Quantcast

'ഈ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു'; അര്‍ണബിന് പിന്തുണയുമായി കേന്ദ്രമന്ത്രിമാര്‍

ഇന്ന് അര്‍ണബിനെ പിന്തുണക്കാത്തവര്‍ ഫാഷിസത്തെ പിന്തുണക്കുന്നവരാണെന്ന് സ്മൃതി ഇറാനി

MediaOne Logo

  • Published:

    4 Nov 2020 6:13 AM GMT

ഈ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു; അര്‍ണബിന് പിന്തുണയുമായി കേന്ദ്രമന്ത്രിമാര്‍
X

റിപബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രിമാര്‍. മന്ത്രിമാരായ പ്രകാശ് ജാവ്ദേകര്‍, സ്മൃതി ഇറാനി തുടങ്ങിയവര്‍ അര്‍ണബിനെ പിന്തുണച്ച് രംഗത്തെത്തി.

"മഹാരാഷ്ട്രയിലെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണത്തെ അപലപിക്കുന്നു. ഇങ്ങനെയല്ല മാധ്യമങ്ങളോട് ഇടപെടേണ്ടത്. ഇത് ഞങ്ങളെ അടിയന്തരാവസ്ഥക്കാലത്തെ മാധ്യമങ്ങളോടുള്ള സമീപനം ഓര്‍മിപ്പിക്കുന്നു"- മന്ത്രി പ്രകാശ് ജാവ്ദേകര്‍ ട്വീറ്റ് ചെയ്തു.

സ്മൃതി ഇറാനിയും അര്‍ണബിനെ പിന്തുണച്ച് രംഗത്തെത്തി. ഇന്ന് അര്‍ണബിനെ പിന്തുണക്കാത്തവര്‍ ഫാഷിസത്തെ പിന്തുണക്കുന്നവരാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്മല്ലായിരിക്കാം. അദ്ദേഹത്തെ അംഗീകരിക്കുന്നില്ലായിരിക്കാം. പക്ഷേ നിങ്ങള്‍ നിശബ്ദരായി ഇരിക്കുന്നുണ്ടെങ്കില്‍ അടിച്ചമര്‍ത്തലിനെ പിന്തുണയ്ക്കുന്നു എന്നാണ് അര്‍ഥം- സ്മൃതി ഇറാനി വിശദീകരിച്ചു.

അതേസമയം അറസ്റ്റിന് പിന്നില്‍ ഒരു അജണ്ടയുമില്ലെന്ന് ശിവസേന വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ നിയമപരമായാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. തെളിവുണ്ടെങ്കില്‍ പൊലീസ് നടപടിയെടുക്കും. പ്രതികാര രാഷ്ട്രീയം ഉദ്ധവ് സര്‍ക്കാരിന്‍റെ നയമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. പൊലീസ് തന്നെ മര്‍ദിച്ചെന്ന് അര്‍ണബ് പറഞ്ഞു. 2018ല്‍ അന്‍വായ് നായിക്ക് എന്ന ഇന്‍റീരിയര്‍ ഡിസൈനറും അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. റിപബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്‍റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. റിപബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്. സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയിലകപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

സംഭവത്തില്‍ അലിഭാഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. അന്‍വായ് നായിക്കിന്‍റെ മകളുടെ അപേക്ഷ പരിഗണിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഈ കേസിലാണ് അറസ്റ്റ്. ടിആർപി തട്ടിപ്പ്, പൊലീസ് സേനയെ അപകീർത്തിപ്പെടുത്തൽ ഉൾപ്പടെയുള്ള കേസുകളിലും റിപബ്ലിക്ക് ടിവിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS :

Next Story