Quantcast

അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് മര്‍ദിച്ചെന്ന് അര്‍ണബ് ഗോസ്വാമി

MediaOne Logo

  • Published:

    4 Nov 2020 3:57 AM GMT

അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍
X

റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് മര്‍ദിച്ചെന്ന് അര്‍ണബ് ഗോസ്വാമി ആരോപിച്ചു. മുംബൈയിലെ ഇന്‍റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

10 പൊലീസുകാര്‍ അര്‍ണബിന്‍റെ വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് വാനിലേക്ക് ബലം പ്രയോഗിച്ച് കയറ്റുന്നതിന്‍റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു.

ഇന്‍റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണബിന്‍റെ അറസ്റ്റ്. 2018ലായിരുന്നു സംഭവം. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്. ആര്‍കിടെക്ട്, ഇന്‍റീരിയര്‍ ഡിസൈന്‍ കമ്പനിയായിരുന്നു ഇത്. റിപബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്‍റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. റിപബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്. സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയിലകപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

സംഭവത്തില്‍ അലിഭാഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. അന്‍വായ് നായിക്കിന്‍റെ മകളുടെ അപേക്ഷ പരിഗണിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഈ കേസിലാണ് അറസ്റ്റ്. ടിആർപി തട്ടിപ്പ്, പൊലീസ് സേനയെ അപകീർത്തിപ്പെടുത്തൽ ഉൾപ്പടെയുള്ള കേസുകളിലും റിപബ്ലിക്ക് ടിവിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS :

Next Story