Quantcast

ഹാഥ്റസ് ദളിത് പെൺകുട്ടിയുടെ പീഡനക്കൊലക്ക് പിന്നില്‍ ജാതിവെറി: നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്‍റ്

ബിഎസ്‍പി സ൪ക്കാ൪ അനുവദിച്ച കുടുംബത്തിന്‍റെ ഭൂമി ബ്രാഹ്മണര്‍ കയ്യടക്കിയിരുന്നു. ഇരുപത് വ൪ഷം മുമ്പത്തെ ജാതിവൈരാഗ്യം തീ൪ക്കാൻ പീഡനം നടത്തിയെന്നും റിപ്പോ൪ട്ട്.

MediaOne Logo

  • Published:

    21 Oct 2020 2:05 AM GMT

ഹാഥ്റസ് ദളിത് പെൺകുട്ടിയുടെ പീഡനക്കൊലക്ക് പിന്നില്‍ ജാതിവെറി: നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്‍റ്
X

ജാതിവെറിയാണ് ഹാഥ്റസ് ദളിത് പെൺകുട്ടിയുടെ പീഡനക്കൊലക്ക് പിന്നിലെന്ന് നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്‍റിന്‍റെ വസ്തുതാന്വേഷണ പഠന റിപ്പോർട്ട്. ബിഎസ്‍പി സ൪ക്കാ൪ അനുവദിച്ച കുടുംബത്തിന്‍റെ ഭൂമി ബ്രാഹ്മണര്‍ കയ്യടക്കിയിരുന്നു. ഇരുപത് വ൪ഷം മുമ്പത്തെ ജാതിവൈരാഗ്യം തീ൪ക്കാൻ പീഡനം നടത്തിയെന്നും റിപ്പോ൪ട്ട്. അതിനിടെ സിബിഐ സംഘം വീണ്ടും ഹാഥ്റസിലെത്തി.

സാമൂഹ്യ പ്രവ൪ത്തക മേധാ പട്‍ക൪ നേതൃത്വം നൽകുന്ന നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്‍റാണ് ഹാഥ്റസ് സന്ദ൪ശിച്ച് വസ്തുതാന്വേഷണ പഠന റിപ്പോ൪ട്ട് പുറത്തിറക്കിയത്. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് വഴി ഠാക്കൂ൪ വിഭാഗത്തിൽപെട്ട കുറ്റവാളികൾ ദളിത് കുടുംബത്തോടുള്ള വിരോധം തീ൪ക്കുക കൂടിയായിരുന്നുവെന്നാണ് വസ്തുതാന്വേഷണ പഠന റിപ്പോ൪ട്ട്.

1990ൽ ഒരു ഏക്കറോളം ഭൂമി ബിഎസ്‍പി സ൪ക്കാ൪ പെൺകുട്ടിയുടെ കുടുംബത്തിന് നൽകിയിരുന്നു. ഇതിൽ കാൽഭാഗത്തിലധികം ഭൂമി ബ്രാഹ്മണ വിഭാഗത്തിൽ പെട്ടവ൪ കയ്യേറി. കൃഷി ചെയ്ത് വന്ന ബാക്കിയുള്ള ഭൂമിയിൽ ഠാക്കൂ൪ വിഭാഗക്കാ൪ കാലികളെ മേക്കാനെത്തിയത് ത൪ക്കത്തിനിടയാക്കി. ഇതിനെത്തുട൪ന്നാണ് ഠാക്കൂ൪ വിഭാഗക്കാ൪ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കേസ് നടത്തിപ്പിൽ യോഗി സ൪ക്കാ൪ കാണിച്ചതും ജാതീയ വിവേചനമാണെന്ന് മേധാ പട്‍ക൪ പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ൪ക്കാ൪ സ്വീകരിക്കുന്നത്. കേരളത്തിൽ നിന്നുള്ള മാധ്യമപ്രവ൪ത്തകനെയടക്കം ജയിലിലടച്ചത് അതിന്‍റെ ഭാഗമാണ്. അതിനെ അപലപിക്കുകയാണെന്നും അവര്‍ പറഞ്ഞു.

അതിനിടെ സിബിഐ അന്വേഷണ സംഘം വീണ്ടും ഹാഥ്റസിലെത്തി. കുറ്റവാളികളിലൊരാൾ പ്രായപൂ൪ത്തിയാകാത്തയാളാണെന്ന് സിബിഐ കണ്ടെത്തി. കഴിഞ്ഞ ദിവസം കുറ്റവാളികളായ നാല് പേരെയും സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു.

TAGS :

Next Story