Quantcast

ലവ് ജിഹാദ് ആരോപിച്ച് യു.പി പൊലീസ് എടുത്തത് 14 കേസ്: തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുന്നു

ലവ് ജിഹാദ് ഉണ്ട് എന്നതിന് തെളിവായി ആഗസ്റ്റ് 20 നാണ് യോഗി ആദിത്യനാഥിന്‍റെ മീഡിയ അഡ്‍വൈസര്‍ ഒരു വീഡിയോ ട്വീറ്റ് ചെയ്തത്. അതിന് ശേഷമാണ് യു.പി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത്അ ന്വേഷണം ആരംഭിച്ചത്.

MediaOne Logo

  • Published:

    7 Nov 2020 8:47 AM GMT

ലവ് ജിഹാദ് ആരോപിച്ച് യു.പി പൊലീസ് എടുത്തത് 14 കേസ്: തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുന്നു
X

മുസ്‍ലിം യുവാക്കള്‍ ഇതര മതസ്ഥരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം കഴിച്ച് മതംമാറ്റുന്നുണ്ടെന്ന ആരോപണം ബിജെപി-ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അതിനാല്‍ തന്നെ 'ലവ് ജിഹാദി'നെതിരെ നിയമം കൊണ്ടുവരുമെന്നതാണ് ഇന്ത്യയിലെ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറുകളുടെയെല്ലാം വാഗ്ദാനങ്ങള്‍ പോലും‍. ആരാണോ 'ലവ്ജിഹാദി'നൊരുങ്ങുന്നത് അവര്‍ അന്ത്യകര്‍മ്മങ്ങള്‍ക്കൊരുങ്ങിക്കൊള്ളൂ എന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലും ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍ ലവ് ജിഹാദ് എന്ന് പേരിട്ട് യുപി പൊലീസ് അന്വേഷണം ആരംഭിക്കുന്ന കേസുകളെല്ലാം പെട്ടെന്ന് തന്നെ അവസാനിക്കുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു‍.

രാജ്യത്ത് ലവ് ജിഹാദ് ഉണ്ട് എന്നതിന് തെളിവായി ആഗസ്റ്റ് 20 നാണ് യോഗി ആദിത്യനാഥിന്‍റെ മീഡിയ അഡ്‍വൈസര്‍ ഒരു വീഡിയോ ട്വീറ്റ് ചെയ്തത്. ശാലിനി യാദവ് എന്ന യുവതിയായിരുന്നു ആ വീഡിയോയിലുള്ളത്. അതിന് ശേഷമാണ് യു.പി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം ആരംഭിച്ചത്. യുപിയിലെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനായിരുന്നു അന്വേഷണചുമതല. ഹിന്ദു പെണ്‍കുട്ടികള്‍ ആരൊക്കെയാണ് മുസ്‍ലിം യുവാക്കളെ വിവാഹം കഴിച്ചത്, ആരൊക്കെയാണ് മുസ്‍ലിം യുവാക്കളുമായി പ്രണയത്തിലുള്ളത് എന്നായിരുന്നു അന്വേഷണം. 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, യോഗിയുടെ മീഡിയ അഡ്‍വൈസര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്നും, യു.പി പൊലീസ് രജിസ്റ്റര്‍ ചെയ്ത 14 കേസുകളില്‍ 7 കേസുകളിലും അന്വേഷണം അവസാനിപ്പിച്ചെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്യുന്നു.

