Quantcast

ആമയെ പോലെയായിരുന്നു, കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളോട് എന്തുപറയും? കെജ്‍രിവാള്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി

സമയ ബന്ധിതമായി നടപടി സ്വീകരിക്കാതിരുന്നതിന് എതിരെയാണ് കോടതിയുടെ വിമര്‍ശനം.

MediaOne Logo

  • Published:

    19 Nov 2020 1:46 PM GMT

ആമയെ പോലെയായിരുന്നു, കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളോട് എന്തുപറയും? കെജ്‍രിവാള്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി
X

വീണ്ടും കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ കെജ്‍രിവാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. സമയ ബന്ധിതമായി നടപടി സ്വീകരിക്കാതിരുന്നതിന് എതിരെയാണ് കോടതിയുടെ വിമര്‍ശനം.

"നവംബര്‍ 1 മുതല്‍ തന്നെ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് നിങ്ങള്‍ കണ്ടതാണ്. ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയ ശേഷവും നിങ്ങള്‍ ആമയെ പോലെയായിരുന്നു. സ്ഥിതിഗതികള്‍ മോശമാകുന്നത് കണ്ടിട്ടും എന്തുകൊണ്ട് മയക്കം വിട്ട് എഴുന്നേറ്റില്ല?" എന്നാണ് ഡല്‍ഹി ഹൈക്കോടതി കെജ്‍രിവാള്‍ സര്‍ക്കാരിനോട് ചോദിച്ചത്.

"നവംബര്‍ 11ന് നിങ്ങളെ ഞങ്ങള്‍ മയക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പിച്ചു. നവംബര്‍ 1 മുതല്‍ 11 വരെ നിങ്ങള്‍ എന്തുചെയ്തു? വിവാഹഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ 18 ദിവസമെടുത്തു. ഈ സമയത്തിനിടെ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് അറിയുമോ? പ്രിയപ്പെട്ടവരെ നഷ്ടമായവരോട് നിങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയുമോ?"- ഡല്‍ഹി ഹൈക്കോടതി ചോദിച്ചു.

ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിന് പിന്നാലെയാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്. പരമാവധി ആളുകളുടെ എണ്ണം 200ല്‍ നിന്നും 50 ആയി കുറക്കുകയായിരുന്നു. മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും ഈടാക്കുന്ന പിഴ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താനുതകുന്ന വിധത്തില്‍ അല്ലെന്നും കോടതി നിരീക്ഷിച്ചു.

7486 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 131 മരണവും സ്ഥിരീകരിച്ചു.

TAGS :

Next Story