Quantcast

8 ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു, ഗര്‍ഭിണിക്ക് ദാരുണാന്ത്യം

8 മാസം ഗര്‍ഭിണിയിയായിരുന്നു യുവതി.

MediaOne Logo

  • Published:

    7 Jun 2020 3:53 AM GMT

8 ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു, ഗര്‍ഭിണിക്ക് ദാരുണാന്ത്യം
X

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ചു. 12 മണിക്കൂറിനുള്ളില്‍ 8 ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ചികിത്സ ലഭിച്ചില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. 8 മാസം ഗര്‍ഭിണിയിയായിരുന്നു യുവതി.

ഗൌതമബുദ്ധ നഗര്‍ ജില്ലയിലാണ് സംഭവം. 30 വയസ്സുള്ള നീലം ആണ് മരിച്ചത്. രക്തസമ്മര്‍ദം ഉയരുകയും ശ്വാസതടസ്സം നേരിടുകയും ചെയ്തതോടെയാണ് യുവതിയുടെ ആരോഗ്യനില അപകടത്തിലായത്. തന്‍റെ സഹോദരിയെ ഓട്ടോയില്‍ കയറ്റി ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും എവിടെയും ചികിത്സ ലഭിച്ചില്ലെന്ന് യുവതിയുടെ സഹോദരന്‍ ശൈലേന്ദ്ര കുമാര്‍ പറഞ്ഞു. കിടത്തി ചികിത്സക്ക് ബെഡ് ഇല്ലെന്ന് പറഞ്ഞാണ് മിക്ക ആശുപത്രികളും കയ്യൊഴിഞ്ഞത്. ആംബുലന്‍സ് വിട്ടുതരാനും ആശുപത്രികള്‍ തയ്യാറായില്ലെന്ന് സഹോദരന്‍ പറഞ്ഞു.

നേരത്തേ ചികിത്സിച്ചിരുന്ന ശിവാലിക് ആശുപത്രിയിലാണ് യുവതിയുമായി ബന്ധുക്കള്‍ ആദ്യമെത്തിയത്. അവിടെ പ്രവേശിപ്പിക്കാതിരുന്നതോടെ ഇഎസ്ഐ ആശുപത്രി, ജില്ലാ ആശുപത്രി, ഫോര്‍ടിസ്, ജയ്പീ ആശുപത്രികളിലുമെത്തിയെങ്കിലും ചികിത്സ ലഭിച്ചില്ല. ശാരദ ആശുപത്രിയിലെത്തിയപ്പോള്‍ ശ്വാസതടസ്സത്തിന് താത്കാലിക ചികിത്സ നല്കിയ ശേഷം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. അവിടെ നിന്ന് ആംബുലന്‍സ് വിട്ടുനല്‍കി. ഒടുവില്‍ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസില്‍ എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു.

സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് മെഡിക്കല്‍ ഓഫീസറുടെയും അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്‍റെയും നേതൃത്വത്തിലാണ് അന്വേഷണം. ഗൗതം ബുദ്ധ് നഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.

TAGS :

Next Story