തങ്ങളുടെ വിവാഹം, ഇഷ്ടപ്പെട്ട് പരസ്പര ധാരണയോടെയായിരുന്നുവെന്നും സുഖമായും സന്തോഷത്തോടെയുമാണ് തങ്ങളുടെ ജീവിതമെന്നും 'മുസ്‍ലിം ഭര്‍ത്താവും ഹിന്ദു ഭാര്യയും' ഏക സ്വരത്തില്‍ പറഞ്ഞതിനാലാണ്, അന്വേഷണമാരംഭിച്ച 14 കേസുകളില്‍ പകുതിയും രണ്ടുമാസത്തിന് ശേഷം, ഫയല്‍ ക്ലോസ് ചെയ്തതെന്ന് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ ഉദ്യോഗസ്ഥനായ വികാസ് പാണ്ഡെ പറയുന്നു. രജിസ്റ്റര്‍ ചെയ്ത 14 കേസില്‍ ബാക്കി 7 കേസുകളില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കേസ് അന്വേഷണം നടക്കുന്ന ഏഴ് കേസുകളില്‍ തന്നെ മൂന്ന് കേസുകളിലും സ്ഥിതി വ്യത്യാസമില്ലെന്ന് തങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞെന്ന് എന്‍ഡിടിവി പറയുന്നു. തങ്ങളെ വിവാഹം കഴിക്കാനോ മതം മാറാനോ മുസ്‍ലിമായ ഭര്‍ത്താവ് ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ലെന്ന് ഇതില്‍ രണ്ട് യുവതികളും പറയുന്നു. മൂന്നാമത്തെ ദമ്പതികള്‍ വിവാഹത്തിന് മുമ്പേ പരിചയമുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് വിവാഹിതരായതെന്നും അയല്‍വാസികളും സാക്ഷ്യപ്പെടുത്തുന്നു.

ഇതില്‍ കാണ്‍പൂരില്‍ നിന്നുള്ള ശാലിനി യാദവിന്‍റെ കേസാണ് ലവ് ജിഹാദിന് തെളിവായി വലതുപക്ഷം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിക്കാണിച്ചത്. ശാലിനിയുടെ കേസായിരുന്നു യോഗി സര്‍ക്കാര്‍ ലവ് ജിഹാദിന് തെളിവായി ഉയര്‍ത്തിക്കാണിച്ചിരുന്നത്.

ഓഗസ്റ്റ് 7 നാണ് ശാലിനിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുന്നത്. കാണ്‍പൂരിന് സമീപമുള്ള ജുഹി കോളനിയിലെ മുഹമ്മദ് ഫൈസലെന്ന യുവാവ് തോക്കുചൂണ്ടി തന്‍റെ മകളെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയെന്നും തുടര്‍ന്ന് ഇസ്‍ലാമിലേക്ക് മതംമാറ്റിയെന്നും ഇപ്പോള്‍ മകളെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കുന്നും അവളെ മനുഷ്യക്കടത്തിന് ഇരയാക്കിയേക്കുമെന്നുമായിരുന്നു അമ്മയുടെ പരാതി.

അമ്മയുടെ പരാതി പുറത്ത് വന്ന് നാല് ദിവസത്തിന് ശേഷം, താന്‍ ഇസ്‍ലാം സ്വീകരിച്ചതും വിവാഹിതയായതും തന്‍റെ മാത്രം ഇഷ്ടത്തിന്‍റെ പുറത്താണെന്ന് വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോയുമായി ശാലിനി രംഗത്തെത്തി. ഈ വീഡിയോ പിന്നീട് വൈറലായിരുന്നു. ഡല്‍ഹി സെഷന്‍സ് കോടതിയിയിലും ഹൈക്കോടതിയിലും താനിക്കാര്യം ആവര്‍ത്തിച്ചതാണെന്നും ശാലിനി പറഞ്ഞു. എന്‍റെ തീരുമാനമായിരുന്നു ഇസ്‍ലാം എന്ന് അവള്‍ തങ്ങളോടും ആവര്‍ത്തിച്ചെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ പറയുന്നു.

