Quantcast

രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്ന് സംഭാവന വാങ്ങി: ആരോപണം ആവർത്തിച്ച് ബിജെപി

സ്‌റ്റെർലിംഗ്‌ ബയോടെക്ക് കേസിൽ അഹമ്മദ് പട്ടേലിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളിൽ മോദി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് അഹമ്മദ് പട്ടേൽ

MediaOne Logo

  • Published:

    28 Jun 2020 2:59 AM GMT

രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്ന് സംഭാവന വാങ്ങി: ആരോപണം ആവർത്തിച്ച് ബിജെപി
X

രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്ന് സംഭാവന വാങ്ങിയെന്ന ആരോപണം ആവർത്തിച്ച് ബിജെപി നേതാക്കൾ. സ്‌റ്റെർലിംഗ്‌ ബയോടെക്ക് കേസിൽ കോൺഗ്രസിന്‍റെ പ്രധാന നേതാവ് അഹമ്മദ് പട്ടേലിനെ മണിക്കൂറുകളാണ് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത്. ഇതിനിടെ ഗാൽവാൻ സംഘർഷം സംബന്ധിച്ച് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്താനാകില്ല എന്ന പ്രതികരണവുമായി എന്‍സിപി നേതാവ് ശരത് പവാറും എത്തിയിട്ടുണ്ട്.

ഗാൽവാനിൽ കയ്യേറ്റമുണ്ടായില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന സർക്കാരിനും ബിജെപിക്കും ഊരാക്കുടുക്ക് ആയിരിക്കുകയാണ്. ഈ പ്രസ്താവന ആവർത്തിച്ചു ചോദ്യം ചെയ്യുകയാണ് രാഹുൽഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. ഈ സാഹചര്യത്തിലാണ് കോൺഗ്രസിനെ പൂട്ടാനുള്ള നീക്കങ്ങൾ തുടങ്ങിയത്.

രാജീവ് ഗാന്ധി ഫൗണ്ടേഷൻ വഴി ചൈനയിൽ നിന്ന് സംഭാവന വാങ്ങി, യുപിഎ കാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് രാജീവ് ഗാന്ധി ഫൗണ്ടേഷനിലേയ്ക്ക് മാറ്റി എന്നിവ ബിജെപി അധ്യക്ഷൻ ജെപി നദ്ദ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ആരോപണങ്ങൾക്ക് വേണ്ടത്ര പ്രതികരണം ഉണ്ടായില്ല.

ഇതിനിടെയാണ് മൂന്നു വർഷം പഴക്കമുള്ള സ്‌റ്റെർലിംഗ്‌ ബയോടെക്ക് കേസിൽ പാർട്ടിയുടെ മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിനെ എഫോഴ്സ്മെന്‍റ് 6 മണിക്കൂറിലധികം ചോദ്യം ചെയ്തത്. പ്രതിസന്ധി ഘട്ടങ്ങളിൽ മോദി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും സർക്കാരിനെതിരായ വിമർശം തുടരുമെന്നും അഹമ്മദ് പട്ടേൽ പ്രതികരിച്ചു.

അതേസമയം ഗാൽവാൻ വിഷയത്തിൽ സർക്കാരിനെ വിമർശിക്കുന്നവർ ഭൂതകാലം കൂടി ഓർക്കണം എന്നാണ് എൻസിപി നേതാവ് ശരത് പവാറിനെ പ്രതികരണം. 1962 ൽ ചൈന 45,000 ചതുരശ്ര കിലോമീറ്റർ കൈവശപ്പെടുത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് മറക്കാനാകില്ല എന്നും ശരത് പവാർ പറഞ്ഞു.

എന്തൊക്കെ ആക്രമണങ്ങളും വിമർശനങ്ങും ഉണ്ടായാലും നരേന്ദ്രമോദിയെയും മോദി സർക്കാരിനെയും തുറന്നുകാണിക്കുന്നത് തുടരുമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ജനങ്ങൾക്കൊപ്പം നിൽക്കേണ്ട സമയമാണിതെന്നും രാഹുൽ ഗാന്ധി പ്രവർത്തകസമിതി യോഗത്തിൽ പ്രതികരിച്ചിരുന്നു.

TAGS :

Next Story