭിക്കരുതെന്ന നിലപാടാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു സ്വീകരിച്ചത്. റെഡ്‌സോണുകളില്‍ പെട്ട നഗരങ്ങളില്‍ നിന്നും ആരംഭിച്ച തീവണ്ടി ഗതാഗതം ഉടന്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക പാക്കേജിനുള്ള സമ്മര്‍ദ്ദം സംസ്ഥാനങ്ങള്‍ ശക്തമാക്കിയതോടെ പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്ന സൂചനയുണ്ട്. യോഗത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പങ്കെടുത്തത് ഇക്കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കുന്നതിന്റെ മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്.

TAGS :

Next Story