Quantcast

മൂന്നാംഘട്ട ലോക്ക്ഡൌണ്‍ നാളെ അവസാനിക്കും; കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു

അതേസമയം നാലാംഘട്ട അടച്ചുപൂട്ടലിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കും

MediaOne Logo

Web Desk

  • Published:

    16 May 2020 1:36 AM GMT

മൂന്നാംഘട്ട ലോക്ക്ഡൌണ്‍ നാളെ അവസാനിക്കും; കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു
X

രാജ്യം ഇളവുകളോടെ നാലാംഘട്ട അടച്ചുപൂട്ടലിലേക്ക് കടക്കാനിരിക്കെ രോഗബാധിതരുടെ എണ്ണം 85215 ഉം മരണം 2700 ഉം കടന്നു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. മരണനിരക്ക് 3.2% ൽ തുടരുകയാണ്. അതേസമയം നാലാംഘട്ട അടച്ചുപൂട്ടലിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കും.

കഴിഞ്ഞ ഒരാഴ്ചയായി 3000 ന് മുകളിലാണ് രോഗബാധിതരുടെ പ്രതിദിന വർദ്ധനവ്. മരണം നൂറുവരെ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം നാലായിരത്തിലെത്തി. രാജ്യത്തെ രോഗബാധിതരിൽ പകുതിയും കഴിഞ്ഞ രണ്ടാഴ്ചയിൽ റിപ്പോർട്ട് ചെയ്തതാണ്. മരണനിരക്ക് 3.2 ശതമാനമായി തുടരുകയാണ്. 27000 പേർ മുക്തരായി.

രാജ്യത്തെ രോഗബാധിതരിൽ വലിയ ഭാഗം മഹാരാഷ്ട്രയിലാണ്. പുതുതായി 1576 കേസുകളും 49 മരണവും റിപ്പോർട്ട് ചെയ്തതേടെ ആകെ രോഗബാധിതർ 29 100 ഉം മരണം 1068 ഉം ആയി. ധാരാവിയിൽ ആകെ കേസ് 1145 ഉം മരണം 53 കടന്നു. ഗുജറാത്ത് ,മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും രോഗബാധ തുടരുകയാണ്. ഡൽഹിയിൽ 425 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും രണ്ടുദിവസമായി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

നിയന്ത്രിത മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങൾ സാധാരണനിലയിലേക്ക് ആകും വിധം അടച്ചുപൂട്ടൽ നീട്ടണമെന്നാണ് ഡൽഹി സർക്കാരിന്റെ ആവശ്യം. മെട്രോയും ആഭ്യന്തര വിമാന സർവീസും ആരംഭിക്കണം. ആന്ധ്രാപ്രദേശ്, കേരളം, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും സമാന അഭിപ്രായം കേന്ദ്രത്തെ അറിയിച്ചു. പഞ്ചാബ്, മഹാരാഷ്ട്ര ,പശ്ചിമ ബംഗാൾ ,അസം സംസ്ഥാനങ്ങൾ അടച്ചുപൂട്ടൽ നീട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട് മഹാരാഷ്ട്രയും തമിഴ്നാടും ജൂൺ വരെ അടച്ചുപൂട്ടൽ നീട്ടി.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനാൽ അടച്ചുപൂട്ടലിൽ ഇളവ് നൽകാൻ കേന്ദ്രം നിർബന്ധിതരായിരിക്കുകയാണ്. ഇത്തവണ പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിക്കാൻ സാധ്യതയില്ല. ആഭ്യന്തരമന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കും.

TAGS :

Next Story