Top

കല്‍ക്കരി ഖനനം, ഊര്‍ജ്ജ വിതരണം, ആറ്റോമിക ഗവേഷണം... വിവാദ സ്വകാര്യവല്‍ക്കരണ അജണ്ടകളെ പൊടിതട്ടിയെടുത്ത് ധനമന്ത്രിയുടെ പാക്കേജ്

വ്യാവസായിക, കാര്‍ഷിക മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച വായ്പകള്‍ക്കു ശേഷം മധ്യവര്‍ഗ സമൂഹത്തിന് സഹായകരമായേക്കുന്ന പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ

MediaOne Logo

  • Updated:

    2020-05-16 14:57:51.0

Published:

16 May 2020 2:57 PM GMT

കല്‍ക്കരി ഖനനം, ഊര്‍ജ്ജ വിതരണം, ആറ്റോമിക ഗവേഷണം... വിവാദ സ്വകാര്യവല്‍ക്കരണ അജണ്ടകളെ പൊടിതട്ടിയെടുത്ത് ധനമന്ത്രിയുടെ പാക്കേജ്
X

പ്രതിസന്ധിയിലായ മേഖലകളില്‍ പുതിയ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പകരം മോദി സര്‍ക്കാറിന്റെ വിവാദ സ്വകാര്യവല്‍ക്കരണ അജണ്ടകളെ പൊടിതട്ടിയെടുക്കുന്നതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ കോവിഡ് പാക്കേജ്. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കല്‍ക്കരി ഖനന മേഖല, ഊര്‍ജ്ജ വിതരണം, ആറ്റോമിക ഗവേഷണം, ബഹിരാകാശ പര്യടനം തുടങ്ങി നിരവധി മേഖലകളാണ് മന്ത്രി സ്വകാര്യ കുത്തകകളുമായി പങ്കുവെക്കുന്ന കാര്യം അറിയിച്ചത്.

വ്യാവസായിക, കാര്‍ഷിക മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച വായ്പകള്‍ക്കു ശേഷം മധ്യവര്‍ഗ സമൂഹത്തിന് സഹായകരമായേക്കുന്ന പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. കോവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം, വ്യോമഗതാഗതം പോലുള്ള മേഖലകളില്‍ ഇതുവരെ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തു നിന്നും ആശ്വാസ നടപടികള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പോലും മറുപടി പറയാന്‍ കേന്ദ്ര മന്ത്രി തയാറായില്ല. മറുഭാഗത്ത് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പാര്‍ലമെന്റിന്റെയും സംസ്ഥാനങ്ങളുടെയും അംഗീകാരം ലഭിക്കാത്തതു മൂലം തടസ്സപ്പെട്ടു കിടന്ന മോദി സര്‍ക്കാറിന്റെ സ്വകാര്യവല്‍ക്കരണ അജണ്ടകളാണ് ഭരണപരമായ പരിഷ്‌കരണത്തിന്റെ മറവില്‍ നിര്‍മ്മലാ സീതാരാമന്‍ മുന്നോട്ടു വെച്ചത്. കല്‍ക്കരി മേഖലയില്‍ സ്വകാര്യ ഖനനം അനുവദിക്കാനുള്ള തീരുമാനം പാരിസ്ഥിതിക മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ്. രാജ്യത്തിന്റെ ഭൂഗര്‍ഭ സ്വത്തുക്കളുടെ ഡാറ്റയും ഇനിമുതല്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും. ആയുധ ഫാക്ടറികളുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ സംഘര്‍ഷങ്ങളെ വാണിജ്യവല്‍ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നത്.

ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികില്‍സയില്‍ ഉപയോഗപ്പെടുത്തുന്ന മെഡിക്കല്‍ ഐസോടോപ്പുകള്‍ വികസിപ്പിക്കാന്‍ സ്വകാര്യ സംരംഭകര്‍ക്ക് പങ്കാളിത്തം നല്‍കാനുള്ള തീരുമാനം ചികില്‍സാ രംഗത്ത് ചെലവ് കുറക്കാന്‍ സഹായിക്കുമെന്നാണ് മന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ആറ്റോമിക ഗവേഷണ രംഗത്ത് നടക്കുന്ന ഇത്തരം നീക്കങ്ങള്‍ വ്യവസായിക താല്‍പര്യമുള്ള സ്വകാര്യ മേഖലയിലേക്കു മാറുന്നതിലൂടെ ചികില്‍സ കൂടുതല്‍ ചിലവേറിയതായി മാറുകയാണ് സംഭവിക്കുക. പാര്‍ലമെന്റില്‍ നിയമം നിര്‍മ്മിക്കാതെ അസാധ്യമായ നയപരമായ മാറ്റങ്ങളാണ് കേവലമായ ഭരണപരിഷ്‌കാര സംരംഭങ്ങളായി നിര്‍മ്മല വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചത്.

TAGS :

Next Story