Quantcast

ജനാധിപത്യത്തെ ശ്വാസംമുട്ടിച്ച് കൊന്നിട്ട് അടിയന്തരാവസ്ഥയെന്ന് നിലവിളിക്കുന്നു: പ്രശാന്ത് ഭൂഷണ്‍

അര്‍ണബിന്‍റെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നുവെന്ന് പ്രതികരിച്ച മന്ത്രിമാരോട് പ്രശാന്ത് ഭൂഷണ്‍

MediaOne Logo

  • Published:

    5 Nov 2020 3:09 AM GMT

ജനാധിപത്യത്തെ ശ്വാസംമുട്ടിച്ച് കൊന്നിട്ട് അടിയന്തരാവസ്ഥയെന്ന് നിലവിളിക്കുന്നു: പ്രശാന്ത് ഭൂഷണ്‍
X

അറസ്റ്റിലായ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ച കേന്ദ്രമന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അര്‍ണബിന്‍റെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നുവെന്ന് പ്രതികരിച്ച മന്ത്രിമാരോട് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതിങ്ങനെ-

ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചുകൊന്ന സര്‍ക്കാരിന്‍റെ ഭാഗമായ മന്ത്രിമാര്‍ അടിയന്തരാവസ്ഥയെന്ന് പറഞ്ഞ് നിലവിളിക്കുന്നത് അതിശയം തന്നെ. ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കവേ അവർ ശരിക്കും കുഴപ്പത്തിലാണെന്ന് ഇത് വ്യക്തമാക്കുന്നു- എന്നാണ് പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ്.

'എന്തുകൊണ്ട് എന്‍റെ ഇരകള്‍ എന്നെ സഹായിക്കുന്നില്ല' എന്ന തലക്കട്ടോടെയുള്ള കാര്‍ട്ടൂണും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. അറസ്റ്റിലായ അര്‍ണബ് ഗോസ്വാമി താന്‍ പിന്തുടര്‍ന്ന് വേട്ടയാടിയവരോട് എന്തുകൊണ്ട് തന്നെ സഹായിക്കുന്നില്ല എന്ന് കൈകൂപ്പി ചോദിക്കുന്നതായാണ് കാര്‍ട്ടൂണ്‍.

കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഇന്നലെ അര്‍ണബിന്‍റെ അറസ്റ്റിനെ അപലപിക്കുകയുണ്ടായി. അർണബിന്റെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓർമ്മപ്പെടുത്തുന്നു എന്ന് അമിത് ഷായും പ്രകാശ് ജാവ്ദേകറും പ്രതികരിച്ചു. റിപബ്ളിക് ടിവിക്കും അർണബിന്റെ വ്യക്തിസ്വാതന്ത്രത്തിനും ജനാധിപത്യത്തിന്റെ നാലാം തൂണിനും എതിരായ അധികാര ദുർവിനിയോഗമാണിതെന്നും അമിത് ഷാ ആരോപിച്ചു. മന്ത്രി സ്മൃതി ഇറാനിയും അര്‍ണബിനെ പിന്തുണച്ച് രംഗത്തെത്തി. ഇന്ന് അര്‍ണബിനെ പിന്തുണക്കാത്തവര്‍ ഫാഷിസത്തെ പിന്തുണക്കുന്നവരാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്മല്ലായിരിക്കാം. അദ്ദേഹത്തെ അംഗീകരിക്കുന്നില്ലായിരിക്കാം. പക്ഷേ നിങ്ങള്‍ നിശബ്ദരായി ഇരിക്കുന്നുണ്ടെങ്കില്‍ അടിച്ചമര്‍ത്തലിനെ പിന്തുണയ്ക്കുന്നു എന്നാണ് അര്‍ഥം- സ്മൃതി ഇറാനി വിശദീകരിച്ചു. മഹാരാഷ്ട്ര സർക്കാർ പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദും ആരോപിച്ചു.

ഇന്റീരിയർ ഡിസൈനർ അൻവായ് നായ്കും അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബിനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. അർണബ് ഗോസ്വാമിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

റിപബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്‍റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. റിപബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്. സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയിലകപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

സംഭവത്തില്‍ അലിഭാഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. അന്‍വായ് നായിക്കിന്‍റെ മകളുടെ അപേക്ഷ പരിഗണിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഈ കേസിലാണ് അറസ്റ്റ്. ടിആർപി തട്ടിപ്പ്, പൊലീസ് സേനയെ അപകീർത്തിപ്പെടുത്തൽ ഉൾപ്പടെയുള്ള കേസുകളിലും റിപബ്ലിക്ക് ടിവിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS :

Next Story