Quantcast

മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജും മനുഷ്യാവകാശ പോരാളിയുമായ ജ. ഹൊസ്‌ബെറ്റ് സുരേഷ് നിര്യാതനായി

1991ല്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായിരിക്കെ വിരമിച്ച ശേഷമാണ് രാജ്യത്തെ മനുഷ്യാവകാശ പോരാട്ടങ്ങളിലെ പ്രധാനികളിലൊരാളായി ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷ് മാറുന്നത്...

MediaOne Logo

  • Published:

    12 Jun 2020 11:13 AM GMT

മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജും മനുഷ്യാവകാശ പോരാളിയുമായ ജ. ഹൊസ്‌ബെറ്റ് സുരേഷ് നിര്യാതനായി
X

ബോംബെ ഹൈക്കോടതിയിലെ ഏറ്റവും ആദരിക്കപ്പെട്ടിരുന്ന ജഡ്ജിമാരില്‍ ഒരാളും രാജ്യത്തെ സമുന്നത മനുഷ്യാവകാശ പോരാളിയുമായ ജസ്റ്റിസ് ഹൊസ്‌ബെറ്റ് സുരേഷ്(91) നിര്യാതനായി. മുംബൈ അന്ധേരിയിലെ വസതിയില്‍ വ്യാഴാഴ്ച്ച രാത്രി 10.45ഓടെയായിരുന്നു മരണം. ഔദ്യോഗിക പദവിയില്‍ നിന്നും വിരമിച്ച ശേഷവും ശ്രദ്ധേയമായ നിരവധി ജനകീയ വസ്തുതാന്വേഷണ സംഘങ്ങളിലും കമ്മീഷനുകളിലും അദ്ദേഹം അംഗമായിട്ടുണ്ട്.

കര്‍ണ്ണാടകയിലെ ഹൊസബെട്ടു നഗരത്തില്‍ 1929 ജൂലൈ 20നാണ് ജനനം. മംഗളൂരു സര്‍വ്വകലാശാലയില്‍ നിന്നും ബി.എ പൂര്‍ത്തിയാക്കിയ ജസ്റ്റിസ് സുരേഷ്, വിശ്വേശരയ്യ ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. വൈകാതെ മുബൈ സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം 1953ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി.

''ജഡ്ജിമാര്‍ വിരമിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടെന്ന് എനിക്ക് മനസിലായിട്ടില്ല. വിരമിക്കലിന് ശേഷം ഭരണഘടനയോടുള്ള നിങ്ങളുടെ ബാധ്യത മറക്കണമെന്നാണോ? ഏഴ് വര്‍ഷമാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ ന്യായാധിപനായിരുന്നത്. ശേഷം 34 വര്‍ഷക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചു''
ജസ്റ്റിസ് ഹൊസ്‌ബെറ്റ് സുരേഷ്

മുംബൈയിലെ സര്‍ക്കാര്‍ ലോ കോളജിലും കെ.സി കോളജിലും പാര്‍ട്ട് ടൈം അധ്യാപകനായി സേവനം അനുഷ്ടിച്ച ജസ്റ്റിസ് സുരേഷ് ബോംബെ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെഷന്‍സ് കോടതിയില്‍ 1968 നവംബര്‍ 29നാണ് അദ്ദേഹം അഡീഷണല്‍ ജഡ്ജിയാവുന്നത്. 1979ല്‍ സെക്കന്റ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ജഡ്ജായിരിക്കെ സ്ഥാനം രാജിവെച്ച് മുംബൈ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.

1986 നവംബര്‍ 21ന് ജസ്റ്റിസ് സുരേഷ് ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജായും തൊട്ടടുത്ത വര്‍ഷം സ്ഥിരം ജഡ്ജായും നിയമിതനായി. 1991 ജൂലൈ 19ന് വിരമിക്കും വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. മതപരമായ വികാരം തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്തതിന്റെ പേരിലുള്ള സുഭാഷ് ദേശായി vs ശാരദ് ജെ റാവു കേസ് അടക്കമുള്ള അദ്ദേഹത്തിന്റെ പല ഉത്തരവുകളും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ നാഴികക്കല്ലായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഔദ്യോഗിക പദവയില്‍ നിന്നും വിരമിച്ച ശേഷമാണ് രാജ്യത്തെ മനുഷ്യാവകാശ പോരാട്ടങ്ങളിലെ പ്രധാന ശബ്ദമായി ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷ് മാറുന്നത്. ഇക്കാലത്ത് നിരവധി വസ്തുതാന്വേഷണ സമിതികളില്‍ ഭാഗമാകാനും രാജ്യത്തിന്റെ മുക്കിലും മൂലയിലും മാത്രമല്ല, ഏഷ്യയിലെ പല രാജ്യങ്ങളിലും സഞ്ചരിക്കാനും അദ്ദേഹം തയ്യാറായി.

വര്‍ഗ്ഗീയ കലാപ കേസുകളില്‍ ഇന്ത്യയിലെ നിയമസംവിധാനത്തില്‍ നീതി ഏറെ വൈകുന്നുവെന്ന് 2015ലെ 'ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള സമ്മേളന'ത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ജസ്റ്റിസ് സുരേഷ് വിമര്‍ശിച്ചിരുന്നു. ജഡ്ജിമാരുടെ വിരമിക്കല്‍ എന്ന ആശയം ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു.

ബാംഗ്ലൂര്‍ കാവേരി നദീജല തര്‍ക്കം(1991), മുംബൈ കലാപം(1992-93), ബാബരി മസ്ദിജ് തകര്‍ക്കല്‍(1992), മുംബൈയിലെ ചേരികള്‍ ഒഴിപ്പിക്കല്‍(1994), തമിഴ്‌നാട് പൊലീസ് ദളിതരെ മുക്കിക്കൊന്ന സംഭവം (1999), മധ്യപ്രദേശില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായ വെടിവെപ്പ്(1999), മ്യാന്മറിലെ പട്ടാള ഭരണക്കാലത്തെ ഭക്ഷ്യപ്രതിസന്ധി(1999), ഗുജറാത്ത് കലാപം(2002) തുടങ്ങി നിരവധി സംഭവങ്ങളുമായി ബന്ധപ്പെട്ട കമ്മീഷനുകളിലും വസ്തുതാന്വേഷണ സമിതികളിലും ജസ്റ്റിസ് സുരേഷ് ഭാഗമായിരുന്നു.

ഇന്ത്യന്‍ ഭരണഘടനയിലെ ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്കായി പോരാടിയ വ്യക്തിത്വമായിരുന്നു ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷിന്റേതെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് പ്രതികരിച്ചത്. സാമ്പ്രദായിക നീതിന്യായ വ്യവസ്ഥ പതറിയ പലവേളകളിലും ജനകീയ കമ്മീഷനുകളിലൂടെ നീതിയുടെ വഴികാട്ടിയാവാന്‍ അദ്ദേഹത്തിനായെന്നും ടീസ്റ്റ സെതല്‍വാദ് കൂട്ടിച്ചേര്‍ത്തു.

എക്കാലത്തും മനുഷ്യാവകാശത്തിന് വേണ്ടി പോരാടിയ ആളായിരുന്നു ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷെന്ന് വിരമിച്ച സുപ്രീംകോടതി ജഡ്ജി ബി.ആര്‍ ശ്രീകൃഷ്ണ സ്മരിച്ചു. പലവിഷയങ്ങളിലും വിയോജിക്കുമ്പോഴും ജസ്റ്റിസ് സുരേഷുമായി വ്യക്തിപരമായി സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story