Quantcast

'ബിജെപിയില്‍ നിന്ന് സ്വയം രക്ഷപ്പെട്ടെന്ന് അടയാളപ്പെടുത്തൂ'; ഡിജിറ്റല്‍ ക്യാമ്പെയിനുമായി തൃണമൂല്‍ കോണ്‍ഗ്രസ്

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് ഡിജിറ്റൽ ക്യാമ്പെയിൻ ആരംഭിച്ചു

MediaOne Logo

  • Published:

    26 Oct 2020 2:09 AM GMT

ബിജെപിയില്‍ നിന്ന് സ്വയം രക്ഷപ്പെട്ടെന്ന് അടയാളപ്പെടുത്തൂ; ഡിജിറ്റല്‍ ക്യാമ്പെയിനുമായി തൃണമൂല്‍ കോണ്‍ഗ്രസ്
X

2021ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തൃണമൂൽ കോൺഗ്രസ് ഡിജിറ്റൽ ക്യാമ്പെയിൻ ആരംഭിച്ചു. 'ബിജെപിയിൽ നിന്ന്​ സ്വയം രക്ഷപ്പെട്ടെന്ന് അടയാളപ്പെടുത്തുക' (Mark Yourself safe from BJP) എന്ന പേരിലാണ് ക്യാമ്പെയിന്‍​. ഇതിനകം 3,80,943 പേര്‍ വെബ്സൈറ്റിൽ ലോഗിൻ ചെയ്‌ത് ബിജെപിയിൽ നിന്ന്​ സ്വയം രക്ഷപ്പെട്ടെന്ന് അടയാളപ്പെടുത്തി.

ബംഗാളില്‍ ഭരണത്തിലേറുമെന്ന് ബിജെപി അവകാശപ്പെടുന്നതിനിടെയാണ് തൃണമൂലിന്‍റെ പുതിയ ക്യാമ്പെയിന്‍. തെരഞ്ഞെടുപ്പ്​ വിദഗ്​ധൻ പ്രശാന്ത് കിഷോറി​ന്‍റെ ആശയമാണ്​ ഈ ഡിജിറ്റൽ ക്യാമ്പെയിൻ. savebengalfrombjp.com എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്​. ഭിന്നിപ്പിച്ച് ഭരിക്കല്‍ രാഷ്ട്രീയത്തിന് എതിരാണോ നിങ്ങള്‍, വിദ്വേഷത്തിനെതിരാണോ നിങ്ങള്‍, സ്വേച്ഛാധിപത്യത്തിനെതിരെ നിങ്ങൾ സംസാരിക്കുമോ, നിങ്ങളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിനെതിരെ നിങ്ങൾ പ്രതികരിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഈ സൈറ്റിലുണ്ട്. ബിജെപിയില്‍ നിന്ന് സ്വയം രക്ഷപ്പെട്ടെന്ന് അടയാളപ്പെടുത്തുന്നവര്‍ ഇവയ്ക്ക് മറുപടി നല്‍കണം.

ബിജെപിയുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രത്തിന് എതിരാണ് ജനങ്ങളെന്നും ബിജെപിക്കെതിരെ ജനങ്ങള്‍ ഒന്നിക്കേണ്ട സമയമാണിതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും എതിരാണ് ബിജെപി. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പെയിനെന്ന് ടിഎംസി നേതാക്കള്‍ പറഞ്ഞു.

നേരത്തെ 'ദീദി കെ ബോലോ' എന്ന പേരിലും ടിഎംസി ക്യാമ്പെയിൻ നടത്തിയിരുന്നു. എന്തെങ്കിലും പരാതിയുള്ളവര്‍ക്ക്, സഹായം ആവശ്യമുള്ളവര്‍ക്ക് ഹെൽപ്പ് ലൈൻ നമ്പർ ഡയൽ ചെയ്​തോ വാട്സ് ആപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെയോ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാനുള്ള ക്യാമ്പെയിനായിരുന്നു അത്​.

TAGS :

Next Story