Quantcast

വേണ്ടിവന്നാല്‍ ബി.ജെ.പിയുമായി കൂട്ടുകൂടുമെന്ന് മായാവതി

''വർ​ഗീയ ശക്തികളെ മാറ്റിനിർത്തുന്നതിനായാണ് സമാജ്‍വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നത്''

MediaOne Logo

  • Published:

    29 Oct 2020 3:31 PM GMT

വേണ്ടിവന്നാല്‍ ബി.ജെ.പിയുമായി കൂട്ടുകൂടുമെന്ന് മായാവതി
X

ഉത്തർപ്രദേശിൽ എസ്.പി - ബി.എസ്.പി തമ്മിലുള്ള ഇടക്കാല സഖ്യത്തിൽ വിള്ളൽ. സമാജ്‍വാദി പാർട്ടിയെ തോൽപ്പിക്കാൻ ഭാവിയിൽ ആവശ്യമെങ്കിൽ ബി.ജെ.പിയെ പിന്തുണക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. എസ്.പി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ഏഴ് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തതായി അറിയിക്കവെയായിരുന്നു മായാവതിയുടെ പ്രസ്താവന.

രാജ്യസഭ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു എം.എൽ.എമാർ ബി.എസ്.പി സ്ഥാനാർത്ഥി റാംജി ഗൗതമിനുള്ള പിന്തുണ പിൻവലിച്ച് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. സഖ്യം രൂപീകരിക്കുന്നതിനായി 1995ൽ സമാജ്‍വാദി പാർട്ടിക്കെതിരെ തന്നെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചത് അബദ്ധമായിപ്പോയെന്നും മായാവതി എ.എൻ.ഐയോട് പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പ് സമയത്ത് വർ​ഗീയ ശക്തികളെ മാറ്റിനിർത്തുന്നതിനായാണ് സമാജ്‍വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയത്. എന്നാൽ അവരുടെ കുടുംബ കലഹം കാരണം കാര്യമായൊന്നും നേടാനായില്ലെന്ന് മായാവതി കുറ്റപ്പെടുത്തി.

അതേസമയം ഇനി എന്തെങ്കിലും ഇതിൽ പറയാൻ അവശേഷിക്കുന്നുണ്ടോ എന്നായിരുന്നു മായാവതിയുടെ പ്രസ്താവനയോട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. നവംബർ ഒൻപത്, പത്ത് ദിവസങ്ങളില്‍ യു.പിയിൽ രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഷ്ട്രീയ സാഹചര്യം കലങ്ങി മറിയാനുള്ള സൂചനയുമായി മായാവതി രം​ഗത്തെത്തുന്നത്.

TAGS :

Next Story