Quantcast

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണവുമായി കാണ്‍പുര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

കോവിഡ് ബാധിച്ച മുസ്‌ലിംകളെ ചികിത്സിക്കുന്നതിന് പകരം ജയിലുകളില്‍ ഏകാന്ത തടവിലാക്കുകയാണ് വേണ്ടതെന്നും മുസ്‌ലിംകളെ കാട്ടില്‍ കളയണമെന്നും ഇവര്‍ വിവാദ വീഡിയോയില്‍ പറയുന്നു...

MediaOne Logo

  • Published:

    1 Jun 2020 9:15 AM GMT

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണവുമായി കാണ്‍പുര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍
X

മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയ കാണ്‍പൂരിലെ ജി.എസ്.വി(ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി) മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെതിരെ പരാതി. പ്രാദേശിക മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് പ്രിന്‍സിപ്പലായ ഡോ. ആരതി ലാല്‍ചന്‍ദാനി മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് റെക്കോഡു ചെയ്ത മാധ്യമപ്രവര്‍ത്തകരിലൊരാള്‍ വീഡിയോ പുറത്തുവിടുകയായിരുന്നു.

കോവിഡ് ബാധിച്ച മുസ്‌ലിംകളെ ഭീകരരോടെന്ന പോലെയാണ് പെരുമാറേണ്ടതെന്നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. സംഭാഷണത്തിനിടെ ഇക്കാര്യങ്ങള്‍ റെക്കോഡ് ചെയ്യുന്നുണ്ടോ എന്ന് അവര്‍ ചോദിക്കുന്നുമുണ്ടായിരുന്നു. ഇല്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞതോടെ വിദ്വേഷ പ്രസംഗം തുടരുകയും ചെയ്തു.

'അവര്‍ ഭീകരരാണ്. ജയിലില്‍ ഇടുന്നതിന് പകരം നമ്മള്‍ അവരെ ചികിത്സിക്കുകയാണ് ചെയ്യുന്നത്. അവരെക്കൊണ്ട് ഞങ്ങള്‍ ഡോക്ടര്‍മാര്‍ വശംകെട്ടിരിക്കുകയാണ്. ക്വാറന്റീന്റെ പേരില്‍ ഹോട്ടല്‍ ഭക്ഷണത്തിന് ലക്ഷങ്ങള്‍ നല്‍കേണ്ടി വരുന്നു. ഞങ്ങളുടെ സുരക്ഷാ കിറ്റുകള്‍ അവര്‍ക്കുവേണ്ടി ഉപയോഗിക്കേണ്ടിവരുന്നു. നമ്മള്‍ സാമ്പത്തിക പ്രതിസന്ധിയിലാവാനും കാരണം അവരാണ്'
ഡോ. ആരതി ലാല്‍ചന്ദാനി

ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ മെഡിക്കല്‍ കോളജുകളിലൊന്നാണ് ഇവര്‍ പ്രിന്‍സിപ്പലായിരിക്കുന്ന ജി.എസ്.വി മെഡിക്കല്‍ കോളജ്. കോവിഡ് ബാധിച്ച മുസ്‌ലിംകളെ സ്വീകരിച്ച് ചികിത്സിക്കുന്നതിന് പകരം ജയിലുകളില്‍ ഏകാന്ത തടവിലാക്കുകയാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു. കോവിഡ് വന്ന മുസ്‌ലിംകളെ കാട്ടില്‍ കളയണമെന്ന നിര്‍ദേശവും ഇവര്‍ വെക്കുന്നുണ്ട്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്‌ലിംകളെ സന്തോഷിപ്പിക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നതെന്ന വിമര്‍ശനവും ഡോ. ആരതി ഉന്നയിച്ചു.

വീഡിയോ വൈകാതെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. തുടര്‍ന്ന് കാണ്‍പുരില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുള്ള സി.പി.എം പി.ബി അംഗം സുഭാഷിണി അലി കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. ഡോ. ആരതിയെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും നീക്കണമെന്നും അവര്‍ ക്രിമിനല്‍ നടപടികള്‍ നേരിടണമെന്നും കാണിച്ചാണ് സുഭാഷിണി അലി പരാതി നല്‍കിയിരിക്കുന്നത്.

TAGS :

Next Story