Quantcast

സാധാരണക്കാരെ ബാധിച്ചിട്ടില്ല, എല്ലാം പാവങ്ങള്‍ക്ക് വേണ്ടിയാണ്... ഇന്ധനവില വര്‍ധനയില്‍ പെട്രോളിയം മന്ത്രിയുടെ വിശദീകരണം

അടുത്തിടെയുണ്ടായ എണ്ണ ഉൽ‌പന്നങ്ങളുടെ വില വർധനവ് സാധാരണ ഉപഭോക്താവിനെ കാര്യമായി ബാധിച്ചിട്ടില്ല.

MediaOne Logo

  • Published:

    30 Jun 2020 11:54 AM GMT

സാധാരണക്കാരെ ബാധിച്ചിട്ടില്ല, എല്ലാം പാവങ്ങള്‍ക്ക് വേണ്ടിയാണ്... ഇന്ധനവില വര്‍ധനയില്‍ പെട്രോളിയം മന്ത്രിയുടെ വിശദീകരണം
X

പെട്രോൾ, ഡീസൽ വിൽപ്പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനം കേന്ദ്രസർക്കാർ ദരിദ്രർക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികൾക്കായാണ് ഉപയോഗിക്കുന്നതെന്നും അല്ലാതെ ഏതെങ്കിലും മരുമകനോ രാജീവ് ഗാന്ധി ഫൌണ്ടേഷന് വേണ്ടിയോ അല്ലെന്നും ബി.ജെ.പി നേതാവും കേന്ദ്ര പെട്രോളിയം മന്ത്രിയുമായ ധർമേന്ദ്ര പ്രധാൻ.

ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം 22 തവണ ഇന്ധനവില കൂട്ടിയതിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് സോണിയ ഗാന്ധി, മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഇന്ധനവില വർധനവ് ഉടൻ പിൻവലിക്കണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്തുവന്നത്.

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും പെട്രോൾ, ഡീസൽ എന്നിവയുടെ വാറ്റ് വർധിപ്പിക്കുകയും ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്തുകയും ചെയ്തത് സോണിയ ഗാന്ധി മറന്നുവെന്ന് തോന്നുന്നതായും മന്ത്രി പരിഹസിച്ചു.

ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുന്നതിന് പകരം കോൺഗ്രസ് മേധാവി ഈ സംസ്ഥാനങ്ങളിൽ നിന്ന് വസ്തുതാപരമായ വിവരങ്ങൾ തേടണം. കോവിഡ് -19 ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഈ പണം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ലഭിക്കുന്ന നികുതി വരുമാനം ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി ചെലവഴിക്കുകയാണെന്നും പ്രധാൻ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ദരിദ്രരുടെ ക്ഷേമത്തിനായാണ് ബി.ജെ.പി സർക്കാർ ജനങ്ങളുടെ പണം ഉപയോഗിക്കുന്നത്. മരുമകന്റെയും രാജീവ് ഗാന്ധി ഫൌണ്ടേഷന്റെയും (ആർ.‌ജി‌.എഫ്) ക്ഷേമത്തിനായി നികുതി വരുമാനം ഉപയോഗിക്കുന്ന കോൺഗ്രസിനെപ്പോലെയല്ല മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ പദ്ധതികൾക്കായുള്ള പണം മരുമകന്റെയും ആർ‌.ജി.‌എഫിന്റെയും ബാങ്ക് അക്കൌണ്ടുകളിലേക്ക് മാറ്റാൻ കോൺഗ്രസ് തലമുറകളായി അധികാരം ഉപയോഗിച്ചതിനാലാണ് സോണിയ ഗാന്ധി ഇങ്ങനെ പറയുന്നതെന്നും മന്ത്രി ആരോപിച്ചു.

അടുത്തിടെയുണ്ടായ എണ്ണ ഉൽ‌പന്നങ്ങളുടെ വില വർധനവ് സാധാരണ ഉപഭോക്താവിനെ കാര്യമായി ബാധിച്ചിട്ടില്ല. ഏപ്രിൽ, മെയ് മാസങ്ങളിൽ ഇന്ധനത്തിന്‍റെ ആവശ്യം 70 ശതമാനം കുറഞ്ഞിരുന്നു. 'അൺലോക്ക്' ആരംഭിച്ചതിനു ശേഷം ജൂണിൽ ആവശ്യത്തിന്‍റെ തോത് സാധാരണനിലയിലേക്ക് എത്തിയെന്നും മന്ത്രി പറഞ്ഞു. ഒരു വശത്ത്, കോവിഡ് -19 ഭീതി വിതയ്ക്കുമ്പോള്‍ മറുവശത്ത് പെട്രോൾ, ഡീസൽ വിലയിലെ വർധന ജനജീവിതം വളരെ ദുഷ്കരമാക്കിയിരിക്കുകയാണ്.

TAGS :

Next Story