Quantcast

ദലിതര്‍ക്ക് അന്ത്യാഭിലാഷം പോലും വേണ്ടെന്നാണോ ? ഹാഥ്റസിലെ ദലിത് പ്രതിഷേധങ്ങള്‍...

യു പി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാർ, തെലുങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.

MediaOne Logo

  • Published:

    2 Nov 2020 11:58 AM GMT

ദലിതര്‍ക്ക് അന്ത്യാഭിലാഷം പോലും വേണ്ടെന്നാണോ ? ഹാഥ്റസിലെ ദലിത് പ്രതിഷേധങ്ങള്‍...
X

ഉത്തർപ്രദേശിലെ ഹാത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ 19 കാരി ദലിത് പെണ്‍കുട്ടിക്ക് മാർട്ടിൻ മക്വാൻ എന്ന ദലിത് പ്രവർത്തകൻ ഒക്ടോബറില്‍ ആദരാഞ്ജലി അർപ്പിച്ചിരുന്നു. ഗുജറാത്ത് ആസ്ഥാനമായുള്ള ദലിത് ഫൗണ്ടേഷൻ സ്ഥാപകരിലൊരാളും ആക്ടിവിസ്റ്റുമാണ് മക്വാന്‍. ഭീം കന്യ എന്ന ആ പരിപാടിയിൽ ഉത്തർപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഗുജറാത്ത്, ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ നിന്നുള്ളവർ, പ്രധാനമായും ദലിത് സമുദായങ്ങളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്. ഒക്ടോബർ 14 ന് നടന്ന പരിപാടിയിൽ ആയിരം ഗ്രാമങ്ങളിലായി മുപ്പതിനായിരത്തിലധികം ആളുകൾ പങ്കെടുത്തതായി മക്വാൻ പറയുന്നു.

രാജ്യത്തെ ദലിതുകൾക്ക് അന്ത്യാഭിലാഷം പോലും പാടില്ലെന്ന് വേരുറച്ച വിശ്വാസം പേറുന്നവര്‍ ഇന്നുമുണ്ടെന്ന് തെളിയിക്കുന്നതാണ് ഹാഥ്റസ് സംഭവമെന്നും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെന്നും മാക്വാൻ പറയുന്നു. വിവാഹത്തിന് മുമ്പേ മരണപ്പെട്ടാൽ മഞ്ഞൾ വിതറുന്ന ആചാരം ഞങ്ങൾക്കിടയിലുണ്ട്. ഭീം കന്യ എന്നറിയപ്പെടുന്ന ഈ ചടങ്ങ് സംഘടിപ്പിക്കാൻ ഹാഥ്റസിലെ പെൺകുട്ടിയുടെ ചിത്രം ലഭിക്കാത്തതുകൊണ്ട് പലരും സ്വന്തമായി വരച്ച ചിത്രം ഉപയോഗിച്ചാണ് അന്ത്യാഞ്ജലിയും പ്രതിഷേധവും സംഘടിപ്പിച്ചത്. അഭിമാനത്തോടെ ജീവിക്കാൻ ആദ്യമേ ഈ രാജ്യത്ത് ഞങ്ങൾക്ക് സ്വാതന്ത്രമില്ലായിരുന്നു, ഇപ്പോൾ അഭിമാനത്തോടെ മരിക്കാനും കഴിയാതെയായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധത്തിനായി ഗ്രാമങ്ങളിലെ ദലിതുകളെ മാക്വാൻ വിളിച്ചുചേര്‍ത്തപ്പോള്‍, ഹാഥ്റസിൽ എന്താണ് സംഭവിച്ചത് എന്നുപോലുമറിയാത്തവരായിരുന്നു അക്കൂട്ടത്തിൽ ഭൂരിഭാഗവും. പിന്നീട് വോളന്റിയർമാരാണ് പലർക്കും കാര്യങ്ങൾ വിശദീകരിച്ച് കൊടുത്തത്. എസ്.സി / എസ്.ടി വിഭാഗത്തിൽ പെട്ട നിരവധി പേര്‍ പ്രതിഷേധത്തിന്റെ ഭാഗമായിയെങ്കിലും വാൽമീകി സമുദായക്കാരായ സ്ത്രീകളുടെ പ്രാതിനിധ്യം എടുത്ത് പറയേണ്ടതാണെന്നും മക്വാൻ പറയുന്നു. ഹാഥ്റസ് ഇരയും വാല്മീകി സമുദായത്തിൽപ്പെട്ടതായിരുന്നു.

