Quantcast

പെന്‍ഷന്‍ തുക കൈപ്പറ്റണമെങ്കില്‍ നേരിട്ടെത്തണമെന്ന് ബാങ്ക്: കിടപ്പിലായ 120 വയസ്സുള്ള അമ്മയെ കട്ടിലോടെ വലിച്ചുകൊണ്ടുപോയി 70കാരി മകള്‍

അമ്മയ്ക്ക് പ്രായം 120, മകള്‍ക്ക് 70. എഴുന്നേല്‍ക്കാന്‍ പോലുമാവാതെ കിടക്കുന്ന അമ്മയെ കട്ടിലോടുകൂടി റോഡിലൂടെ വലിച്ചു കൊണ്ടുപോകുകയായിരുന്നു ആ മകള്‍.

MediaOne Logo

  • Published:

    15 Jun 2020 5:23 AM GMT

പെന്‍ഷന്‍ തുക കൈപ്പറ്റണമെങ്കില്‍ നേരിട്ടെത്തണമെന്ന് ബാങ്ക്: കിടപ്പിലായ 120 വയസ്സുള്ള അമ്മയെ കട്ടിലോടെ വലിച്ചുകൊണ്ടുപോയി 70കാരി മകള്‍
X

അമ്മയ്ക്ക് പ്രായം 120, മകള്‍ക്ക് 70. അമ്മയുടെ പെന്‍ഷന്‍ തുക വാങ്ങാനാണ് മകള്‍ ബാങ്കിലെത്തിയത്. അമ്മ നേരിട്ട് വന്നാലെ പെന്‍ഷന്‍ തുക നല്‍കുകയുള്ളൂവെന്ന് ബാങ്ക് മാനേജര്‍ വാശി പിടിച്ചു. അമ്മയുടെ പേരില്‍ ബാങ്കിലുള്ള 1500 രൂപ കിട്ടാന്‍ മറ്റു വഴികളൊന്നുമില്ലാതെ വന്നപ്പോള്‍, ഗുഞ്ച ദേയ്, തന്‍റെ അമ്മയെ ബാങ്കിലേക്ക് കൊണ്ടുപോകാന്‍ തന്നെ തീരുമാനിച്ചു. എഴുന്നേല്‍ക്കാന്‍ പോലുമാവാതെ കിടക്കുന്ന അമ്മയെ കട്ടിലോടുകൂടി റോഡിലൂടെ വലിച്ചു കൊണ്ടുപോകുകയായിരുന്നു ആ മകള്‍.

ഒഡീഷയിലെ നൗപഡ ജില്ലയില്‍ ജൂണ്‍ 11 നാണ് സംഭവം നടന്നത്. ഗുഞ്ച ദേയിക്ക് പ്രായം 70 ആയി എന്നതുകൊണ്ടുതന്നെ, അവരും വയോജനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. തനിച്ചാണ് അവര്‍ അമ്മയെ കട്ടിലോടുകൂടി ബാങ്കിലെത്തിക്കാനായി കൊണ്ടുപോകേണ്ടി വന്നത്.

പെന്‍ഷന്‍ തുക കൈമാറണമെങ്കില്‍ അമ്മ, ലാബേ ബാഗല്‍ തന്നെ നേരിട്ട് വരണമെന്ന് വാശിപിടിക്കുകയായിരുന്നു ബാങ്ക് അധികൃതര്‍. അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൌണ്ടിലേക്കാണ് പെന്‍ഷന്‍ തുക വന്നിരുന്നത്. ഈ അക്കൌണ്ടില്‍ നിന്ന് 1500 രൂപ പിന്‍വലിക്കാന്‍ അമ്മ പറഞ്ഞേല്‍പ്പിച്ചതുപ്രകാരമാണ് ഗുഞ്ച ദേയ് ബാങ്കിലെത്തിയത്. പക്ഷേ, ആരുടെ പേരിലാണോ അക്കൌണ്ടുള്ളത് ആ ആള്‍ തന്നെ നേരിട്ട് എത്താതെ തുക കൈമാറില്ലെന്ന് ബാങ്ക് അധികൃതര്‍ നിര്‍ബന്ധം പറഞ്ഞു. അമ്മ കിടപ്പിലാണെന്ന് പറഞ്ഞിട്ട് അതൊന്നും അംഗീകരിക്കാന്‍ ബാങ്കുകാര്‍ തയ്യാറായില്ല. അമ്മയെ എടുത്തുകൊണ്ടുപോകാന്‍ തക്ക ആരോഗ്യമുള്ള ആളല്ല ഗുഞ്ച. പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകള്‍ അവരെയും അലട്ടുന്നുണ്ട്. അമ്മയെയും, കൊണ്ടുവന്ന മകളെയും കണ്ടപ്പോള്‍ തന്നെ കൂടുതല്‍ അന്വേഷണത്തിനൊന്നും ബാങ്ക് അധികൃതര്‍ നിന്നില്ല. പെന്‍ഷന്‍ തുക ഉടനെ തന്നെ അനുവദിച്ചുകൊടുത്തു.

പക്ഷേ, അമ്മയെ കിടത്തിയുള്ള കട്ടിലും വലിച്ചുകൊണ്ടുള്ള ഗുഞ്ചയുടെ ബാങ്കിലേക്കുള്ള യാത്ര ആരൊക്കെയോ കാമറയില്‍ പകര്‍ത്തിയിരുന്നു. ആ വീഡിയോ വൈറലായതോടെ വന്‍ വിമര്‍ശനമാണ് ബാങ്ക് അധികൃതര്‍ക്ക് നേരെ ഉയരുന്നത്. കോവിഡ് വ്യാപന കാലത്ത് 60 വയസ്സിന് മുകളിലുള്ളവര്‍ വീടിന് പുറത്തിറങ്ങരുത് എന്ന കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ്, ഒരു 70 കാരിക്കും ഒരു 120 കാരിക്കും വീടിന് പുറത്തേക്ക് ഇറങ്ങേണ്ടി വന്നത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രായമുള്ളവരുടെ വീടുകളിലെത്തി ഇടപാടുകള്‍ നടത്തിക്കൊടുക്കണമെന്ന് സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ഒഡീഷ ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.

TAGS :

Next Story