Quantcast

"വാക്കുകളില്ല.. ഇങ്ങനെയുള്ളവരെ മത്സരിപ്പിക്കുന്ന പാര്‍ട്ടികളും അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങളും"..

പെണ്‍കുട്ടികളില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തിയാലേ ബലാത്സംഗങ്ങള്‍ അവസാനിക്കൂ എന്ന് പറഞ്ഞ ബിജെപി എംഎല്‍എ സുരേന്ദ്ര സിങിനെതിരെ ബോളിവുഡ് താരങ്ങള്‍

MediaOne Logo

  • Published:

    5 Oct 2020 9:17 AM GMT

വാക്കുകളില്ല.. ഇങ്ങനെയുള്ളവരെ മത്സരിപ്പിക്കുന്ന പാര്‍ട്ടികളും അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങളും..
X

പെണ്‍കുട്ടികളില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തിയെടുത്താല്‍ ബലാത്സംഗങ്ങള്‍ തടയാനാകുമെന്ന ബിജെപി എംഎല്‍എയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ബോളിവുഡ് താരങ്ങള്‍. രാമരാജ്യം എന്ന് അവകാശപ്പെടുന്നിടത്ത് എന്തുകൊണ്ടാണ് ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നത് എന്ന ചോദ്യത്തിനാണ് സുരേന്ദ്ര സിങ് ഈ മറുപടി നല്‍കിയത്. ഹാഥ്റസ് സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം.

"എല്ലാ മാതാപിതാക്കളും പെണ്‍മക്കളെ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കി സംസ്കാരമുള്ളവരായി വളര്‍ത്തണം. ഞാന്‍ എംഎല്‍എ മാത്രമല്ല, അധ്യാപകനുമാണ്. സംസ്കാരം കൊണ്ടു മാത്രമേ പീഡനങ്ങള്‍ അവസാനിപ്പിക്കാനാവൂ. നല്ല ഭരണം കൊണ്ടോ ആയുധം കൊണ്ടോ സാധ്യമല്ലത്. സര്‍ക്കാരിന് കടമയുണ്ട്. അതോടൊപ്പം കുടുംബവും ഉത്തരവാദിത്വം നിര്‍വഹിക്കണം. പെണ്‍മക്കളോട് നന്നായി പെരുമാറാനും നല്ല രീതിയില്‍ വസ്ത്രം ധരിക്കാനും പറയണം. നല്ല ഭരണവും സംസ്കാരവും രാജ്യത്തെ സുന്ദരമാക്കും. അല്ലാതെ വേറെ വഴിയില്ല".

സുരേന്ദ്ര സിങിന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. "എങ്ങനെ ബലാത്സംഗം ചെയ്യപ്പെടാതിരിക്കണമെന്ന് പെണ്‍മക്കളെ പഠിപ്പിക്കണം എന്നാണോ? ഈ മനോഭാവമാണ് മാറേണ്ടത്. എന്തുകൊണ്ട് ആണ്‍മക്കള്‍ക്ക് കുറച്ച് മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്നില്ല?" എന്നാണ് കൃതി സനോണിന്‍റെ ചോദ്യം.

"ബലാത്സംഗങ്ങള്‍ക്ക് കാരണം സ്ത്രീകളാണെന്ന അദ്ദേഹത്തെ പോലുള്ള പുരുഷന്മാരുടെ മനോഭാവം ആദ്യം മാറ്റണം. എങ്കിലേ ബലാത്സംഗം അവസാനിക്കൂ. പുരുഷന്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന് പറയുന്നതിന് പകരം സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ് നമ്മള്‍ പറയുന്നത്. പുരുഷനെ പേറിയ ഗര്‍ഭപാത്രത്തെ ബഹുമാനിക്കാന്‍ അവനെ പഠിപ്പിക്കൂ"- സംവിധായികയും നിര്‍മാതാവുമായ ഫറ ഖാന്‍ ട്വീറ്റ് ചെയ്തു.

"ഞാന്‍ അംഗീകരിക്കുന്നു. കുടുംബം വളരെ പ്രധാനപ്പെട്ടതാണ്. മാതാപിതാക്കളേ, ഇയാളെ പോലെ ചിന്തിക്കരുതെന്ന് പഠിപ്പിച്ച് ആണ്‍മക്കളെ വളര്‍ത്തൂ"- നടന്‍ വിര്‍ ദാസ് പറഞ്ഞു.

ഈ കുലീലനായ മനുഷ്യന്‍ ദയാപൂര്‍വം ചൂണ്ടിക്കാട്ടിയിരിക്കുന്നു. അപ്പോ ആണ്‍മക്കളുടെ കാര്യത്തില്‍ കുടുംബം എന്താ ചെയ്യേണ്ടത്- എന്നാണ് നടി ശ്രുതി സേഥിന്‍റെ ചോദ്യം.

വാക്കുകളില്ല.. ഇങ്ങനെയുള്ളവരെ തെരഞ്ഞെടുക്കുന്ന ജനങ്ങളും അവരെ മത്സരിപ്പിക്കുന്ന പാര്‍ട്ടികളും.. ഇങ്ങനെയുള്ള എംഎല്‍എമാരുള്ളപ്പോള്‍ പ്രതീക്ഷയെന്നത് വിദൂര സ്വപ്നം മാത്രമാണ്- സംവിധായകന്‍ ഒനിര്‍ ട്വീറ്റ് ചെയ്തു.

യുപിയിലെ ബല്ലിയയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്. പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിന് കാരണം അവരുടെ കുഴപ്പമാണെന്നാണ് എംഎല്‍എ പറഞ്ഞുവെച്ചത്. മേല്‍ജാതിക്കാര്‍ ഒരു ദലിത് പെണ്കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് നാവരിഞ്ഞ് കൊന്ന സംഭവത്തിലെ പ്രതികരണം ആരാഞ്ഞപ്പോഴാണ് ബലാത്സംഗം ചെയ്യപ്പെടുന്നത് പെണ്‍കുട്ടികളുടെ കുറ്റമാണെന്ന തരത്തില്‍ എംഎല്‍എ പ്രതികരിച്ചത്.

TAGS :

Next Story