എന്നാല്‍ ശാലിനിയുടെ അമ്മയായ സതറൂപ യാദവ്, മകളുടെ മതംമാറ്റത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിക്കുന്നു. പക്ഷേ, തന്‍റെ വാദത്തെ സമര്‍ത്ഥിക്കാന്‍ തക്ക തെളിവുകളൊന്നും അവരിലുണ്ടായിരുന്നില്ല. ഇതൊരു ലവ് ജിഹാദാണ്. അവള്‍ ആ കെണിയില്‍പ്പെടുമ്പോള്‍ അവള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇപ്പോള്‍ അവള്‍ക്ക് 22 വയസ്സുണ്ട്. പക്ഷേ, അവളെ ആരോ ഭീഷണിപ്പെടുത്തി അങ്ങനെ പറയിപ്പിക്കുകയാണ്- സതറൂപ യാദവ് പറയുന്നു. എല്ലാ മുസ്‍ലിംകളും അങ്ങനെയാണ് അവരുടെ ആരോപണത്തിന് തെളിവ് ചോദിച്ചപ്പോള്‍ അവരുടെ മറുപടി.

ശാലിനിയും ഫൈസലും

ഇപ്പോല്‍ ഫിസ ഫാത്തിമ എന്നാണ് ശാലിനിയുടെ പേര്. ഞാനിപ്പോള്‍ എംബിഎ കഴിഞ്ഞു. ഇത്രയും വിദ്യാഭ്യാസമുള്ള എന്നെ ആര്‍ക്കെങ്കിലും കടത്തിക്കൊണ്ടുപോകാന്‍ പറ്റുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ. എനിക്കെന്താ കാര്യങ്ങള്‍ വിവേചിച്ചറിയാനുള്ള കഴിവില്ലേ. ഞാനെന്താ ചെറിയ കുട്ടിയോ മറ്റോ ആണോ.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് ബ്രെയിന്‍വാഷ് ചെയ്യപ്പെടാനെന്നും ശാലിനിയെന്ന ഫിസ ഫാത്തിമ്മ ചോദിക്കുന്നു.

എന്തുകൊണ്ടാണ് ശാലിനി ഇസ്‍ലാമിലേക്ക് മാറിയത്, ഫൈസല്‍ എന്തുകൊണ്ട് ശാലിനിയുടെ വിശ്വാസം സ്വീകരിച്ചില്ല എന്ന ചോദ്യത്തിന്, താന്‍ അതിന് തയ്യാറായിരുന്നു എന്നായിരുന്നു ഫൈസലിന്‍റെ മറുപടി. രജിസ്ട്രര്‍ ഓഫീസറുടെ മുന്നിലെത്തിയപ്പോള്‍ ആരാണ് മതം മാറുന്നത് എന്ന ചോദ്യത്തിന് താനാണ് ആദ്യം കൈ ഉയര്‍ത്തിയത് എന്നും ഫൈസല്‍ പറയുന്നു. പക്ഷേ, ശാലിനി അത് അനുവദിച്ചില്ല. ഇസ്‍ലാം സ്വീകരിക്കണമെന്നത് അവളുടെ ആഗ്രഹമായിരുന്നുവെന്നും ഫൈസല്‍ പറയുന്നു.

പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസ് എക്‍താ വര്‍മ്മയുടേതായിരുന്നു. മുഹ്‍സിന്‍ എന്ന യുവാവിനെയായിരുന്നു എക്‍താ വിവാഹം ചെയ്തത്. ജുഹി കോളനി നിവാസിയായിരുന്നു മുഹ്‍സിനും. ഏക്‍തയുടെ പിതാവിന്‍റെ പരാതിയും ശാലിനിയുടെ അമ്മയുടെ പരാതിക്ക് തുല്യമായിരുന്നു. മൊഹ്‍സിന്‍ അടങ്ങുന്ന ജുഹി കോളനിയിലെ ഒരുപറ്റം യുവാക്കള്‍ തന്‍റെ മകളെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി എന്നായിരുന്നു എക്‍തയുടെ അച്ഛന്‍ ഹരി കിഷോര്‍ പസിയുടെ പരാതി. ഇത് ലവ് ജിഹാദാണെന്നും പരാതിയില്‍ ആക്ഷേപമുയര്‍ത്തി. എന്നാല്‍ താന്‍ മുഹ്‍സിനെ വിവാഹം കഴിച്ചതും മതം മാറിയതും തന്‍റെ ഇഷ്ടത്തിനാണെന്ന് എക്‍തയും പറയുന്നു. ആലിയ ഖാന്‍ എന്നാണ് എക്‍തയുടെ പുതിയ പേര്. ഹരി കിഷോറിന്‍റെ പരാതിയെ തുടര്‍ന്ന് മൊഹ്‍സിനെയും സുഹൃത്ത് ആമിറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മൊഹ്‍സിനെ പിന്നീട് വിട്ടയച്ചു. ആമിര്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്.