യു.പിയിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധങ്ങൾക്കെതിരെ ഉന്നത ജാതിക്കാർ രംഗത്ത് വന്നതുമൂലം ഇരുപതോളം ഗ്രാമങ്ങളിലെ പ്രതിഷേധ പരിപാടികൾ മാറ്റിവെക്കേണ്ടി വന്നിരുന്നു. ദലിത് വിഭാഗങ്ങളുടെ പ്രതിഷേധങ്ങൾ അവരിൽ ഉടലെടുപ്പിച്ച ഭീതിയെ സൂചിപ്പിക്കുന്നതാണ് ഈ സംഭവങ്ങളെന്നായിരുന്നു യു.പി ദലിത് അധികാർ മഞ്ച് നേതാവ് കുൽദീപ് കുമാർ ബൗതും മറ്റു സംഘടനകളും വിലയിരുത്തിയത്‌. ഇതൊരു പ്രതിഷേധജ്വാലയായി മാറിയേക്കുമെന്നും നാളെ ഞങ്ങൾ തെരുവിലിറങ്ങുമെന്നും അവർ ഭയക്കുന്നുണ്ട്- കുൽദീപ് കൂട്ടിച്ചേർക്കുന്നു.

ഒക്ടോബർ ഒന്നിന് അലഹബാദ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഹാഥ്റസ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. ദലിത് പെണ്‍കുട്ടിക്ക് നേരിടേണ്ടവന്നതും തുടര്‍ന്നുണ്ടായ സംഭവങ്ങളും മനസാക്ഷിയെ ഉലക്കുന്നതാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. ഇരയുടെ കുടുംബത്തിന്റെ അഭ്യർഥന കണക്കിലെടുക്കാതെ പൊലീസ് ഉദ്യോഗസ്ഥർ രാത്രി വൈകി അവളുടെ മൃതദേഹം കത്തിക്കുകയും കുടുംബത്തെ അന്ത്യകർമങ്ങളിൽ നിന്ന് തടയുകയും ചെയ്തത് രാജ്യം ഞെട്ടലോടെയാണ് കേട്ടത്. “ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് കുടുംബാംഗങ്ങൾ നടത്തേണ്ട അന്ത്യകർമങ്ങൾ / ശവസംസ്കാരത്തിന് ഹാഥ്റസ് പെണ്‍കുട്ടിക്ക് അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. അന്ത്യകര്‍മങ്ങളുടെ ഭാഗമായി അവളുടെ ശരീരത്തില്‍ മഞ്ഞൾ പുരട്ടാന്‍ പെണ്‍കുട്ടിയുടെ അമ്മ ആഗ്രഹിച്ചിരുന്നുവെങ്കിലും അത് ചെയ്യാൻ അനുവദിച്ചില്ലെന്നും കോടതി വിലയിരുത്തി.

“ദലിതർക്ക് അന്ത്യാഭിലാഷം പോലുമില്ല” എന്ന് ഈ സമൂഹം വിശ്വസിക്കുന്നുവെന്ന് ഈ പശ്ചാത്തലത്തില്‍ മക്വാൻ പറഞ്ഞുവെക്കുന്നു. മൃതദേഹത്തില്‍ മഞ്ഞള്‍ പൂശുന്ന ആചാര്യത്തിന്‍റെ പ്രാധാന്യം അത്രത്തോളം വലുതാണ് ദലിതുകള്‍ക്കിടയില്‍. ഇതൊരു സാംസ്കാരിക വിഷയമാണ്. അവിവാഹിതരായി മരണപ്പെടുമ്പോള്‍ മൃതദേഹത്തില്‍ ദലിതര്‍ മഞ്ഞള്‍ പൂശും. കാരണം ഈ ആചാരം വിവാഹസമയത്ത് ചെയ്യുന്നതാണ്. ഇതാണ് പെണ്‍കുട്ടിയുടെ ചിത്രത്തില്‍ പ്രതീകാത്മകമായി മക്വാന്‍റെ നേതൃത്വത്തില്‍ ഒത്തുകൂടിയവര്‍ മഞ്ഞള്‍ പൂശിയത്. ഇത് അവള്‍ക്കൊരു അന്ത്യാഞ്ജലി മാത്രമല്ല, പ്രതിഷേധത്തിന്റെ കനൽ ഊതിക്കാച്ചുക കൂടിയാണ്.

TAGS :

Next Story