Quantcast

'ബിജെപിക്കാര്‍ ഇങ്ങോട്ട് വരേണ്ട'- ബോര്‍ഡ് സ്ഥാപിച്ച് ഹരിയാനയിലെ കര്‍ഷകര്‍

കര്‍ഷകര്‍ യോഗം ചേര്‍ന്നാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

MediaOne Logo

  • Published:

    9 Oct 2020 10:48 AM GMT

ബിജെപിക്കാര്‍ ഇങ്ങോട്ട് വരേണ്ട- ബോര്‍ഡ് സ്ഥാപിച്ച് ഹരിയാനയിലെ കര്‍ഷകര്‍
X

പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം തുടരുകയാണ്. ബിജെപി - ജെജെപി നേതാക്കള്‍ക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് ഹരിയാനയിലെ ഗ്രാമങ്ങളിലെ കര്‍ഷകര്‍ അവരുടെ രോഷം പ്രകടിപ്പിച്ചത്. ഈ രണ്ട് പാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ചതിനാലാണ് പ്രതിഷേധം.

ഫത്തേബാദ് ജില്ലയിലെ അഹെര്‍വാന്‍, ഭാനി ഖേര എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ് ബിജെപിക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും ഒരു കര്‍ഷകന്‍റെ പ്രതിഷേധമല്ലിത്. കര്‍ഷകര്‍ യോഗം ചേര്‍ന്നാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അംബാല ജില്ലയിലെ ബറോല ഗ്രാമവാസികളും സമാന തീരുമാനമെടുത്തിട്ടുണ്ട്.

സമരം ചെയ്ത കര്‍ഷകര്‍ക്കെതിരായ പൊലീസ് നടപടിയിലും അതൃപ്തിയുണ്ടെന്ന് ഗുര്‍പീത് സിങ് എന്ന കര്‍ഷകന്‍ പറഞ്ഞു. മുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാലയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത കര്‍ഷകരുടെ നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഉള്‍പ്പെടെ പ്രയോഗിച്ചു. കര്‍ഷകരുടെ നേതാക്കളെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. മരണ വാറന്‍റായ ഈ നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായാണ് ബിജെപി, ജെജപി നേതാക്കളെ ബഹിഷ്കരിക്കുന്നത്. മുന്നറിയിപ്പ് അവഗണിച്ച് ആരെങ്കിലും വന്നാല്‍ അതിന്‍റെ അനന്തരഫലത്തിന് അവര്‍ തന്നെയാകും ഉത്തരവാദിയെന്നും ഗുര്‍പീത് സങ് വ്യക്തമാക്കി.

സര്‍ക്കാര്‍ വ്യാജവാഗ്ദാനങ്ങള്‍ നല്‍കുകയാണ്. താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇപ്പോള്‍ തന്നെ നെല്ലും പരുത്തിയുമൊക്കെ കര്‍ഷകര്‍ വില്‍ക്കുന്നത്. കര്‍ഷകരുടെ പ്രതിഷേധം ഹരിയാനയിലെ സഖ്യസര്‍ക്കാരിന്‍റെ അന്ത്യം കുറിക്കും. വര്‍ഷങ്ങളായി രാഷ്ട്രീയക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ്. ഇപ്പോള്‍ അവര്‍ കര്‍ഷക സമൂഹത്തെ നശിപ്പിക്കാന്‍ നിയമവും പാസാക്കിയെന്ന് കര്‍ഷകര്‍ പറയുന്നു.

TAGS :

Next Story