എക്‍ത

എന്തുകൊണ്ടാണ് മറ്റ് കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടും എക്‍തയുടെയും ശാലിനിയുടെയും കേസുകള്‍ ഇപ്പോഴും അവസാനിപ്പിക്കാത്തതെന്ന ചോദ്യത്തിന് ഈ യുവാക്കളെല്ലാം ഒരു പ്രദേശത്തുള്ളവരാണ് എന്നതാണ് പൊലീസ് പറയുന്ന കാരണം. എന്നാല്‍ ഒരു പ്രദേശത്താണ് താമസമെന്നതൊഴിച്ചാല്‍ ആര്‍ക്കും പരസ്പരം ബന്ധമില്ലെന്ന് പറയുന്നു എക്‍തയും ശാലിനിയും ഫൈസലും, ആമിറിന്‍റെ ഉമ്മയും.

തനിക്ക് ഭീഷണിയുണ്ടായിട്ടുണ്ടെന്നും അത് മതംമാറാന്‍ മുഹ്‍സിനില്‍ നിന്നല്ലായിരുന്നുവെന്നും, ബജ്റംഗദളില്‍ നിന്നാണെന്നും എക്‍ത പറയുന്നു. മുഹ്‍സിനെ ഉപേക്ഷിച്ചില്ലെങ്കില്‍, എന്നെ അവര്‍ തങ്ങള്‍ക്ക് തോന്നിയപോലെ ചെയ്യുമെന്നായിരുന്നു സംഘപരിവാറുകാരുടെ ഭീഷണിയെന്നും അവള്‍ പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ കാണ്‍പൂരില്‍ നിന്ന് വീട് വിട്ടിറങ്ങിയ 16കാരിയും അന്വേഷണ സംഘത്തിന്‍റെ പരിധിയിലുണ്ട്. സെപ്തംബറിലാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ പരാതി നല്‍കുന്നത്. അയല്‍വാസിയായ മുസ്‍ലിം യുവാവിനെതിരെയായിരുന്നു പരാതി. സഹോദരിയെ യുവാവ് തട്ടിക്കൊണ്ടുപോയെന്നും നിര്‍ബന്ധിച്ച് മതംമാറ്റി യുവാവിനൊപ്പം താമസിപ്പിച്ചിരിക്കുയാണെന്നും സഹോദരന്‍ ആരോപിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ സ്വന്തം കുടുംബത്തിനൊപ്പമാണുള്ളത്. തന്നെ യുവാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി ഇപ്പോള്‍ പറയുന്നത്.

പക്ഷേ, യുവാവിന്‍റെ കുടുംബവും അയല്‍വാസികളും അത് നിഷേധിച്ചു. ഇരുവരും വിവാഹം കഴിച്ചതാണെന്നും, വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിരുന്നുവെന്നതിന് രേഖകളുണ്ടെന്നും, പെണ്‍കുട്ടി വീട് വിട്ടിറങ്ങി വന്നത് സ്വന്തം ഇഷ്ടത്തിനായിരുന്നുവെന്നും ഇവര്‍ പറയുന്നു. പക്ഷേ, പിന്നീട് പെണ്‍കുട്ടിയുടെ ഒരു അമ്മായി ഇടയ്ക്ക് വീട്ടിലെ നിത്യ സന്ദര്‍ശകയായി എന്നും, അവരാണ് തന്‍റെ മരുമകളുടെ മനസ്സ് മാറ്റി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയതെന്നും യുവാവിന്‍റെ കുടുംബം പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ബംജ്റംഗദള്‍ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് അയല്‍വാസികളും ചൂണ്ടിക്കാട്ടി.

TAGS :

Next Story